ADVERTISEMENT

ദുബായ്∙ തൊഴിലാളികളുടെ സേവനകാലാനുകൂല്യങ്ങൾ പുതിയ നിക്ഷേപ സംവിധാനത്തിലേക്കു നൽകുന്ന തൊഴിലുടമകൾ ആനുകൂല്യങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തരുതെന്ന് മാനവ വിഭവ മന്ത്രാലയം. വിഹിതം അടയ്ക്കുന്നതിൽ 30 ദിവസത്തിൽ കൂടുതൽ വൈകിയാൽ മുന്നറിയിപ്പ് ലഭിക്കും. 4 മാസം വരെ വൈകിയാൽ തൊഴിലുടമയ്ക്ക് പ്രതിമാസം 1000 ദിർഹം പിഴ വരും. തുക അടയ്ക്കുന്നതു വരെ സ്ഥാപനത്തിനു പുതിയ വീസ ലഭിക്കില്ല. തൊഴിലാളികളുടെ സേവനകാലാനുകൂല്യങ്ങൾ 14 ദിവസത്തിനകം നൽകണമെന്നാണ് നിയമം. 

എൻഡ് ഓഫ് സർവീസ് തുക നിക്ഷേപമാകും
എൻഡ് ഓഫ് സർവീസ് വഴി ഒരാൾക്ക് ലഭിക്കുന്ന തുക ഭാവിയിലേക്കുള്ള നിക്ഷേപമാക്കുന്ന പുതിയ സംവിധാനം നവംബറിലാണ് നിലവിൽ വന്നത്. തൊഴിലാളികൾക്ക് സേവനകാലാനുകൂല്യം ഉറപ്പാക്കുകയും പണപ്പെരുപ്പത്തിൽ നിന്നു രക്ഷിക്കുകയുമാണ് ലക്ഷ്യം. സ്ഥാപനം പാപ്പരായാലും തൊഴിലാളിയെ സുരക്ഷിതരാകാൻ സഹായിക്കുന്നതാണ് മന്ത്രാലയത്തിന്‍റെ പുതിയ ‘സേവിങ് സിസ്റ്റം’.

എത്ര തുക നിക്ഷേപിക്കാം? 
5 വർഷത്തെ സേവനം പൂർത്തിയാക്കിയ ഒരാളുടെ പ്രതിമാസ അടിസ്ഥാന വേതനത്തിന്റെ 5.83 ശതമാനമാണ് പദ്ധതിയിലേക്ക് നിക്ഷേപിക്കേണ്ടത്. അഞ്ച് വർഷം പിന്നിട്ട ജീവനക്കാരന്റെ പ്രതിമാസ വേതനത്തിലെ 8.33% നിക്ഷേപത്തിലേക്ക് നൽകാനാകും. ഓരോ മാസവും 15 ദിവസത്തിനുള്ളിൽ നിശ്ചിത തുക നിക്ഷേപ ഫണ്ടുകളിൽ ലഭിച്ചിരിക്കണം. 

മൊത്തം വേതനത്തിന്റെ 25 ശതമാനത്തിൽ കൂടുതൽ നിക്ഷേപ ഫണ്ടിലേക്ക് നൽകാൻ സാധിക്കില്ല. തൊഴിലുടമ വഴിയുള്ള നിക്ഷേപമായതിനാൽ തൊഴിൽ ബന്ധം അവസാനിച്ച് 14 ദിവസത്തിനകം നിക്ഷേപത്തുകയും വരുമാനവും തിരിച്ചുനൽകണമെന്നാണ് നിയമം. ആവശ്യമെങ്കിൽ നിക്ഷേപം തുടരാനും പിൻവലിക്കാനും തൊഴിലാളിക്ക് അവസരമുണ്ട്. മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയ മാനദണ്ഡങ്ങൾ പ്രകാരമാണ് പുതിയ പദ്ധതിയിലേക്കു തൊഴിലുടമ അപേക്ഷിക്കേണ്ടത്. നിർദിഷ്ട ചാനലുകൾ വഴിയുള്ള അപേക്ഷകൾ യുഎഇ സെക്യൂരിറ്റീസ് ആൻഡ് കമോഡിറ്റീസ് അതോറിറ്റിയുടെ അംഗീകാരമുള്ള നിക്ഷേപക ഫണ്ടിലാകണം.

നിക്ഷേപ പാക്കേജ് മൂന്നുതരം 
തൊഴിലാളികൾക്ക് മൂന്നുതരം നിക്ഷേപ പാക്കേജുകളുണ്ട്. നിക്ഷേപ മൂലധനത്തിന് കോട്ടം തട്ടാത്തതും ആയാസരഹിതവുമായ നിക്ഷേപ പദ്ധതികളാണ് മന്ത്രാലയം ആവിഷ്കരിച്ചിരിക്കുന്നത്. അവിദഗ്ധ തൊഴിലാളികളുടെ സേവനകാല തുക ഭദ്രമായ മൂലധനമായി നിക്ഷേപിക്കാം. 

വിദഗ്ധ തൊഴിലാളികൾക്ക് അവരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് വ്യത്യസ്ത നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാം. ഇസ്‌ലാമിക നിയമപ്രകാരം ഓഹരികൾ സ്വീകരിക്കുന്ന പദ്ധതിയിലും നിക്ഷേപിക്കാം. അംഗീകൃത ഫണ്ടുകളിൽ എൻഡ് ഓഫ് സർവീസ് തുക നിക്ഷേപിച്ച് സമ്പാദ്യം വർധിപ്പിക്കാനുള്ള പദ്ധതിയിൽ താൽപര്യമുള്ളവർക്ക് ചേരാനാകും.

English Summary:

First Warning, then Penalty for Late Payment of Workers' Service Benefits.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com