അബുദാബിയിൽ ഇനി സലാമ ആപ് സൗകര്യം സ്വകാര്യ സ്കൂളുകൾക്കും
Mail This Article
അബുദാബി ∙ വിദ്യാർഥികളുടെ യാത്ര നിരീക്ഷിക്കാൻ പുറത്തിറക്കിയ സലാമ ആപ്പിൽ സ്വകാര്യ സ്കൂളുകളെയും ഉൾപ്പെടുത്തി വിപുലീകരിച്ചു. ഇനി അബുദാബിയിലെ 672 സർക്കാർ, സ്വകാര്യ സ്കൂളുകളിലെയും വിദ്യാർഥികളുടെ യാത്ര തത്സമയം മാതാപിതാക്കൾക്കും അധ്യാപകർക്കും സ്മാർട്ട് ഫോണിലൂടെ അറിയാം.
സ്കൂളിൽ പോയ മക്കൾ എവിടെയെത്തി എന്ന ആശങ്കയ്ക്കും ഇതോടെ വിരാമമായി. പരീക്ഷണാർഥം ആരംഭിച്ച ആപ്പിന്റെ വിജയത്തെ തുടർന്നാണ് സേവനം മുഴുവൻ സ്കൂളുകളിലേക്കും വ്യാപിപ്പിച്ചതെന്ന് സംയോജിത ഗതാഗത കേന്ദ്രവും (ഐടിസി) നഗരസഭയും അറിയിച്ചു. സ്കൂൾ ബസുകളുടെ യാത്ര ഐടിസി ഉദ്യോഗസ്ഥരും നിരീക്ഷിക്കും. ഏതാനും നഴ്‌സറികളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബസിന്റെ സഞ്ചാരപാത സ്മാർട്ട് ഫോണിൽ കാണാനാകും. അടിയന്തര ഘട്ടങ്ങളിൽ ബസ് സൂപ്പർവൈസറുമായും സ്കൂൾ അധികൃതരുമായും ആശയവിനിയമം നടത്താനും ഇതുവഴി സാധിക്കും. ബസ് സ്കൂളിലും വീട്ടിലും എത്തുന്ന സമയം സലാമ ആപ് രക്ഷിതാക്കളെയും സ്കൂളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയും അറിയിക്കും. വീട്ടിൽനിന്ന് പുറപ്പെട്ട കുട്ടി സ്കൂളിൽ എത്തിയില്ലെങ്കിലും ക്ലാസ് കഴിഞ്ഞ് തിരിച്ച് യഥാസമയം വീട്ടിൽ എത്തിയില്ലെങ്കിലും രക്ഷിതാക്കൾക്ക് വിവരം ലഭിക്കും.
പ്രവർത്തനം ഇങ്ങനെ
വീടിനടുത്തുള്ള സ്റ്റോപ്പിൽനിന്ന് കുട്ടി കയറുമ്പോൾ സ്കൂളിൽ ഇറങ്ങുമ്പോഴും ഐഡി കാർഡ് സ്കാൻ ചെയ്യും. ഈ വിവരം യഥാസമയം രക്ഷിതാവിന്റെ മൊബൈൽ ഫോണിൽ എത്തും. ഇനി ബസ് ഗതാഗതക്കുരുക്കിൽപെട്ട് സ്കൂളിലോ വീട്ടിലോ എത്താൻ വൈകിയാൽ അക്കാര്യവും അറിയാനാകും.
മാതാപിതാക്കൾ, സ്കൂൾ അധികൃതർ, ബസ് ഓപ്പറേറ്റർമാർ, ബസ് ഡ്രൈവർമാർ, സൂപ്പർവൈസർമാർ എന്നിവരുടെ ഫോണുകൾ ആപ് വഴി ബന്ധിപ്പിച്ചാണ് വിവരങ്ങളുടെ കൈമാറ്റം. ബസിൽ യാത്ര ചെയ്ത കുട്ടികളുടെ എണ്ണം ഉൾപ്പെടെ ഓരോ ട്രിപ്പിന്റെയും വിശദാംശങ്ങളും ആപ്പിൽ ലഭിക്കും. ആപ്പിന്റെ പ്രവർത്തനം സംബന്ധിച്ച് അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലെ മുഴുവൻ ബസ് ജീവനക്കാർക്കും പരിശീലനം നൽകിയിട്ടുണ്ട്. ആപ്പിൾ/പ്ലേ സ്റ്റോറുകളിൽനിന്ന് സലാമ ആപ് ഡൗൺലോഡ് ചെയ്യാം.
പരാതിപ്പെടാം
ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെടാൻ 800 850 എന്ന ടോൾ ഫ്രീ നമ്പറുമുണ്ട്.