ജ്വല്ലറിയിൽ നിന്ന് കവർച്ച ചെയ്ത 8 ലക്ഷം ദിർഹം വിലമതിക്കുന്ന ആഭരണങ്ങൾ കടത്താൻ ശ്രമം; പിടികൂടി ഷാർജ പൊലീസ്
Mail This Article
ഷാർജ ∙ ഖോർഫക്കൻ നഗരത്തിലെ ജ്വല്ലറിയിൽ നിന്ന് കവർച്ച ചെയ്ത സ്വർണം കയറ്റുമതി ചെയ്യാനുള്ള ശ്രമം ഷാർജ പൊലീസ് പരാജയപ്പെടുത്തി. ഏകദേശം 8 ലക്ഷം ദിർഹം വിലമതിക്കുന്ന ആഭരണങ്ങൾ രാജ്യത്തെ ഒരു തുറമുഖത്തിലൂടെ കയറ്റി അയക്കുന്നതിന് മുൻപ് പൊലീസ് കണ്ടെടുക്കുകയായിരുന്നു.
ഖോർഫക്കാനിലെ ഒരു സ്വർണക്കടയിൽ രാത്രി വൈകി മോഷണം നടന്നതായി വിവരം ലഭിച്ചതനുസരിച്ച് പൊലീസ് വളരെ പെട്ടെന്ന് തന്നെ നടപടികളിലേയ്ക്ക് നീങ്ങി. കുറ്റകൃത്യം അന്വേഷിക്കാൻ ഒരു സുരക്ഷാ സംഘത്തെ രൂപീകരിക്കുകയും ചെയ്തു. ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ സംഘാംഗങ്ങളുടെ ഐഡൻ്റിറ്റി പുറത്തുകൊണ്ടുവരാൻ ടീമിന് കഴിഞ്ഞു. അവരെ പിടികൂടാനുള്ള നീക്കങ്ങളും ദ്രുതഗതിയിൽ നടന്നു. അന്വേഷണങ്ങളും തിരച്ചിൽ നടപടികളും മോഷ്ടിച്ച സ്വർണത്തിലേക്ക് നയിച്ചു. ഒരു തുറമുഖത്ത് ഷിപ്പിങ് കണ്ടെയ്‌നറിൽ ആയിരുന്ന തൊണ്ടിമുതൽ കണ്ടെടുത്തു. തുടർന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വ്യക്തികളോടും വാണിജ്യ സ്ഥാപന ഉടമകളോടും അവരുടെ സ്ഥാപനങ്ങൾ സുരക്ഷാ സംവിധാനങ്ങളോടെ സുരക്ഷിതമാക്കാനും സുരക്ഷാ സേവനങ്ങളുമായി സഹകരിക്കാനും ഷാർജ പൊലീസ് ആവശ്യപ്പെട്ടു. സമൂഹത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നവരെയും സംഘങ്ങളെയും ഉടനടി റിപോർട്ട് ചെയ്യാൻ സമൂഹത്തോട് അഭ്യർഥിച്ചു.
ഹോട്ട്ലൈൻ 999
അടിയന്തര സാഹചര്യങ്ങൾക്കുള്ള ഹോട്ട്‌ലൈൻ-999. സമൂഹത്തിന്റെ സുസ്ഥിരതയെ ഭീഷണിപ്പെടുത്തുന്ന ആരെയെങ്കിലും അല്ലെങ്കിൽ ഗ്രൂപ്പുകളെ ഉടൻ അറിയിക്കണമെന്ന് പോലീസ് കമ്മ്യൂണിറ്റി അംഗങ്ങളോട് അഭ്യർത്ഥിച്ചു.