ബാഡ്മിന്റൻ: സൗദിക്കുവേണ്ടി മലയാളി നേടിയത് 3 മെഡൽ
Mail This Article
റിയാദ് ∙ അറബ് ജൂനിയർ ആൻഡ് സീനിയർ ചാംപ്യൻഷിപ്പിൽ മലയാളി മികവിൽ സൗദി അറേബ്യയ്ക്ക് നേട്ടം. 15 രാജ്യങ്ങൾ പങ്കെടുത്ത ബാഡ്മിന്റൻ ടൂർണമെന്റിൽ സൗദിയെ പ്രതിനിധീകരിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശിനിയും റിയാദ് സ്കൂൾ വിദ്യാർഥിനിയുമായ ഖദീജ നിസ നേടിയ 3 മെഡലുകളാണ് ആതിഥേയർക്കു മികവ് സമ്മാനിച്ചത്. അണ്ടർ–19 മിക്സഡ് ഡബിൾസിൽ സ്വർണം, ഗേൾസ് ഡബിൾസിൽ വെള്ളി, സിംഗിൾസിൽ വെങ്കലം എന്നീ മെഡലുകൾ സ്വന്തമാക്കി, സൗദിയുടെ കായിക ചരിത്രത്തിൽ പുതിയ അധ്യായം ഖദീജ നിസ എഴുതിച്ചേർത്തു.
മിക്സഡ് ഡബിൾസിൽ സ്വദേശി യമസാൻ സൈഗും ഗേൾസ് ഡബിൾസിൽ അൽ ബതൂൽ അൽ മുതാരിയുമായിരുന്നു പങ്കാളികൾ. സൗദിയിൽ ജനിച്ചുവളർന്ന വിദേശികൾക്കും ദേശീയ ഗെയിംസിൽ പങ്കെടുക്കാമെന്ന നിയമമാണ് ഖദീജ നിസയ്ക്ക് തുണയായത്. ദേശീയ ഗെയിംസിൽ 2 തവണ സ്വർണം നേടിയ ഖദീജ 2023ൽ സൗദിക്കുവേണ്ടി 8 രാജ്യാന്തര മത്സരങ്ങളിൽ നിന്നായി 2 സ്വർണം ഉൾപ്പെടെ 10 മെഡലുകൾ കരസ്ഥമാക്കിയിരുന്നു. റിയാദിൽ ജോലി ചെയ്യുന്ന കൊടുവള്ളി കൂടത്തിങ്കൽ ലത്തീഫ്– ഷാനിദ ദമ്പതികളുടെ മകളാണ്.