മരുഭൂമിയിൽ പൊന്ന് വിളയിച്ച് മലയാളിയുടെ ഓഫിസ് വളപ്പിലെ കൃഷി; ഏറ്റെടുത്ത് പ്രവാസലോകം
Mail This Article
അബുദാബി ∙ പരിമിതികളെ തോൽപിച്ച് മരുഭൂമിയിൽ ജൈവകൃഷിയുടെ പ്രചാരകനാകുകയാണ് കാസർകോട് ഒഴിഞ്ഞവളപ്പ് സ്വദേശിയും അബുദാബി മുസഫ ഷാബിയ 12ലെ വാച്ച്മാനുമായ ടി.കെ.അബ്ദുൽ ഷുക്കൂർ. ഇത്തിരി സ്ഥലത്ത് ഒത്തിരി കൃഷി ചെയ്ത് 100 മേനി വിളയിക്കുന്നതിനൊപ്പം ഇവിടെ ഉൽപാദിപ്പിച്ച പച്ചക്കറികളും വിത്തുകളും സൗജന്യമായി വിതരണം ചെയ്ത് മലയാളികളെയും മറുനാട്ടുകാരെയും കൃഷിയിലേക്ക് ആകർഷിക്കുകയാണ് അദ്ദേഹം. ജോലി ചെയ്യുന്ന കെട്ടിടത്തിലെ താമസക്കാർക്കും അയൽവാസികൾക്കും വഴിയാത്രക്കാർക്കുമെല്ലാം ഷുക്കൂറിന്റെ കൃഷിത്തോട്ടത്തിലെ ഫലങ്ങൾ പറിച്ചെടുക്കാം. ജൈവ പച്ചക്കറിയുടെ സ്വാദ് അറിഞ്ഞവർ അടുത്ത വിളവ് പാകമാകുന്നതും കാത്തിരിക്കും.
തക്കാളി, പച്ചമുളക്, പയർ, അമര, ചീര, വെണ്ട, വഴുതന, വെള്ളരി, പാവയ്ക്ക, മത്തൻ, കുമ്പളം, പടവലം, കോവയ്ക്ക, കറിവേപ്പില, വാഴ, മാവ്, കപ്പ, മുരിങ്ങ, തുളസി, കന്നിക്കൂർക്ക, ഞൊട്ടോഞൊടിയൻ (മുട്ടാമ്പുള്ളി) തുടങ്ങിയവ ഇവിടെയുണ്ട്. കാർഷിക കുടുംബാംഗമായ ഷുക്കൂറിന്റെ കൃഷിപാഠമാണ് മരുഭൂമിയിലെ പ്രതികൂല കാലാവസ്ഥയിലും തഴച്ചുവളരുന്നത്. നാട്ടിൽനിന്ന് ഗുണമേന്മയുള്ള വിത്തുകൾ കൊണ്ടുവന്നാണ് കൃഷി. ഇത്തവണ നാട്ടിൽ പോയി വരുമ്പോൾ 2000 രൂപയ്ക്കുള്ള വിത്ത് വാങ്ങിയാണ് വന്നത്. നാട്ടിൽ വിളയുന്നതെല്ലാം ഇവിടെയും ഉൽപാദിപ്പിക്കാം. എങ്കിലും നാടൻ വെള്ളരിയാണ് കൂടുതൽ ഫലം തന്നതെന്നും അദ്ദേഹം പറയുന്നു.
സ്പോൺസർ ഫാത്തിമ അലി സഈദും കെട്ടിടത്തിലെ താമസക്കാരും നൽകുന്ന പിന്തുണ കൂടുതൽ പരീക്ഷണത്തിന് പ്രേരിപ്പിക്കുന്നതായി ഷുക്കൂർ പറയുന്നു. വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവർ നാട്ടിൽപോയി വരുമ്പോൾ വിത്തും ചെടികളുമെല്ലാം എത്തിക്കുന്നു. തൃശൂർ സ്വദേശിയായ ഡോക്ടർ ദമ്പതികൾ നൽകിയ വാഴക്കന്നാണ് ഇപ്പോൾ വളർന്നുനിൽക്കുന്നത്.
കെട്ടിടത്തിനു മുന്നിൽ കുറച്ചുസ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് അൽഐനിൽനിന്ന് കൃഷിക്ക് അനുയോജ്യമായ ചുവന്ന മണ്ണ് ഇറക്കിയായിരുന്നു പരീക്ഷണം. വിജയിച്ചതോടെ ഇരുവശങ്ങളിലേക്കും കൃഷി വ്യാപിപ്പിച്ചു. ഒരിക്കൽ കനത്ത മഴയിൽ മണ്ണ് ഒലിച്ചുപോയപ്പോൾ വീണ്ടും മണ്ണിറക്കാൻ താമസക്കാരണ് സഹായിച്ചത്.
സജീവ രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തകനായ ഷുക്കൂറിന് കൃഷിയും മീൻപിടിത്തവുമാണ് ഒഴിവുസമയത്തെ വിനോദം. അധികൃതരുടെ അനുമതി ലഭിച്ചാൽ തൊട്ടടുത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തുകൂടി കൃഷി ചെയ്യാൻ താൽപര്യമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. തങ്ങളുടെ കെട്ടിടത്തിൽ പച്ചക്കറി തോട്ടം ഒരുക്കി തരുമോ എന്ന് ചോദിച്ച് എത്തുന്നവരുമുണ്ടെന്ന് ഷുക്കൂർ പറയുന്നു. എന്നാൽ ജോലിക്കിടെ സാധിക്കാത്തതിനാൽ സൗജന്യ നിർദേശങ്ങളും വിത്തും നൽകി പ്രോത്സാഹിപ്പിക്കും. ദിവസേന അരമണിക്കൂറെങ്കിലും കൃഷിക്കായി നീക്കിവച്ചാൽ വിഷരഹിത പച്ചക്കറി ഉൽപാദിപിക്കാമെന്നും അദ്ദേഹം പറയുന്നു.