ADVERTISEMENT

ദുബായ് ∙ വ്യാജ യാത്ര രേഖകളുമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നുപോകാമെന്ന് കരുതുന്നവർ ജാഗ്രത. അത്തരക്കാരെ നിഷ്പ്രയാസം വലയിലാക്കാൻ ജിഡിആർഎഫ്എയുടെ ഡോക്യുമെന്‍റ് എക്സാമിനേഷൻ സെന്‍ററിന് മിനിറ്റുകൾ മതി. ഈ സംവിധാനത്തിലൂടെ കഴിഞ്ഞ  വർഷം  യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് 1327 കൃത്രിമ യാത്രാ രേഖകളാണെന്ന്  ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ( ദുബായ് എമിഗ്രേഷൻ ) അറിയിച്ചു. വ്യാജരേഖ തിരിച്ചറിയാൻ സഹായിക്കുന്ന അത്യാധുനിക സംവിധാനങ്ങളാണ് ഇവരെ കുടുക്കിയത്. ഏത് രാജ്യത്തിന്‍റെ വ്യാജ പാസ്പോര്‍ട്ട് ആയാലും മറ്റു യാത്ര വ്യാജ രേഖകൾ ആയാലും ദുബായിൽ അവ പിടിക്കപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ പ്രവർത്തിക്കുന്ന ഡോക്യുമെന്‍റ് എക്സാമിനേഷൻ സെന്‍റർ വ്യാജ രേഖകൾ അതിവേഗം തിരിച്ചറിയുവാൻ സഹായിക്കുന്നുവെന്ന് കേന്ദ്രത്തിലെ മുഖ്യ ഉപദേഷ്ടാവ് അഖീൽ അഹമ്മദ് നജ്ജാർ പറഞ്ഞു. മുഴുവൻ രാജ്യങ്ങളുടെയും പാസ്പോർ‍ട്ട് ഡാറ്റാബേസ് ഈ സെന്‍ററിൽ ലഭ്യമാണ്. വ്യാജ റസിഡൻസി രേഖകളും വ്യാജ ലൈസൻസുകളും  തിരിച്ചറിയാനുള്ള സംവിധാനമുണ്ട്. പാസ്പോര്‍ട്ടിൽ ഏത് തരം കൃത്രിമം കാണിച്ച് ദുബായിൽ എത്തിയാലും അവർ പിടിയിലാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വ്യാജ പാസ്പ്പോർട്ടുകൾ  തിരിച്ചറിയുവാൻ പ്രത്യേകം   പരിശീലനം  ലഭിച്ച ഉദ്യോഗസ്ഥരാണ് സെന്‍ററിൽ ജോലി ചെയ്യുന്നത്. 

ദശലക്ഷക്കണക്കിന്   ആളുകൾ വർഷം തോറും ദുബായിലേക്ക് പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുന്ന സാഹചര്യത്തിൽ, പാസ്‌പോർട്ടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് അധികൃതരുടെ പ്രധാന ഉത്തരവാദിത്തമാണ്. കൃത്രിമ രേഖകൾ ഉപയോഗിച്ചുള്ള യാത്ര തടയുക എന്നതാണ് കേന്ദ്രത്തിന്‍റെ പ്രധാന ലക്ഷ്യം. കെട്ടിച്ചമച്ച  രേഖകൾ ഉപയോഗിക്കുന്നവരെ  പിടികൂടി വ്യാജ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് ദുബായിലേക്കുള്ള യാത്ര തടയുമെന്ന്  കേന്ദ്രത്തിന്‍റെ  അഖിൽ അഹമ്മദ് അൽ നജ്ജാർ വ്യക്തമാക്കി.

  ∙ വ്യാജരേഖ കണ്ടെത്താൻ മിനിറ്റുകൾ മാത്രം
യാത്രക്കാരുടെ പാസ്‌പോർട്ടുകളും മറ്റു യാത്രാ രേഖകളും യഥാർത്ഥമാണോ എന്ന് സംശയം തോന്നിയാൽ  ഏതാനും മിനിറ്റുകൾ കൊണ്ട് തന്നെ അതിന്‍റെ നിജസ്ഥിതി അറിയാൻ കഴിയും. പാസ്പോർട്ടുകൾക്ക് പുറമേ  യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുള്ള ഐഡന്‍റിറ്റി കാർഡുകൾ, റസിഡൻസ് കാർഡുകൾ, പ്രവേശന വീസകൾ എന്നിവയും വ്യാജമാണോ എന്ന് കണ്ടെത്താനും കൂടുതൽ സമയം വേണ്ട.

  ∙ 62 വിദഗ്ധരും അഡ്മിനിസ്ട്രേറ്റർമാരും 
62 വിദഗ്ധരും അഡ്മിനിസ്ട്രേറ്റർമാരും ഉൾപ്പെടുന്ന ഈ കേന്ദ്രത്തിൽ വ്യാജരേഖകൾ കണ്ടെത്തുന്നതിനുള്ള പരിശീലനങ്ങളും മറ്റും  ഉദ്യോഗസ്ഥർക്ക് നൽകുന്നുണ്ട്. യഥാർത്ഥ വിഷ്വലി മാറുന്ന ഫോമുകളെ (ഹോളോഗ്രാം) താരതമ്യം ചെയ്യുന്ന സോഫ്‌റ്റ്‌വെയറും പാസ്‌പോർട്ട് ഫോട്ടോകളിലെ മാറ്റങ്ങൾ കണ്ടെത്തുന്നതിനുള്ള 3ഡി സാങ്കേതികവിദ്യയും ഇവിടെ ഉപയോഗിച്ചുകൊണ്ട് വ്യാജന്മാരെ  അതിവേഗം തിരിച്ചറിയുവാൻ സഹായിക്കുന്നുവെന്ന് അഖിൽ അഹമ്മദ് അൽ നജ്ജാർ കൂട്ടിച്ചേർത്തു.

English Summary:

Dubai bolsters its defenses against forged documents with a new inspection center. In 2023, authorities intercepted 1,327 fake passports.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com