ഡി33 ലക്ഷ്യത്തിലേക്ക് ദുബായ്; ദുബായിലേക്ക് രാജ്യാന്തര സഞ്ചാരികൾ ഏറുന്നു
Mail This Article
ദുബായ് ∙ ആഗോള വിനോദസഞ്ചാര മേഖലയിൽ ദുബായ് മുൻനിരയിലേക്ക്. കഴിഞ്ഞ വർഷം ദുബായിൽ എത്തിയത് 1.71 കോടി രാജ്യാന്തര സഞ്ചാരികൾ. ലോകത്തിലെ ഏറ്റവും ഉയർന്ന ഹോട്ടൽ താമസ നിരക്കാണ് സുവർണ നഗരിയിൽ രേഖപ്പെടുത്തിയത് 77.4%. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്‌സിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹോട്ടൽ ശേഷി വർധിച്ച് 1.5 ലക്ഷത്തിലേറെ മുറികൾ. ദുബായ് സാമ്പത്തിക, വിനോദസഞ്ചാര വിഭാഗത്തിന്റെ കണക്കനുസരിച്ച് 2022ൽ 1.43 കോടി സഞ്ചാരികളാണ് എത്തിയത്. കോവിഡിനു മുൻപ് 2019ൽ 1.67 കോടിയും. ഒരുവർഷം മുൻപ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ദുബായ് സാമ്പത്തിക അജൻഡ ഡി33 ലക്ഷ്യം കാണുന്നതിന്റെ സൂചന കൂടിയാണിത്.
ബിസിനസിനും ടൂറിസത്തിനും ജോലി ചെയ്യാനും താമസിക്കാനും അനുയോജ്യമായ ലോകത്തെ മികച്ച 3 നഗരങ്ങളിൽ ഒന്നായി ദുബായിയെ മാറ്റുകയാണ് ലക്ഷ്യമെന്നും പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിച്ചത് എമിറേറ്റിലെ ടൂറിസം വികസനത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും സൂചിപ്പിച്ചു.