ADVERTISEMENT

അബുദാബി ∙ ഇന്ത്യയിലെ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി (യുഐഡിഎ) ആധാർ (എൻറോൾമെന്റ്, അപ്‌ഡേറ്റ്) നിയമങ്ങളിൽ മാറ്റം വരുത്തി. ഇന്ത്യയിൽ താമസിക്കന്നവർക്കും രാജ്യത്തിന് പുറത്ത് താമസിക്കുന്നവർക്കും (പ്രവാസികൾ) പ്രത്യേക ഫോം അവതരിപ്പിച്ചു. യുഐഡിഎ അനുസരിച്ച് ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുന്നതിനും എൻറോൾ ചെയ്യുന്നതിനുമുള്ള മുഴുവൻ പ്രക്രിയയും എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ മാർഗനിർദ്ദേശങ്ങൾ എന്ന് അധികൃതർ പറഞ്ഞു.

നേരത്തെ ആധാറിന്  അപേക്ഷിക്കാൻ പ്രവാസികൾ യോഗ്യരായിരുന്നില്ല. എന്നാൽ ഇപ്പോൾ ഏതെങ്കിലും ആധാർ കേന്ദ്രത്തിൽ ആധാർ കാർഡിന് അപേക്ഷിക്കാൻ അർഹതയുണ്ട്. 2016 - ലെ നിയമം അനുസരിച്ച് ആധാർ കാർഡ് ഉടമയ്ക്ക് അവരുടെ വിലാസം ഓൺലൈനായി മാത്രമേ അപ്‌ഡേറ്റ് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. മറ്റേതെങ്കിലും വിശദമായ അപ്‌ഡേറ്റിനായി  അടുത്തുള്ള എൻറോൾമെന്റ് കേന്ദ്രം സന്ദർശിക്കേണ്ടതുണ്ടായിരുന്നു.

∙ പ്രവാസികൾക്ക് ആധാർ കാർഡ് ആവശ്യമുണ്ടോ?
ഓരോ ഇന്ത്യൻ പൗരനും ആധാർ കാർഡിൽ എൻറോൾ ചെയ്യേണ്ടത് നിർബന്ധമാണ്. ഇന്ത്യയിൽ ഒരു സാമൂഹിക സുരക്ഷാ നമ്പർ പോലെ പ്രവർത്തിക്കുന്ന ആധാർ കാർഡ് പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.

∙ പുതുക്കിയ ആധാർ നിയമം
പുതിയ നിയമം അനുസരിച്ച്, ഏറ്റവും അടുത്തുള്ള ആധാർ സേവാ കേന്ദ്രം സന്ദർശിച്ച് അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ വഴിയും യുഐഡിഎ  വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം. ആധാർ കാർഡ് വിവരങ്ങൾ ഇപ്പോൾ സെൻട്രൽ ഐഡന്റിറ്റി ഡേറ്റ് റിപ്പോസിറ്ററി (സിഡിആർ)യിലും അപ്ഡേറ്റ് ചെയ്യാം.

∙ ആധാർ കാർഡ് എൻറോൾമെന്റിനായുള്ള പുതിയ ഫോമുകൾ
ആധാർ എൻറോൾമെന്റിനും ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുമായി നിലവിലുള്ള ഫോമുകൾക്ക് പകരമായി പുതിയ ഫോമുകൾ പുറത്തിറക്കി. താമസക്കാരുടെയും അല്ലാത്തവരുടെയും ആധാർ കാർഡ് എൻറോളിനായി ഫോം 1 ഉപയോഗിക്കണം.  (18 വയസ്സും അതിൽ കൂടുതലും പ്രായമുള്ളവർ, ഇന്ത്യയിലെ വിലാസത്തിൻ്റെ തെളിവുകൾ സഹിതം). ഒരേ ഫോം ഉപയോഗിച്ച് ഒരേ ഗ്രൂപ്പ് ആളുകൾക്ക് അവരുടെ ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ കഴിയും.

ഫോം 2 -ഇന്ത്യയ്ക്ക് പുറത്ത് അഡ്രസ് പ്രൂഫ് ഉള്ള എൻആർഐകൾക്കുള്ളതായിരിക്കും. 5 വയസ്സിനും അതിനുമുകളിലും പ്രായമുള്ള, എന്നാൽ 18 വയസ്സിൽ താഴെയുള്ള (സ്ഥിര ഇന്ത്യൻ വിലാസമുള്ള താമസക്കാരനോ എൻആർഐയോ) കുട്ടികളെ എൻറോൾ ചെയ്യാൻ ഫോം 3 ഉപയോഗിക്കണം.

ഇന്ത്യയ്ക്ക് പുറത്തുള്ള വിലാസമുള്ള എൻആർഐ കുട്ടികൾക്കായി ഫോം 4 ഉപയോഗിക്കാം. 5 വയസ്സിന് താഴെയുള്ള താമസക്കാർക്കോ എൻആർ ഐ കുട്ടികൾക്കോ (ഇന്ത്യൻ വിലാസമുള്ളവർ) ഫോം 5 ഉപയോഗിക്കണം. 5 വയസ്സിന് താഴെയുള്ള എൻആർഐ കുട്ടികൾക്ക് (ഇന്ത്യയ്ക്ക് പുറത്തുള്ള വിലാസം ഉള്ളവർ) ഫോം 6 ഉപയോഗിക്കുക. 18 വയസ്സിന് മുകളിലുള്ള വിദേശ പൗരൻമാർക്ക് ഫോം 7 ഉപയോഗിക്കാം. ഈ വിഭാഗത്തിൽ ചേരുന്നതിന് വിദേശ പാസ്‌പോർട്ട്, സാധുതയുള്ള ദീർഘകാല വീസ എന്നിവ നിർബന്ധമാണ്. ഒരു ഇമെയിൽ ഐഡി ഉണ്ടായിരിക്കുകയും വേണം.

∙ 10 വർഷത്തിന് ശേഷം രേഖകൾ അപ്‌ഡേറ്റ് ചെയ്യണം
ഓരോ 10 വർഷം കൂടുമ്പോഴും ആധാർ രേഖ അപ്‌ഡേറ്റ് ചെയ്യുക, ആധാർ നമ്പർ ഉള്ളയാൾ ആധാർ നമ്പർ അനുവദിച്ച തീയതിക്ക് 10 വർഷത്തിന് ശേഷം അവരുടെ രേഖകൾ അപ്‌ഡേറ്റ് ചെയ്യണമെന്നും പുതിയ നിയമം പറയുന്നു. ആധാർ നമ്പറും രേഖകളും അപ്‌ഡേറ്റ് ചെയ്യുന്നത് ഓൺലൈനിലോ യുഐഡിഎ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ അല്ലെങ്കിൽ ആധാർ കേന്ദ്രത്തിൽ (എൻറോൾമെൻ്റ് സെൻ്റർ) നേരിട്ടോ ചെയ്യാം.

English Summary:

NRI"s Can Now Also Apply for Aadhaar Card

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com