നോർക്കയ്ക്ക് വീണ്ടും ദേശീയ അവാർഡ്
Mail This Article
ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികളെ ഒരുമിപ്പിക്കുന്നതിനായി നടത്തിവരുന്ന പ്രവർത്തനങ്ങൾ പരിഗണിച്ച് നോർക്ക റൂട്ട്സിന് ദേശീയ അവാർഡ്. രാജ്യ പുരോഗതിക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക്ക് ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സ്കോച്ച് അവാർഡിന് സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് അർഹമായി. തുടർച്ചയായ രണ്ടാം തവണയാണ് നോർക്കയെ തേടി സ്കോച്ച് അവർഡ് എത്തുന്നത്.
കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി ലോകമലയാളികളെ ചേർത്ത് പിടിച്ച് മുന്നേറുന്ന സമീപനമാണ് സംസ്ഥാന പ്രവാസികാര്യ വകുപ്പ് സ്വീകരിച്ച് വന്നത്. നോർക്ക റൂട്ട്സ് നിലവിൽ വന്ന ശേഷം നടപ്പാക്കിയ ഗ്ലോബൽ കോൺടാക്റ്റ് സെന്‍ററും വിശ്വമലയാളികളുടെ കൂട്ടായ്മയായ ലോക കേരള സഭയും രാജ്യത്ത് മറ്റെങ്ങുമില്ലാത്ത പദ്ധതികളാണ്. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് നോർക്കയിൽ നിന്നും ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനും അവരുടെ പരാതികൾ അധികൃതരെ അറിയിക്കുന്നതിനുമായി രാജ്യാന്തര ടോൾ ഫ്രീ നമ്പരോടു കൂടിയ (1800 425 3939 ) ഗ്ലോബൽ കോൺടാക്റ്റ് സെന്ററാണ് പ്രവർത്തിച്ചുവരുന്നത്. 44 വിദേശ രാജ്യങ്ങളിൽ നിന്ന് 12 ലക്ഷത്തോളം പ്രവാസികളാണ് ഇതിനോടകം ഈ സേവനം പ്രയോജനപ്പെടുത്തിയിട്ടുള്ളത്.
കേരളീയരുടെ കൂട്ടായ്മയ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായുള്ള പൊതുവേദിയായിട്ടാണ് നോർക്ക റൂട്ട്സ് ലോക കേരള സഭയെ കാണുന്നത്. വ്യത്യസ്ത മേഖലകളിലുള്ള പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളും നടത്തിവരുന്നുണ്ട്. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും സാമ്പത്തിക പുനരേകീകരണത്തിനും സഹായകരമാകുന്ന പദ്ധതികൾകൾ നടപ്പാക്കിയതിനാണ് നോർക്കയ്ക്ക് കഴിഞ്ഞ വർഷത്തെ അവാർഡ് ലഭിച്ചത്.