സൗദിയിൽ കുറ്റകൃത്യങ്ങളുടെ ഫോട്ടോയും വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചാൽ കർശനനടപടി
Mail This Article
റിയാദ് ∙ വഴിയിൽ കാണുന്ന ഏതൊരു കാര്യവും ഫോട്ടോയെടുത്ത് സാമൂഹ മാധ്യമങ്ങളിൽ പോസ്റ്റാൻ നിൽക്കേണ്ട... പിന്നീട് ദുഖിക്കേണ്ടി വരും. സൗദിയിൽ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം കണ്ടാൽ അതിന്‍റെ ഫോട്ടോയും വിഡിയോയും ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചാൽ ശക്തമായ നിയമനടപടി നേരിടേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ സുരക്ഷാവക്താവ് തലാൽ അൽഷൽഹൂബ് മുന്നറിയിപ്പ് നൽകി. കുറ്റകൃത്യം ചിത്രീകരിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും സൈബർ കുറ്റകൃത്യമാണ്. ഒരു കുറ്റകൃത്യമോ ഒരു പ്രത്യേക സംഭവമോ ഫോൺവഴിയോ മറ്റോ ചിത്രീകരിക്കുകയാണെങ്കിൽ അത് സുരക്ഷാ അധികാരികൾക്ക് സമർപ്പിക്കുകയാണ് വേണ്ടത്. പൊലീസിന്‍റെ സുരക്ഷാ ഓപ്പറേഷൻസ് സെന്‍ററായ 911ലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിക്കാം. ഒരിക്കലും പോസ്റ്റുചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുത്. ഇങ്ങനെ ചെയ്യുന്നത് മാനനഷ്ടമായി കണക്കാക്കും.
ഇത്തരം നിയന്ത്രണങ്ങൾ ഫൊട്ടോഗ്രാഫിയിൽ മാത്രം ഒതുങ്ങുന്നില്ല മറിച്ച് സ്ഥാപനങ്ങളിലും സ്‌റ്റോറുകളിലും മാർക്കറ്റുകളിലും മറ്റിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറ (സി.സി.ടി.വി)കളുടെ റെക്കോർഡിങ്ങുകൾ പ്രസിദ്ധീകരിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഇത്തരം കൃത്യങ്ങൾ ചെയ്യുന്നവർ നിരീക്ഷണ ക്യാമറ നിയമം ലംഘിക്കുന്നതിനുള്ള പിഴകൾ അടക്കേണ്ടി വരും.