‘അഹ്‍ലൻ മോദി’; പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഒരുങ്ങി പ്രവാസിലോകം
Mail This Article
അബുദാബി ∙ ദ്വിദിന സന്ദർശനത്തിനായി നാളെ യുഎഇയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായും ചർച്ച നടത്തും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതും സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതും സംബന്ധിച്ച് ചർച്ച ചെയ്യും. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഏഴാം തവണ യുഎഇയിൽ എത്തുന്ന മോദിയെ വരവേൽക്കാൻ പ്രവാസികൾ വലിയ സമ്മേളനമാണ് ഒരുക്കുന്നത്. ‘അഹ്‍ലൻ മോദി’ എന്ന പരിപാടി നാളെ വൈകിട്ട് 4ന് സായിദ് സ്പോർട്സ് സിറ്റിയിൽ അരങ്ങേറും. ഇവിടെയെത്തുന്ന അറുപതിനായിരത്തിലേറെ പ്രവാസി ഇന്ത്യക്കാരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
വിശ്വാമിത്ര (ലോകത്തിന്റെ സുഹൃത്ത്) എന്ന പ്രമേയത്തിൽ വിവിധ സംസ്ഥാനങ്ങളുടെ തനതുകലകൾ ചേർത്ത് ആവിഷ്കരിച്ച കലാവിരുന്നിൽ മലയാളികൾ ഉൾപ്പെടെ എണ്ണൂറിലേറെ കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്. സംഘം ഇന്നലെ സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലെത്തി അന്തിമ പരിശീലനം പൂർത്തിയാക്കി. ഇന്ത്യയുടെയും യുഎഇയുടെയും ചരിത്രാതീത കാലത്തെ ബന്ധങ്ങളും പരിപാടികളിൽ നിറയും. ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ 150ലേറെ സംഘടനകൾ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
14ന് ദുബായ് മദീനത് ജുമൈറയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിൽ മോദി മുഖ്യപ്രഭാഷണം നടത്തും. ഉച്ചകോടിയിലെ 3 അതിഥിരാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. തുർക്കി, ഖത്തർ എന്നിവയാണ് മറ്റു അതിഥിരാജ്യങ്ങൾ. അന്നു വൈകിട്ട് ബിഎപിഎസ് ഹിന്ദു മന്ദിർ ഉദ്ഘാടനം ചെയ്യും. അബുദാബി അബൂമുറൈഖയിലെ കൾചറൽ ഡിസ്ട്രിക്ടിലാണ് അക്ഷർധാം മാതൃകയിലുള്ള ക്ഷേത്രം നിർമിച്ചിരിക്കുന്നത്.