നിയന്ത്രിത മരുന്ന് കൈവശം വച്ചതിന് സൗദി ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് മോചിതനായി
Mail This Article
ജിദ്ദ ∙ നിയന്ത്രിത മരുന്ന് കൈവശം വച്ചതിന് ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് മോചിതനായി. മലപ്പുറം തിരൂര്‍ ഓമച്ചപ്പുഴ സ്വദേശിയായ യുവാവാണ് 22 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം മോചിതനായത്. അബഹയില്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന ഇദ്ദേഹം ഉംറ ഗ്രൂപ്പിന്റെ ബസില്‍ ഉംറ നിര്‍വഹിക്കാനായി യാത്ര ചെയ്യുന്നതിടെ അല്‍ബാഹയില്‍ വച്ചാണ് പിടിയിലായത്.
നാര്‍കോട്ടിക് വിഭാഗത്തിന്റെ സ്‌പെഷ്യല്‍ സ്ക്വാഡ് ബസില്‍ നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന്റെ കൈവശം നാട്ടില്‍ നിന്ന് കൊണ്ടുവന്ന മരുന്ന് കണ്ടെത്തുകയായിരുന്നു. വേദന നിവാരണത്തിന് ഉപയോഗിക്കുന്ന മരുന്നാണിതെന്ന് അന്വേഷണ സംഘം മുന്‍പാകെ ഇദ്ദേഹം പറഞ്ഞുവെങ്കിലും അതു തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ കൈവശം ഇല്ലാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. കൈവശം ഉണ്ടായിരുന്നത് നാട്ടിലെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിച്ചിരുന്ന മരുന്നാണെന്ന് ലാബ് പരിശോധനയില്‍ തെളിയുകയും അതു പബ്ലിക് പ്രോസിക്യൂട്ടറെ ബോധ്യപ്പെടുകയും ചെയ്തതോടെയാണ് ഇദ്ദേഹത്തിന് മോചനം ലഭിച്ചത്.
എന്നാൽ ഉംറ യാത്രക്കിടെ പിടിയിലായ മറ്റൊരു തിരൂര്‍ സ്വദേശിയുടെ മോചനം ഇനിയും സാധ്യമായിട്ടില്ല. നാട്ടില്‍നിന്ന് മതിയായ രേഖകള്‍ സംഘടിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ഈ രേഖകള്‍ പബ്ലിക് പ്രോസിക്യൂഷന്‍ മുന്‍പാകെ ഹാജരാക്കി നിരപരാധിത്വം തെളിയിക്കാനായാല്‍ താമസിയാതെ ഇദ്ദേഹത്തിന്റെ മോചനം സാധ്യമാകും.