വലിയ തോൽവികൾ സംഭവിച്ചു; മുറിവുകൾ ഉണക്കാൻ ചെറിയ അടുക്കള ഉണ്ടാക്കി പീത്‌സ ഉണ്ടാക്കാൻ പഠിച്ചു: ഷാറുഖ് ഖാൻ
Mail This Article
ദുബായ് ∙ ദുബായിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിൽ താരമായി ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറുഖ് ഖാൻ. മൂന്നാം ദിവസമായ ഇന്ന് (ബുധൻ) രാവിലെയാണ് അദ്ദേഹം പങ്കെടുത്തത്. സിഎൻഎൻ ജേണലിസ്റ്റായ റിച്ചഡ് ക്വസ്റ്റുമായുള്ള അഭിമുഖത്തിൽ നർമഭാഷണത്തോടെ നിറഞ്ഞുനിന്ന ഷാറുഖ് ഉച്ചകോടിയിലെ വേറിട്ട മുഖമായി.
തന്റെ ബോളിവുഡിലെ 33 വർഷത്തെ സംഭവബഹുലമായ യാത്രയിലേയ്ക്ക് 58 കാരനായ താരം തിരിഞ്ഞുനോക്കി. സ്ഥിരോത്സാഹമാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്ന് ഷാറുഖ് പറഞ്ഞു. 'എന്റെ ജീവിതത്തിന്റെ തുടക്കത്തിൽ എനിക്ക് എന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടു, മരണത്തിൽ നിന്ന് ഒരു തിരിച്ചുവരവില്ലെന്ന് എനിക്ക് മനസ്സിലായി. നിങ്ങളുടെ ജീവിതത്തിന്റെ ഭൂരിഭാഗവും നിങ്ങൾത്തന്നെ നേടണം. ഞാൻ സ്ഥിരമായി എന്താണ് ചെയ്യുന്നതെന്ന് സ്വയം ചോദിക്കാൻ ശ്രമിക്കുന്നു. സിനിമകൾ റിലീസാകുന്ന ദിവസത്തിന് മുൻപ് മുംബൈയിലെ എന്റെ വീട്ടിൽ ഞാൻ രണ്ടര മണിക്കൂർ കൊണ്ട് ജോലികളെല്ലാം പൂർത്തിയാക്കും. ജീവിതത്തിന് പ്രതീക്ഷ നൽകുന്ന അവസാനങ്ങളുള്ള പ്രണയകഥകൾ എനിക്കും എന്റെ ആരാധകർക്കും ഏറ്റവും മികച്ചതായി അനുഭവപ്പെടുന്നു എന്ന തിരിച്ചറിവിലേക്ക് എത്തിയിരിക്കുന്നു. പക്ഷേ, പ്രണയം വിതയ്ക്കുന്ന ഒരു നടനാകാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഒരു ആക്ഷൻ ഹീറോ ആകാനാണ് ആഗ്രഹിച്ചിരുന്നത്. എന്റെ സിനിമകള്‍ പ്രതീക്ഷ നൽകുന്നതും സ്‌നേഹം പകരുന്നതുമാണ്. കൂടുതൽ ഇരുണ്ടതും നിരാശാജനകവുമായ സിനിമകൾ ആവശ്യമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.
പ്രതീക്ഷ നൽകാത്ത സിനിമകൾ ഇഷ്ടമല്ല. എന്തുകൊണ്ട് ഹോളിവുഡിലേക്ക് കടന്നില്ല എന്ന ചോദ്യത്തിന് ഒരിക്കലും ശ്രദ്ധേയമായ വേഷം വാഗ്ദാനം ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി. അമേരിക്കൻ, ഇംഗ്ലിഷ് സിനിമാ വ്യവസായങ്ങളിൽ നിന്നുള്ള പലരെയും എനിക്കറിയാം. പക്ഷേ ആരും എനിക്ക് നല്ല കഥാപാത്രത്തെ തന്നില്ല. ഞാൻ വളരെ മെലിഞ്ഞതാണോ എന്ന് ചിന്തിച്ചു. എനിക്ക് ‘സ്ലംഡോഗ് മില്യനയർ’ എന്ന ചിത്രത്തിൽ ഗെയിം അവതാരകന്റെ റോൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് വളരെ ചെറിയതാണെന്ന് തോന്നി നിരസിച്ചു. ഞാൻ സത്യസന്ധതയില്ലാത്തവനാണെന്ന് പിന്നീട് എനിക്ക് തോന്നി. ഒടുവിൽ ആ കഥാപാത്രത്തെ അനിൽ കപൂർ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു. ഹോളിവുഡ് ഇതിഹാസ കഥാപാത്രം ജയിംസ് ബോണ്ടായി അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഷാറുഖ് പറഞ്ഞു. ഞാൻ ഒരു ഇതിഹാസമല്ല. പക്ഷേ, ബോണ്ടാണ്, ജെയിംസ് ബോണ്ട്. എനിക്ക് ജെയിംസ് ബോണ്ടായി അഭിനയിക്കാൻ ഇഷ്ടമാണ്. പക്ഷേ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഞാൻ വളരെ ചെറുതാണെന്നാണൊരു സംശയം. മാത്രമല്ല, എനിക്ക് തവിട്ടുനിറവുമാണ്'
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 105-ലേറെ സിനിമകളിൽ അഭിനയിച്ച ഷാരൂഖ്, തന്റെ സിനിമകൾ തുടരെ പരാജയപ്പെട്ടപ്പോൾ നീണ്ട ഇടവേള എടുത്തു. 'സീറോ, 'ഫാൻ' എന്നിവ അഞ്ച് വർഷം മുൻപ് ബോക്‌സ് ഓഫീസ് പരാജയമായിരുന്നു. എനിക്ക് വലിയ തോൽവികൾ സംഭവിച്ചു. എന്റെ മുറിവുകൾ ഞാൻ തന്നെ ഉണക്കുകയായിരുന്നു. ഞാൻ ഇത് ആരോടും പറഞ്ഞിട്ടില്ല. എന്നാൽ ആ നാല് വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും മികച്ച പീത്‌സ എങ്ങനെ ഉണ്ടാക്കാമെന്ന് ഞാൻ പഠിച്ചു. ആ കാലത്ത് കഥകൾ കേൾക്കാനോ കഥ പറയാനോ മുതിർന്നില്ല. ഞാൻ സ്വയം ഒരു ചെറിയ അടുക്കള ഉണ്ടാക്കി പീത്‌സ ഉണ്ടാക്കാൻ പഠിക്കുകയായിരുന്നു. അങ്ങനെ ഒരു സ്ഥിരോത്സാഹിയായി ജീവിതപാഠങ്ങൾ പഠിച്ചു.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2023-ൽ 'പത്താൻ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് ഷാരൂഖ് തിരിച്ചുവന്നത്. തുടർന്ന് 'ജവാൻ', 'ഡൻകി' എന്നിവ ബോക്‌സ് ഓഫീസ് ബിസിനസ്സ് ഗംഭീരമാക്കി. സിനിമാ നടനെന്നതിനോടൊപ്പം സംരംഭകനെന്ന നിലയിലുമാണ് താരം ഉച്ചകോടിയിൽ പങ്കെടുത്തത്.