ADVERTISEMENT

ദുബായ്/അബുദാബി ∙ ദുബായിലെ പൊതുഗതാഗത യാത്രയ്ക്കുള്ള നോൽ കാർഡ് ഉപയോഗിച്ച് ഇത്തിഹാദ് റെയിലിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും പണം അടയ്ക്കാനും സംവിധാനം ഒരുക്കുന്നു. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഇത്തിഹാദ് റെയിലും ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയും (ആർടിഎ) ഒപ്പുവച്ചു. ദുബായ് ഒന്നാം ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഇത്തിഹാദ് റെയിൽ ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 

ദുബായ് മെട്രോ നടത്തിപ്പിൽ ഒന്നര പതിറ്റാണ്ടിന്റെ മികവാണ് ആർടിഎയുമായി ധാരണാപത്രം ഒപ്പുവയ്ക്കാൻ ഇത്തിഹാദ് റെയിലിനെ പ്രേരിപ്പിച്ചത്. ദുബായിൽ സമാപിച്ച ലോക സർക്കാർ ഉച്ചകോടിയിലാണ് ധാരണാപത്രം ഒപ്പുവച്ചത്. സംയോജിതവും ഉപഭോക്തൃ സൗഹൃദവും കാര്യക്ഷമവുമായ ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുക എന്നതാണ് സഹകരണത്തിന്റെ ലക്ഷ്യമെന്ന് ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. 

etihad-rail-introduces-integrated-ticketing-with-nol-cards-dubai-rta

സ്മാർട്ട് സാങ്കേതിക വിദ്യകൾ നടപ്പാക്കുന്നതിൽ ആർടിഎയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുമെന്ന് ഇത്തിഹാദ് റെയിൽ ചെയർമാൻ പറഞ്ഞു. ദുബായ് മെട്രോ 3 കോടി നോൽ കാർഡുകൾ ഇതിനകം വിറ്റു. നിലവിലെ കാർഡ് ഡിജിറ്റലാക്കാൻ നടപടി പുരോഗമിക്കുകയാണ്.

എമിറേറ്റുകൾ തമ്മിലുള്ള ദൂരം 40% വരെ കുറയും
ഇത്തിഹാദ് പാസഞ്ചർ റെയിൽ സർവീസ് എന്നു തുടങ്ങുമെന്ന് പ്രഖ്യാപിച്ചില്ലെങ്കിലും നടപടികൾ വേഗത്തിലാകുന്നതോടെ ഈ വർഷം തന്നെ യുഎഇയിൽ ഉടനീളം ട്രെയിനിൽ യാത്ര ചെയ്യാമെന്ന പ്രതീക്ഷയിലാണ് ജനം. സർവീസ് യാഥാർഥ്യമാകുന്നതോടെ വിവിധ എമിറേറ്റുകൾ തമ്മിലുള്ള യാത്രാസമയം 40% വരെ കുറയും. പരീക്ഷണാർഥം അബുദാബിയിൽനിന്ന് അൽദന്നയിലേക്ക് യാത്രാ ട്രെയിൻ ഓടിച്ചെങ്കിലും ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല.

മണിക്കൂറിൽ 200 കി.മീ വേഗം 
യുഎഇ–സൗദി അതിർത്തി പ്രദേശമായ സിലയിൽനിന്ന് ഫുജൈറയിലേക്ക് 11 നഗരങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതിയാണ് ഇത്തിഹാദ്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗമുണ്ടാകും. 2030ഓടെ വർഷത്തിൽ 3.65 കോടി പേർ ട്രെയിനിൽ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷ. 

English Summary:

Dubai RTA : Etihad Rail Introduces Integrated Ticketing with Nol Cards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com