തായിഫിൽ തേനീച്ച വളർത്തലിന് 'വമ്പൻ' മാർക്കറ്റ്; വിനോദസഞ്ചാരമേഖലയിലും കുതിച്ചുചാട്ടം
Mail This Article
ജിദ്ദ ∙ തായിഫിലെ സുഖകരമായ കാലാവസ്ഥ ഈ പ്രദേശത്തെ തേനീച്ച വളർത്തലിന് അനുയോജ്യമാക്കുന്നു. ഈ മേഖല വിനോദസഞ്ചാരത്തിൽ വൻ കുതിച്ചുചാട്ടമാണ് നടത്തുന്നത്. തായിഫിലെ ജനങ്ങൾ തലമുറകളായി തേനീച്ച വളർത്തലിൽ ഏർപ്പെടുന്നുണ്ട്.
നഗരത്തിൽ തേനും തേനീച്ചയിൽനിന്നുള്ള മറ്റ് ഉൽപന്നങ്ങളും വിൽക്കാൻ ഒരു പ്രതിവാര മാർക്കറ്റുണ്ട്. തായിഫിന്റെ, പൂച്ചെടികളാൽ സമൃദ്ധമായ താഴ്‌വരകളും മേച്ചിൽപ്പുറങ്ങളും മികച്ച ഗുണനിലവാരമുള്ള തേൻ ലഭിക്കാൻ സഹായിക്കുന്നെന്ന് തേനീച്ച കർഷകൻ അമിൻ അൽ അസ്രി പറഞ്ഞു. ഉയർന്ന ഗുണമേന്മയുള്ള തേൻ ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന വൈവിധ്യമാർന്ന മരങ്ങളും ചെടികളും തായിഫ് മേഖലയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തേനീച്ചക്കൃഷിയിലും തേൻഉൽപന്നങ്ങളിലും താൽപര്യമുള്ള സന്ദർശകരുടെ എണ്ണം തായിഫിൽ വർധിച്ചുവരികയാണ്. തേനീച്ചവളർത്തൽ, തേൻ വേർതിരിച്ചെടുക്കൽ, പലതരം തേനുകൾ എന്നിവയെക്കുറിച്ച് അറിയാനാണ് സന്ദർശകരിലേറെയും ഇവിടെയെത്തുന്നത്.