പ്രവാസ ലോകത്ത് ഇന്ത്യൻ സവാള കിട്ടാക്കനി; മലയാളികൾ ‘തട്ടിക്കൂട്ട്’ പാചകത്തിൽ
Mail This Article
ദുബായ് ∙ പ്രവാസ ലോകത്ത് ഇന്ത്യൻ സവാള കിട്ടാക്കനി. ഏറ്റവും അടുത്തുള്ള പാക്കിസ്ഥാനിലെ ഉള്ളി പോലും കിട്ടുന്നില്ലെന്ന പരാതിയാണ് ഇപ്പോൾ അടുക്കളയിൽ. തുർക്കിയിലെ ഉള്ളിക്കും മലയാളികളെ തൃപ്തിപ്പെടുത്താൻ കഴിയുന്നില്ല. വെള്ള സവാളയും പരദേശി സവാളയും വാങ്ങി തട്ടിക്കൂട്ട് പാചകത്തിലാണ് മലയാളികൾ. പോരാത്തതിന് പൊള്ളുന്ന വിലയും. ഒരു കിലോ സവാളയ്ക്ക് 6 – 12 ദിർഹമാണ് വില. നാട്ടിലെ കണക്കിൽ 135 – 270 രൂപ. തീവില കൊടുത്താൽ കിട്ടുന്നതോ, രുചിയില്ലാത്തവ. രണ്ട് ദിർഹത്തിന് ലഭിച്ചിരുന്ന സവാളയ്ക്കാണ് പൊന്നുംവില.
കേരള റസ്റ്ററന്റുകളും പ്രതിസന്ധിയിലാണ്. പഴയ രുചിയില്ലെന്ന പരാതിക്കു മുന്നിൽ, സവാളയില്ലെന്ന മറുപടി പറഞ്ഞു റസ്റ്ററന്റ് ഉടമകൾ മടുത്തു. തുർക്കി ഉള്ളി, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള വെള്ള സവാള എന്നിവയാണ് ഇപ്പോൾ വിപണിയിലുള്ളത്. ആഗോളതലത്തിൽ ഉള്ളിവില കൂടിയതിന്റെ ഫലമായാണ് ഇവിടെയും വിലവർധനയെന്ന് ദുബായിലെ പഴം-പച്ചക്കറി വ്യാപാര കൗൺസിൽ ചെയർമാൻ മുഹമ്മദ് അൽ ഷരീഫ് പറയുന്നു.
ഇറാൻ, തുർക്കി സവാളയ്ക്ക് വില കൂടിയതിനാൽ തുർക്ക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ഉള്ളി എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എല്ലാറ്റിനും കാരണം ഇന്ത്യൻ ഉള്ളിയുടെ വരവ് പാടെ നിലച്ചതും. കാർഗോ നിരക്കിലെ വർധനയും വില കൂട്ടി. ഇന്ത്യൻ സവാളയുടെ കയറ്റുമതിക്ക് നിയന്ത്രണമുള്ളതിനാൽ ബദൽ വഴികൾ തേടുകയാണെന്ന് ഇത്തിഹാദ് സഹകരണ സ്ഥാപനങ്ങളുടെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. ജനങ്ങൾക്ക് വിലക്കുറവിൽ ലഭ്യമാക്കാൻ കടകളിൽ വിവിധ രാജ്യങ്ങളുടെ വ്യത്യസ്ത തരം സവാള ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.