അബുദാബിയിൽ ഫ്ലവർ ഫാം തുറന്ന് സ്വദേശി യുവാവ്; കൃഷിയിൽ പ്രചോദനമായത് തൃശൂർ സ്വദേശി
Mail This Article
അബുദാബി∙ ഇതു യൂറോപ്പല്ല, യുഎഇയുടെ തലസ്ഥാനമായ അബുദാബി മുവൈലിഹിലെ മരുഭൂമിക്കു നടുവിൽ ഒരു ഫ്ലവർ ഫാം. മണലാരണ്യത്തിനു വസന്തകാലമൊരുക്കി അണിഞ്ഞൊരുങ്ങി നിൽക്കുന്നു. ഈ പുന്തോട്ടിന്റെ വർണവിസ്മയം ആഘോഷമാക്കുകയാണ് അബുദാബി നിവാസികൾ. വയലറ്റ്, പിങ്ക്, നീല, ഓറഞ്ച്, മഞ്ഞ, ചുവപ്പ്, വെള്ള, റോസ്, ക്രീം, ബ്രൗൺ തുടങ്ങി ഒട്ടേറെ വർണങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന പൂക്കൾക്കിടയിലൂടെ നടന്നുനീങ്ങുമ്പോൾ ഏതോ യൂറോപ്യൻ രാജ്യങ്ങളിൽ എത്തിയ പ്രതീതി.
യുവ കർഷകൻ അഹ്മദ് അബ്ദുല്ല അൽ മസ്റൂഇയാണ് യുഎഇയ്ക്ക് നിറവസന്തമൊരുക്കിയത്. അബുദാബി–ദുബായ് നഗരത്തിൽനിന്ന് 40 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ കൃഷിത്തോട്ടത്തിലെത്താം. ചുറ്റും ഏക്കർ കണക്കിന് പച്ചക്കറി തോട്ടത്തിനു നടുവിൽ ഒരു പൂന്തോട്ടം.
അഹ്മദ് അബ്ദുല്ലയെ കൃഷിയിലേക്ക് ആകർഷിച്ചത് 42 വർഷം കുടുംബാംഗത്തെ പോലെ കഴിഞ്ഞിരുന്ന തൃശൂർ വടക്കേക്കാട് സ്വദേശി കുഞ്ഞിമുഹമ്മദും. കുഞ്ഞിമുഹമ്മദിന്റെ കഠിനാധ്വാനം കണ്ടറിഞ്ഞ അഹ്മദ് അബ്ദുല്ല മണ്ണൊരുക്കലും വിത്തിടലും പറിച്ചുനടലും പരിപാലിക്കലുമെല്ലാം സ്വന്തം ചെയ്യും. സർക്കാർ ഉദ്യോഗസ്ഥനാണെങ്കിലും കർഷക കുടുംബത്തിലായതിനാൽ മണ്ണിനോട് ഇഴചേർന്നു നിൽക്കാനാണ് എന്നും ഇഷ്ടമെന്ന് അഹ്മദ് അബ്ദുല്ല മനോരമയോടു പറഞ്ഞു.
ഈ ഫ്ലവർ ഫാമിനെ കുറിച്ച് കേട്ടറിഞ്ഞവർ ഓടിയെത്തി ഫോട്ടോയും വിഡിയോയും എടുക്കുന്ന തിരക്കിലാണ്. കുടുംബസമേതം എത്തുന്നവരാണ് ഏറെയും. ഇതിൽ സ്വദേശികളും വിദേശികളുമെല്ലാം ഉണ്ട്. അബുദാബി, ദുബായ് നഗരത്തിൽനിന്ന് 40 കി.മീ സഞ്ചരിച്ചാൽ ഈ മനോഹര പൂന്തോട്ടത്തിലെത്താം. സൗന്ദര്യവും സൗരഭ്യവും സമ്മേളിക്കുന്ന ഇവിടെ എത്തിയവർ രാത്രി വൈകുംവരെ തങ്ങി പൂക്കളും പച്ചക്കറികളും വാങ്ങിയാണ് മടക്കം.
പബ്ലിക് റിലേഷനിൽ ബിരുദധാരിയായ അഹ്മദ് അബ്ദുല്ല വിദേശയാത്രയ്ക്കിടെ ഫ്ലവർ ഗാർഡൻ സന്ദർശിച്ചതോടെയാണ് പൂന്തോട്ട ആശയും മനസ്സിൽ ഉടക്കിയതെന്ന് മനോരമയോടു പറഞ്ഞു. വിവരം പിതാവ് അബ്ദുല്ല അൽ മസ്റൂഇയോട് അവതരിപ്പിച്ചപ്പോൾ അനുയോജ്യമായ സ്ഥലം നൽകി. പരീക്ഷണാർഥം കഴിഞ്ഞ വർഷം കുറച്ച് സ്ഥലത്ത് കൃഷി ചെയ്തതിൽനിന്ന് ലഭിച്ച ഊർജമാണ് 50,000 ചെടികൾ നട്ടുപരിപാലിക്കാൻ 38കാരനെ പ്രേരിപ്പിച്ചത്. ഇവിടെ എത്തുന്ന സന്ദർശകരുടെ മുഖത്തെ ആഹ്ലാദം ഈ രംഗത്ത് കൂടുതൽ പരീക്ഷണത്തിന് പ്രേരിപ്പിക്കുന്നതായി അഹ്മദ് പറയുന്നു. അടുത്ത വർഷം പൂകൃഷി വ്യാപിപ്പിക്കുമെന്നും പറഞ്ഞു.
വിദേശത്തുനിന്ന് വിത്തു കൊണ്ടുവന്ന് ഗ്രീൻഫാമിൽ വച്ച് പാകി കിളിർപ്പിച്ച ശേഷമാണ് തോട്ടം കിളച്ച് സജ്ജമാക്കി പൂചെടികൾ നടന്നത്. കർഷക കുടുംബത്തിലെ അംഗമായ അഹ്മദിന് എല്ലാം സ്വന്തമായി തന്നെ ചെയ്യാനാണിഷ്ടം. അതിനാൽ കിളക്കുന്നതു മുതൽ പരിപാലിക്കുന്നതിൽ വരെ ഈ യുവാവിന്റെ കൈയൊപ്പുണ്ട്. ഇല വിരിയുന്നതും പൂവിടുന്നതുമെല്ലാം കൊച്ചുകുട്ടിയുടെ കൗതുകത്തോടെ ആസ്വദിക്കുന്നു. സന്ദർശകർക്കായി ഓരോ പൂക്കളുടെയും പേരെഴുതിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
ഗ്ലാഡിയോലി, സ്നാപ്ഡ്രാഗൺ, സ്റ്റോക്ക്, ഡാറ, സ്റ്റാറ്റിസ്, സാൽവിയ, സ്കാബിയോസ, ഹാർഡി മംമ്സ്, വൈറ്റ് ഡിൽ, ലാർക്‌സ്‌പറുകൾ, ഹോളിഹോക്ക്‌സ്, ആസ്റ്ററേസി മുതൽ നമ്മുടെ സൂര്യകാന്തി വരെ ഇവിടെയുണ്ട്. ശരാശരി 60 സെന്റിമീറ്റർ ഉയരുമുള്ള ലാവെൻഡർ ബഹുവർണ കാഴ്ചയ്ക്കൊപ്പം സുഗന്ധവും പരത്തുന്നു. സർക്കാർ ജോലി കഴിഞ്ഞുള്ള സമയങ്ങളിലെല്ലാം അഹ്മദ് പൂന്തോട്ടത്തിലുണ്ട്. പ്രായാധിക്യത്താൽ 77കാരനായ കുഞ്ഞിമുഹമ്മദ് നാട്ടിലേക്കു മടങ്ങിയപ്പോൾ സഹായത്തിന് കൂടെ കൂട്ടിയത് പാക്കിസ്ഥാൻ സ്വദേശി അബ്ദുൽറഹ്മാനെ.
ഹോർട്ടികൾച്ചറിലുള്ള താൽപര്യം ചെറുപ്പം മുതലുണ്ടെന്നും പൂക്കൾ വലിയ ഇഷ്ടമാണെന്നും അഹ്മദ് പറഞ്ഞു. ബോസ്നിയയിൽ വീടുള്ള ഇദ്ദേഹം വിദേശ യാത്രാ വേളകളിലെല്ലാം വിവിധ പൂന്തോട്ടം സന്ദർശിക്കും. കൂടാതെ ഓൺലൈനിലും അവയെക്കുറിച്ച് മനസ്സിലാക്കിയാണ് പരീക്ഷണങ്ങൾ.
ഒക്ടോബറിൽ വിത്തിടും സാമാന്യം വലുപ്പമാകുന്നതോടെ തോട്ടത്തിൽ പറിച്ചുനടും. യുഎഇ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പൂക്കളാണ് തിരഞ്ഞെടുക്കുന്നത്. ജനുവരി മുതൽ മാർച്ച് അവസാനം വരെ മാത്രമേ ഈ പൂക്കളുടെ ആയുസ്സെങ്കിലും ഈ ബഹുവർണ കാഴ്ചകൾ അടുത്ത കൃഷിക്കുള്ള ഇന്ധനമായി മനസ്സ് നിറയ്ക്കുമെന്ന് അഹ്മദ് പറഞ്ഞു.
കണ്ട് ആസ്വദിക്കാനാണ് അവസരം ഒരുക്കിയതെങ്കിലും സന്ദർശകരുടെ നിർബന്ധത്തിനു വഴങ്ങി പൂക്കൾ പറിച്ചെടുക്കാനും അനുമതി നൽകി. കണക്കില്ലാതെ പറിക്കാതിരിക്കാൻ നിസ്സാര തുകയും (ഒരു തണ്ടിന് 3 ദിർഹം) നിജപ്പെടുത്തി. സന്ദർശകരുടെ എണ്ണം ക്രമാതീതമായപ്പോൾ 10 ദിർഹത്തിന്റെ പ്രവേശന ടിക്കറ്റും ഏർപ്പെടുത്തി.
യുഎഇയിൽ പലയിടങ്ങളിലും ഗ്രീൻ ഫാമിലാണ് കൃഷിയിറക്കുന്നതെങ്കിലും അഹ്മദ് തുറസ്സായ സ്ഥലത്താണ് കൃഷി ചെയ്തത്. ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങി മറ്റു രാജ്യങ്ങളിൽ സുലഭമായി വളരുന്നതും യുഎഇ കാലാവസ്ഥയ്ക്ക് അനുയോജ്യമായതുമായ സൂര്യകാന്തി ഉൾപ്പെടെ കൂടുതൽ സ്ഥലത്ത് പൂവിസ്മയം തീർക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. അബുദാബിയിൽ ഇത്തരത്തിലുള്ള ആദ്യത്തെ പൂന്തോട്ടമാണിത്. രാവിലെ 9 മുതൽ രാത്രി 8 വരെയാണ് പ്രവേശനം.