ADVERTISEMENT

ജിദ്ദ ∙ സൗദി സ്ഥാപകദിനത്തോടനനുബന്ധിച്ച് രാജ്യത്തുടനീളം വിപുലമായ ആഘോഷപരിപാടികൾ ആസൂത്രണം ചെയ്ത് സൗദി സാംസ്കാരിക മന്ത്രാലയം. ഫെബ്രുവരി 21 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ  സാംസ്കാരികവും ചരിത്രപരവുമായ ആഘോഷങ്ങളാണ് ഒരുക്കുന്നത്. 1727 -ൽ ഇമാം ബിൻ സൗദ് ആദ്യ സൗദി രാജ്യം സ്ഥാപിച്ചതിന്റെ അടയാളമായാണ് എല്ലാ വർഷവും ഫെബ്രുവരി 22 ന് സ്ഥാപകദിനം ആഘോഷിക്കുന്നത്.

സാംസ്കാരിക മന്ത്രാലയത്തിൻ ആഭിമുഖ്യത്തിൽ സൗദിയുടെ വിവിധ നഗരങ്ങളിൽ  വൈവിധ്യമാർന്ന സാംസ്കാരികവിരുന്ന് അവതരിപ്പിക്കും.  സ്ഥാപക രാത്രികൾ എന്നപേരിൽ  നടത്തുന്ന  പരിപാടിയാണ് പ്രധാന ആകർഷണം. ഫെബ്രുവരി 21, 22 തീയതികളിൽ റിയാദിലെ ബൊളിവാർഡ് സിറ്റിയിലെ അബൂബക്കർ സാലം സ്റ്റേജിൽ ഒരുക്കുന്ന സായാഹ്ന പരിപാടി കവിതയുടെയും സംഗീതത്തിന്റെയും ഗൃഹാതുരമായ യാത്രയാണ് സമ്മാനിക്കുക.

ചിത്രം: സൗദി സാംസ്കാരിക മന്ത്രാലയം
ചിത്രം: സൗദി സാംസ്കാരിക മന്ത്രാലയം

"സിംഫണി ഓഫ് ദി ബിഗിനിങ്" എന്ന മറ്റൊരു പരിപാടിയും ഫെബ്രുവരി 25, 26 തീയതികളിൽ ഇതേ വേദിയിൽ നടക്കും. പരമ്പരാഗത സൗദി വാദ്യോപകരണങ്ങളെ ആധുനികഉപകരണങ്ങളുമായി ലയിപ്പിച്ച് സംഗീതത്തിലൂടെ രാഷ്ട്രം സ്ഥാപിച്ചതിന്റെ കഥ പറയുന്ന ഓർക്കസ്ട്ര പരിപാടിയായാണ് ഇത് അവതരിപ്പിക്കുന്നത്.സൗദിയിലെ പ്രമുഖ കവികളും സംഗീതസംവിധായകരും ദേശീയ സംഗീത ബാൻഡും  വേദിയിൽ പ്രകടനം നടത്തും.

റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിൽ "ചരിത്രത്തിന്റെ പാത"  എന്ന പ്രദർശനം നടക്കും. ആകർഷകമായ 19 രംഗങ്ങളിലൂടെ 1727-ൽ സൗദിയുടെ തുടക്കം മുതൽ ഇന്നുവരെയുള്ള വളർച്ചയും പരിണാമവും പ്രദർശനത്തിൽ വിവരിക്കും. ഇതിൽ മൂന്ന് വ്യത്യസ്ത മേഖലകൾ അടങ്ങിയിരിക്കുന്നു - ദ ഗാതറിങ്, ദി ജണി, ദി സെലിബ്രേഷൻ. .

ഇതോടൊപ്പം രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ ഉയർത്തികാട്ടി  ഫെബ്രുവരി 22 മുതൽ 24 വരെ 14 സ്ഥലങ്ങളിൽ "സ്ഥാപക ഗ്രാമം" നടത്തുന്നുണ്ട്. സാംസ്കാരിക മന്ത്രാലയം നടത്തുന്ന പരിപാടികളുടെ ടിക്കറ്റുകൾക്കായി, സന്ദർശിക്കുക: https://dc.moc.gov.sa/home/ar/founding-day/

English Summary:

Saudi Foundation Day: Celebrations in the Country

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com