വീസ അപേക്ഷയ്ക്കൊപ്പം ആരോഗ്യ ഇൻഷുറൻസ് രേഖകൾ നൽകേണ്ട
Mail This Article
അബുദാബി∙ വീസ പുതുക്കുന്നതോടൊപ്പം ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഡിജിറ്റലായി അപ്‍ലോഡ് ചെയ്യുന്ന പദ്ധതിക്ക് അബുദാബിയിൽ നാളെ തുടക്കമാകും. നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി അതോറിറ്റി (ഐസിപി) അറിയിച്ചു. വീസ അപേക്ഷയോടൊപ്പം ആരോഗ്യ ഇൻഷുറൻസ് പോളിസി രേഖകൾ നൽകുന്നതായിരുന്നു നിലവിലെ രീതി.
പുതിയ തീരുമാനം അനുസരിച്ച് ആരോഗ്യ ഇൻഷുറൻസ് എടുക്കുകയും പുതുക്കുകയും ചെയ്യുന്ന മുറയ്ക്ക് ഡിജിറ്റലായി വ്യക്തിഗത ഫയലിൽ അപ്‍ഡേറ്റാവുന്നതിനാൽ പ്രത്യേകമായി രേഖ സമർപ്പിക്കേണ്ടതില്ല. യുഎഇയിലെ അംഗീകൃത ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന പോളിസികളെല്ലാം പദ്ധതി വഴി ഡിജിറ്റലാക്കിയതായി അതോറിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി പറഞ്ഞു. പൊതുജന സേവനം കൂടുതൽ എളുപ്പത്തിലും വേഗത്തിലും നൽകുന്നതിന്റെ ഭാഗമായാണ് പരിഷ്കാരമെന്നും പറഞ്ഞു. യുഎഇയിൽ അബുദാബിയിലാണ് ആദ്യമായി ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയത്.