127 രാജ്യങ്ങൾ, 1200 കോടി ഡോളറിന്റെ ബിസിനസ്; രുചിക്കൂട്ടുകളുടെ രാജകീയ സംഗമ വേദിയായി ‘ഗൾഫൂഡ്’
Mail This Article
ദുബായ് ∙ ഭക്ഷണ പാനീയങ്ങളുടെ രാജ്യാന്തര സമ്മേളനത്തിനു കൊടിയേറി. പരമ്പരാഗത വിഭവങ്ങൾ മുതൽ ഭാവിയുടെ രുചിക്കൂട്ടുകൾ വരെ അണിനിരക്കുന്ന അപൂർവ സംഗമം. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള രുചികളുടെ നീണ്ടനിരയാണ് ഗൾഫൂഡിന്റെ പ്രത്യേകത. എവിടെയും ചുടുന്നതിന്റെ, പൊരിക്കുന്നതിന്റെ, മൊരിയുന്നതിന്റെ മണം. മാംസ ഭക്ഷണത്തോടു കൊമ്പുകോർക്കാൻ സസ്യഭക്ഷണങ്ങളുമുണ്ട്.
127 രാജ്യങ്ങൾക്ക് മേളയിൽ സ്റ്റാളുകളുണ്ട്. അർമീനിയ, അസർബൈജാൻ, വെനസ്വേല എന്നീ രാജ്യങ്ങൾ മേളയിൽ ആദ്യമായാണ് പങ്കെടുക്കുന്നത്. 1200 കോടി ഡോളറിന്റെ ബിസിനസ് ആണ് ഈ ദിവസങ്ങളിൽ ഇവിടെ നടക്കുക. മസാലക്കൂട്ടുകൾ കൊണ്ട് അദ്ഭുതം തീർക്കുന്നവരും വിപണിയിലേക്ക് ഇറങ്ങാൻ വെമ്പുന്നവരും ഒരുപോലെ മാറ്റുരയ്ക്കുന്ന ഇടമാണിത്. 590 ദിർഹമാണ് പ്രവേശന ടിക്കറ്റിന്റെ നിരക്ക്. ആദ്യ ദിവസം തന്നെ ടിക്കറ്റുകൾ വിറ്റുതീർന്നുവെന്നു പറയുമ്പോൾ ഗൾഫൂഡിന്റെ സ്വീകാര്യത വ്യക്തമാകും. നഗരത്തിലെ ഹോട്ടലുകളെല്ലാം സന്ദർശകരാൽ നിറഞ്ഞിട്ടുണ്ട്. 140ലേറെ രാജ്യങ്ങളിൽ നിന്ന് ആളുകൾ സന്ദർശകരായി എത്തിയിട്ടുണ്ട്.
ഉദ്ഘാടന ദിവസം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉൾപ്പെടെയുള്ള വിഐപികൾ സന്ദർശകരായെത്തി. കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷനും ഇന്ത്യയിൽ നിന്നുള്ള വൻകിട കമ്പനികളും മേളയുടെ ഭാഗമാണ്.
വൻ തിരക്ക് കണക്കിലെടുത്ത് ആർടിഎ പാർക്കിങ് സ്ഥലങ്ങളിൽ നിന്നു ഷട്ടിൽ ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ദുബായ് വേൾഡ് ട്രേഡ് സെന്റർ ഏരിയയിലെ പാർക്കിങ് സ്ഥലം ഉപയോഗിക്കാം.
ഈസ്റ്റേൺ ഇനി ഓർക്കലയ്ക്ക് കീഴിൽ
കേരളത്തിന്റെ സ്വന്തം ഈസ്റ്റേൺ, നോർവീജിയൻ കമ്പനിയായ ഓർക്കലയ്ക്കു കീഴിൽ രാജ്യാന്തര വിപണി കീഴടക്കാൻ ഒരുങ്ങുന്നു. ഈസ്റ്റേണും എംടിആറും ഏറ്റെടുത്ത ഓർക്കല, ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ ബിസിനസ് വ്യാപനത്തിനായി ഐമിയ കമ്പനിക്ക് രൂപം നൽകിയിട്ടുണ്ട്. ദുബായ് ആയിരിക്കും ആസ്ഥാനം.
മാതൃകമ്പനി ഓർക്കലയാണെങ്കിലും ഈസ്റ്റേണിന്റെ ബ്രാൻഡ് നാമം മാറില്ലെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അശ്വിൻ സുബ്രഹ്മണ്യൻ പറഞ്ഞു. ഈസ്റ്റേൺ ഗൾഫ് രാജ്യങ്ങൾക്കായി പുറത്തിറക്കിയ കബ്സ മസാലയ്ക്ക് 10% വിൽപന വർധനയുണ്ടായി. ഇമറാത്തികൾ ലോക്കൽ ബ്രാൻഡ് പോലെ ഈസ്റ്റേണിനെയും സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. രാജ്യാന്തര ബിസിനസിൽ 70% മിഡിൽ ഈസ്റ്റിലാണ്. മേഖലയിലെ 20,000 കടകളിൽ ഓർക്കല ഉൽപന്നങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.