വില കൂടി; പ്രവാസ വിഭവങ്ങളിൽ നിന്ന് ഇന്ത്യൻ വെളുത്തുള്ളി പുറത്ത്, താരമായി ചൈനീസ് വെളുത്തുള്ളി
Mail This Article
അബുദാബി ∙ വില കുത്തനെ കൂടിയതോടെ, സവാളയ്ക്കു പുറമേ ഇന്ത്യൻ വെളുത്തുള്ളിയും പ്രവാസി വിഭവങ്ങളിൽ നിന്ന് പുറത്തായി. വെളുത്തുള്ളി കിലോയ്ക്ക് 654 രൂപ (28.95 ദിർഹം) ആണ് പ്രാദേശിക സൂപ്പർ മാർക്കറ്റുകളിലെ ഇന്നലത്തെ വില. വിവിധ ഷോപ്പുകളിൽ വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. ഉൾപ്രദേശങ്ങളിലെ ഒറ്റപ്പെട്ട കടകളിൽ 791 രൂപ വരെ (35 ദിർഹം) ഈടാക്കുന്നതായും റിപ്പോർട്ടുണ്ട്.
ഇത്തവണത്തെ കാലാവസ്ഥാ വ്യതിയാനം കാരണം ഇന്ത്യയിൽ സവാള, വെളുത്തുള്ളി ഉൽപാദനം വൈകിയിരുന്നു. ജൂണിൽ നട്ട്, വിളവെടുപ്പ് പൂർത്തിയാക്കി, സെപ്റ്റംബറിൽ വിപണിയിൽ എത്തേണ്ടിയിരുന്നവ ഇത്തവണ നവംബറിലാണ് ലഭിച്ചത്. മുൻപത്തെ പോലുള്ള വിളവും ഇക്കുറി ലഭിച്ചില്ല. അതോടെ, വില ക്രമാതീതമായി ഉയർന്നു. പ്രാദേശിക ലഭ്യത ഉറപ്പാക്കാൻ കയറ്റുമതി തീരുവ 40% വർധിപ്പിച്ചതും ഗൾഫിലെ സവാള, വെളുത്തുള്ളി വിലക്കയറ്റത്തിൽ പ്രതിഫലിച്ചു. സെപ്റ്റംബറിൽ ഉൽപാദനം തുടങ്ങി ജനുവരിയിൽ വിപണിയിൽ എത്തേണ്ട രണ്ടാംഘട്ട കൃഷിയുടെ വിളവ് ഇനി മാർച്ചിലേ എത്തുകയുള്ളൂ. അതിനാൽ അതുവരെ കൂടിയ നിരക്ക് തുടരുമെന്നാണ് സൂചന.
ഇന്ത്യൻ വെളുത്തുള്ളിയുടെ വില പൊടുന്നനെ ഉയർന്നതോടെ ചൈനീസ് വെളുത്തുള്ളിക്ക് ആവശ്യക്കാർ കൂടി. പിന്നാലെ അവയുടെ വിലയിലും നേരിയ വർധനയുണ്ടായി. കിലോയ്ക്ക് 271 രൂപയാണ് (12 ദിർഹം) ഇന്നലത്തെ വില. 2 ദിവസം മുൻപ് 226 രൂപയായിരുന്നു (10 ദിർഹം). ചൈനീസ് വെളുത്തുള്ളിയുടെ തൊലി കളയാൻ എളുപ്പമാണെങ്കിലും രുചിയും മണവും കുറവാണെന്ന് പ്രവാസികൾ പറയുന്നു.
ഇന്ത്യൻ ഇഞ്ചി ഒരു കിലോയ്ക്ക് 271 രൂപയാണ് വില. ചൈനയിൽ നിന്നുള്ള ഇഞ്ചിക്ക് 226 രൂപയും. പുതിയ സ്റ്റോക്ക് എത്തുന്നതോടെ വില കുറഞ്ഞേക്കും.