സൗദിയിൽ മന്ത്രിമാർക്കും ഇന്നത ഉദ്യോഗസ്ഥർക്കും മേൽവസ്ത്രം നിർബന്ധമാക്കി
Mail This Article
ജിദ്ദ ∙ ഏതാനും വിഭാഗങ്ങൾക്ക് മേൽവസ്ത്രം നിർബന്ധമാക്കി സർക്കുലർ പുറത്തിറക്കി. ദേശീയ വസ്ത്രമായ തോബിനു മുകളിൽ ധരിക്കുന്ന ബിശ്ത് മന്ത്രിമാർ, മന്ത്രി റാങ്കിലുള്ള ഉദ്യോഗസ്ഥർ, എക്‌സലന്റ് ഗ്രേഡിലുള്ള ഉദ്യോഗസ്ഥർ, അസിസ്റ്റന്റ് മന്ത്രിമാർ, മന്ത്രാലയ അണ്ടർ സെക്രട്ടറിമാർ, പതിനഞ്ചാം ഗ്രേഡിലും തത്തുല്യമായ ഗ്രേഡിലും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ, സ്വതന്ത്ര സർക്കാർ വകുപ്പ് മേധാവികൾ, ഉപമേധാവികൾ, പ്രവിശ്യാ ഗവർണർമാർ, ഡെപ്യൂട്ടി ഗവർണർമാർ, സബ്ഗവർണറേറ്റ് ഗവർണർമാർ, മർകസ് മേധാവികൾ, ഗവർണറേറ്റ് അണ്ടർ സെക്രട്ടറിമാർ എന്നിവർക്കാണ് ബിശ്ത് നിർബന്ധമാക്കിയിരിക്കുന്നത്.
ജോലി സ്ഥലങ്ങളിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും ബിശ്ത് ധരിക്കണം. ശൂറാ കൗൺസിൽ അംഗങ്ങൾ, ജഡ്ജിമാർ, പബ്ലിക് പ്രോസിക്യൂട്ടർമാർ, ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി പ്രോസിക്യൂഷൻ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർക്കും ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ബിശ്ത് നിർബന്ധമാക്കിയിട്ടുണ്ട്.
മുൻപരാമർശിച്ച വിഭാഗങ്ങളിൽ പെട്ട വനിത ഉദ്യോഗസ്ഥർ ദേശീയ വനിത വേഷം ധരിക്കലും നിർബന്ധമാണ്. ജീവനക്കാർ ബിശ്ത് ധരിക്കുന്നുണ്ടെന്ന് ഓരോ വകുപ്പുകളും ഉറപ്പുവരുത്തണം. ഇക്കാര്യത്തിൽ വരുത്തുന്ന വീഴ്ചകൾ മീഡിയ മന്ത്രാലയവും ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റിയും നിരീക്ഷിച്ച് കണ്ടെത്തി റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.