കമ്പനികൾക്ക് മുന്നറിയിപ്പുമായി ഹജ്, ഉംറ മന്ത്രാലയം; തീർഥാടകർക്കുള്ള ഭക്ഷണം വൈകിയാൽ നഷ്ടപരിഹാരം
Mail This Article
മക്ക ∙ ഈ വർഷം ഹജ് വേളയിൽ ഭക്ഷണം വിളമ്പാൻ വൈകിയാൽ തീർഥാടകർക്ക് നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് അംഗീകൃത സേവന കമ്പനികളോട് ഹജ്, ഉംറ മന്ത്രാലയം. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ തീർഥാടകർക്ക് ഭക്ഷണം വിതരണ സമയം മന്ത്രാലയം പ്രഖ്യാപിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
അറഫ ദിനത്തിൽ സുബ്ഹി നമസ്കാര ശേഷം മുതൽ രാവിലെ 10 വരെയാണ് പ്രാതലിന്റെ സമയം. ഉച്ചഭക്ഷണം 1.30 മുതൽ 3 വരെ. സന്ധ്യയ്ക്ക് അറഫയിൽ നിന്ന് പുറപ്പെടുന്ന തീർഥാടകർ മുസ്ദലിഫയിൽ എത്തുന്നതോടെ അത്താഴം നൽകണം. ദുൽഹജ് 8, 10, 11, 12, 13 തീയതികളിൽ പ്രഭാത ഭക്ഷണം രാവിലെ 5 മുതൽ 10 വരെ. ഉച്ച ഭക്ഷണം 1.30 മുതൽ 3.30, അത്താഴം രാത്രി 8:30 മുതൽ 11:30 വരെ.
അറഫ ദിനത്തിൽ ഭക്ഷണം വൈകിയാൽ പാക്കേജ് തുകയുടെ 5% നഷ്ടപരിഹാരമായി നൽകണം. പെരുന്നാൾ ദിനത്തിൽ (ദുൽഹജ് 10) ഉച്ചഭക്ഷണം വൈകിയാൽ പരമാവധി 300 റിയാലും പ്രാതലും അത്താഴവും വൈകിയാൽ പരമാവധി 200 റിയാലും നഷ്ടപരിഹാരം നൽകണം. മറ്റു ദിവസങ്ങളിൽ വൈകിയാൽ 3% (പരമാവധി 100 റിയാൽ വീതം) ആണ് നൽകേണ്ടത്. നിശ്ചിത ദിവസത്തിനകം നൽകിയില്ലെങ്കിൽ നഷ്ടപരിഹാര തുക ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.