അവധിദിനത്തിൽ ക്രിസ്തുരാജിനായി പ്രവർത്തിച്ച് എംബസി; വിമാനത്താവളത്തിൽ 'കുടുങ്ങിയ' ഇന്ത്യക്കാരന്റെ മടക്കം സുഡാനിയുടെ 'കാരുണ്യടിക്കറ്റിൽ'
Mail This Article
റിയാദ് ∙ കാലാവധി കഴിഞ്ഞ പാസ്പോർട്ടുമായി എത്തിയതിനെ തുടർന്ന് രണ്ട് ദിവസം റിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശി നാട്ടിലേക്ക് മടങ്ങി. സുഡാനിൽ നിന്ന് ബദർ എയർലൈൻസ് വിമാനത്തിൽ റിയാദ് വിമാനത്താവളത്തിലെത്തിയ ഗൂഡല്ലൂർ സ്വദേശി ക്രിസ്തുരാജാണ് പാസ്പോർട്ടിന് കാലാവധി കഴിഞ്ഞതിനെ തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങിയത്. ചെന്നൈയിലേക്ക് മടങ്ങുന്നതിനുള്ള കണക്ഷൻ ഫ്ളറ്റ് മാറികയറുന്നതിനാണ് ക്രിസ്തുരാജ് റിയാദിലെത്തിയത്.
പക്ഷേ കാലാവധി കഴിഞ്ഞ പാസ്പോർട്ടുമായി ഇന്ത്യയിലേക്കുള്ള യാത്ര തുടരാൻ മറ്റു വിമാനകമ്പനികളിൽ നിന്നും അനുവാദം ലഭിച്ചില്ല. കാലാവധി കഴിഞ്ഞ പാസ്പോർട്ടുമായി യാത്രചെയ്യാൻ അനുവദിച്ചാൽ ഏകദേശം 5000 ഡോളറോളം തുക പിഴ വിമാനകമ്പനിക്ക് മേൽ ചുമത്തപ്പെടുമെന്നതാണ് കാരണമായി പറഞ്ഞത്. എന്നാൽ അതാത് രാജ്യങ്ങളുടെ വിമാനകമ്പനികൾ ഇത്തരം സാഹചര്യമുള്ള സ്വന്തം രാജ്യത്തെ പൗരൻമാരെ പാസ്പോർട്ട് കാലാവധി കണക്കാക്കാതെ യാത്രചെയ്യാൻ അനുവദിക്കാറുണ്ട്. യാത്ര മുടങ്ങി വിമാനത്താവളത്തിൽ കുടുങ്ങിയ ഇയാളുടെ നിസ്സഹായവസ്ഥ തിരിച്ചറിഞ്ഞ വിമാനത്താവളത്തിലെ ഡ്യൂട്ടി മാനേജർമാർ സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാടിനെ ബന്ധപ്പെട്ടു സഹായം തേടി.
ഒരു വർഷമായി സുഡാനിലെ ഉൾപ്രദേശത്ത് ജോലി ചെയ്തു വരികയായിരുന്ന ക്രിസ്തുരാജിന് അഭ്യന്തര കലാപം കാരണം പാസ്പോർട്ട് പുതുക്കാനായിരുന്നില്ല. കാവേരി മിഷൻ മുഖാന്തരം ഇന്ത്യക്കാരെ സുഡാനിൽ ഒഴിപ്പിച്ചെങ്കിലും വിദൂര സ്ഥലത്ത് ജോലിചെയ്തിരുന്ന ക്രിസ്തുരാജിന് ദൗത്യത്തിലൂടെ നാട്ടിലേക്ക് മടങ്ങാൻ സാധിച്ചില്ല. ഇതിനിടയിൽ പാസ്പോർട്ടിന്‍റെ കാലാവധി കഴിഞ്ഞു. സുഡാനിലെ ആഭ്യന്തരകലാപത്തെ രാജ്യത്തെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം അവസാനിപ്പിച്ചതിനാൽ പാസ്പോർട്ട് പുതുക്കാനും സാധിച്ചില്ല.
സാമൂഹിക പ്രവർത്തകരിൽ നിന്നും സംഭവം അറിഞ്ഞ റിയാദ് ഇന്ത്യൻ എംബസിയുടെ പാസ്പോർട്ട് വിഭാഗം അതിവേഗം നടപടികൾ സ്വീകരിച്ചു. വെള്ളിയാഴ്ച അവധി ദിനമായിട്ടും കോൺസിൽ സെക്രട്ടറി നായികിന്‍റെ നേതൃത്വത്തിൽ അടിയന്തിരമായി പാസ്പോർട്ട് നൽകുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു. ക്രിസ്തുരാജിന്‍റെ കാലാവധി കഴിഞ്ഞ് പാസ്പോർട്ട് വിമാനത്താവളത്തിൽ നിന്നും ഇന്ത്യൻ എംബസിയിലേക്കും പുതിയ പാസ്പോർട്ട് ക്രിസ്തുരാജിന് എത്തിച്ചു കൊടുക്കുന്നതിനാവശ്യമായ ക്രമീകരണം ചെയ്യാൻ ബഷീർ കാരാളം, ഇഖ്ബാൽ അഹമ്മദ് ഹാജി എന്നിവരും ഒപ്പമുണ്ടായിരുന്നു.
സുഡാനിൽ തുച്ഛശമ്പളത്തിന് ജോലി ചെയ്തിരുന്ന ക്രിസ്തുരാജ് വെറും കൈയ്യോടെയാണ് നാട്ടിലേക്ക് മടങ്ങിയത്. നിശ്ചയിച്ച യാത്ര മുടങ്ങിയതോടെ പുതിയ ടിക്കറ്റ് വാങ്ങാനാവശ്യമായ സാമ്പത്തികമില്ലാതെ വിഷമിച്ച ക്രിസ്തുരാജിന് സുഡാൻ ബദർ എയർലൈൻസ് റിയാദ് എയർപോർട്ട് മാനേജറും സുഡാൻ സ്വദേശിയുമായ താരിഖാണ് ടിക്കറ്റ് വാങ്ങി നൽകിയത്. എയർപോർട്ടിനുള്ളിൽ ഇയാൾക്കാവശ്യമായ ഭക്ഷണകാര്യങ്ങൾക്കും താരിഖ് ക്രമീകരണം ചെയ്തിരുന്നു. ബദർ എയർലൈൻസ് എയർപോർട്ട് ടിക്കറ്റിങ് ഡപ്യൂട്ടി മനേജർ ഖാലിദ് സുഫിയാൻ ഇടപെട്ട് എയർ ഇന്ത്യയിൽ നിന്നും അടിയന്തിരമായി ടിക്കറ്റ് ലഭ്യമാക്കി. തടസം നീങ്ങിയതോടെ എല്ലാവർക്കും നന്ദി പറഞ്ഞ് പുത്തൻ പാസ്പോർട്ടിൽ മുംബൈ - ചെന്നൈ വിമാനത്തിൽ ക്രിസ്തുരാജ് നാട്ടിലെത്തി.
എംബസിയില്ലാത്ത സുഡാൻ പോലെയുള്ളയിടങ്ങളിൽ നിന്നും പാസ്പോർട്ട് കാലാവധി കഴിഞ്ഞ് യാത്രചെയ്യേണ്ടിവരുന്ന ഇന്ത്യക്കാർക്ക് ഏത് എയർലൈൻസിലാണെങ്കിലും നാട്ടിലേക്ക് മടങ്ങുന്നതിനായി പ്രത്യേക പരിരക്ഷ നൽകുന്ന വിധത്തിൽ രാജ്യാന്തര തലത്തിൽ ക്രമീകരണം ചെയ്യുന്നത് ഏറെ സഹായകമാവുമെന്ന് ശിഹാബ് കൊട്ടുകാട് അഭിപ്രായപ്പെട്ടു. എതാനും മാസങ്ങൾക്ക് മുൻപ് സുഡാനിൽ കുടുംബമായി കഴിഞ്ഞിരുന്ന ഹൈദരാബാദ് സ്വദേശി യുവതിയും സമാന സാഹചര്യമാണ് നേരിടേണ്ടി വന്നത്. തുടർന്ന് വിമാനത്താവള അധികൃതർ അറിയിച്ചതനുസരിച്ച ശിഹാബ് കൊട്ടുകാട് മുഖാന്തിരം ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ട് അടിയന്തിര പാസ്പോർട്ട് അനുവദിക്കുകയായിരുന്നു.തുടർന്നാണ് വിമാനത്താവളത്തിൽ കുടുങ്ങികിടന്ന യുവതിക്ക് ഹൈദരാബാദിലേക്ക് യാത്രചെയ്യാനായത്.