മസ്കത്ത് രാജ്യാന്തര പുസ്‌തക മേളയിൽ ഇതാദ്യമായി ഡി സി ബുക്സ്
Mail This Article
മസ്കത്ത്∙ മസ്കത്ത് രാജ്യാന്തര പുസ്‌തമേള 28–ാം പതിപ്പിൽ ചരിത്രത്തിൽ ഇതാദ്യമായി ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡി സി ബുക്സ് പങ്കെടുക്കുന്നു. പുസ്‌തക മേളയിൽ ഇന്ത്യയിൽ നിന്ന് നേരിട്ട് പങ്കെടുക്കുന്ന ആദ്യ പ്രസാധകർ എന്ന ബഹുമതിയാണ് ഡി സി ബുക്സ് സ്വന്തമാക്കിയത്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിൽ ഇന്നലെ തുടങ്ങിയ മേള മാർച്ച് 2 ന് സമാപിക്കും. ശനി മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ച വൈകീട്ട് 4 മുതൽ രാത്രി 10 വരെയുമാണ് പ്രവർത്തന സമയം. പ്രവേശനം സൗജന്യമാണ്.
1 എഫ് 19, 1 എഫ് 20 എന്നീ നമ്പറുകളിലുള്ള സ്റ്റാളുകളിൽ മലയാളത്തിലെ ഏറ്റവും പുതിയ നോവലുകൾ, കഥാസമാഹാരങ്ങൾ, കവിതകൾ, വൈജ്ഞാനിക കൃതികൾ, സഞ്ചാരസാഹിത്യ കൃതികൾ തുടങ്ങിയവ പ്രത്യേക നിരക്കിൽ ലഭ്യമാവുമെന്ന് ഡി സി ബുക്സ് അധികൃതർ അറിയിച്ചു. പ്രവാസ ലോകത്ത് നിന്നുള്ള എഴുത്തുകാരായ സാദിഖ് കാവിൽ, ഷീലാ ടോമി, സോണിയ റഫീഖ്, അനിൽ ദേവസ്സി തുടങ്ങിയവരുടെ ഡിസി പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ലഭ്യമാണ്. ഇംഗ്ലിഷ് ഭാഷയിലുള്ള പുസ്തകങ്ങളും സ്റ്റാളിൽ നിന്ന് ലഭിക്കും.
മസ്കത്ത് മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് ഒരു അംഗീകാരമാണെന്നും വരും വർഷങ്ങളിൽ സാഹിത്യ സംബന്ധമായ കൂടുതൽ പരിപാടികൾ നടത്തുന്ന കാര്യം പരിഗണിക്കുമെന്നും ഡി സി ബുക്സ് സി ഇ ഓ രവി ഡീസി പറഞ്ഞു. സാഹിത്യ തൽപരരായ ഒമാനിലെ പ്രവാസികൾക്ക് പ്രമുഖ എഴുത്തുകാരെ കാണാനും അവരുമായി സംവദിക്കാനും ഉള്ള അവസരം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.