ഗാസ വെടിനിർത്തൽ പ്രമേയം; അമേരിക്കയുടെ വീറ്റോ നടപടിക്കെതിരെ ലോകരാജ്യങ്ങളിൽ കടുത്ത പ്രതിഷേധം
Mail This Article
അബുദാബി/റിയാദ് ∙ ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ അൾജീരിയ അവതരിപ്പിച്ച പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തതിൽ ലോക രാജ്യങ്ങളിൽ പ്രതിഷേധം ശക്തം. 15 അംഗങ്ങളിൽ 13 പേരും പ്രമേയത്തെ പിന്തുണച്ചപ്പോൾ അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു. വോട്ടെടുപ്പിൽ നിന്ന് യുകെ വിട്ടുനിന്നു. ഉപാധിയില്ലാതെ വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് ഹമാസിന് ഗുണം ചെയ്യുമെന്നാണ് അമേരിക്കയുടെ നിലപാട്. അമേരിക്കയുടെ നടപടി അതീവ ദുഃഖകരമാണെന്ന് സൗദി വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
വോട്ടെടുപ്പ് ഫലത്തിൽ യുഎഇ കടുത്ത നിരാശ പ്രകടിപ്പിച്ചു. അമേരിക്കയുടെ നടപടി അപകടകരമാണെന്ന് യുഎന്നിലെ പലസ്തീൻ പ്രതിനിധി റിയാദ് മൻസൂർ പറഞ്ഞു. ചൈന, ഖത്തർ, ഫ്രാൻസ്, നോർവേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളും നടപടിക്കെതിരെ രംഗത്തുവന്നു. സാധാരണക്കാരെ സംരക്ഷിക്കാനുള്ള അവസരം വന്നിട്ടും എതിർപക്ഷത്താണ് അമേരിക്ക നിലയുപ്പിച്ചതെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ അഭിപ്രായപ്പെട്ടു.