നാളെയില്ല ചോറും കറികളും; പകരം വരും പ്രോബയോട്ടിക്കും പ്രോട്ടീനും: ഭാവി ഭക്ഷണരീതികളുമായി ഗൾഫൂഡ് ഇന്നുകൂടി
Mail This Article
ദുബായ് ∙ ഭക്ഷ്യലോകത്തെ ഏറ്റവും പുതിയ മാറ്റങ്ങൾ പരിചയപ്പെടുത്തുന്ന ഗൾഫൂഡിന് ഇന്ന് തിരശീല വീഴും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പ്രദർശനത്തിൽ ഇതിനകം ലക്ഷക്കണക്കിന് സന്ദർശകരാണ് എത്തിയത്. ഭക്ഷണ ശീലത്തിൽ നാളെയുണ്ടാകുന്ന മാറ്റങ്ങളെ ഇന്നേ അറിയാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സന്ദർശകർ എത്തി. ചോറും കറികളും കൂട്ടിയുള്ള പരമ്പരാഗത ഭക്ഷണം നാളെ അപ്രത്യക്ഷമായേക്കാം. പകരം, ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ ഏതാണോ അതുമാത്രം നൽകുന്നതാണ് നാളെയുടെ ഭക്ഷണരീതി. പ്രോബയോട്ടിങ് പാനീയങ്ങളും പ്രോട്ടീൻ സ്നാക്സും ഭാവി ഭക്ഷ്യ രീതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ശരീരത്തിന് ആവശ്യമുള്ള ബാക്ടീരിയകളാൽ നിർമിക്കുന്നതാണ് പ്രോബയോട്ടിക് പാനീയങ്ങൾ. വിപണിയിൽ സുലഭമായ പാനീയങ്ങൾ നാളെ സർവവ്യാപി ആയേക്കും. ഉൽപന്നങ്ങൾ വിപണിയിൽ പ്രചരിപ്പിക്കാൻ വ്യവസായ പങ്കാളികളെ തേടിയാണ് കമ്പനികൾ എത്തിയത്.
∙ ഹൽവ പോലെ അലിയും ജപ്പാന്റെ വാഗ്യു ബീഫ്
ഗൾഫൂഡിൽ വിവിധ കമ്പനികൾ എത്തിച്ച മാംസ ഇനങ്ങൾ കേട്ടാൽ കണ്ണുതള്ളും. ജപ്പാന്റെ വാഗ്യു ബീഫീന് ആരാധകർ ഏറെയാണ്. 3 മിനിറ്റിൽ താഴെ മാത്രം പാചക സമയം എടുക്കുന്ന ഇത് ഇറച്ചികളിലെ ഹൽവയാണ്. വായിലിട്ടാൽ അലിയും. ചേരുവകൾ കുറവ്. ചട്ടിയിലെ ചൂടിൽ തിരിച്ചും മറിച്ചുമിട്ടാൽ പാകമാകും. ബ്രസീൽ, ഓസ്ട്രേലിയ, യുഎസ്, യുകെ, നെതർലൻഡ്സ് എന്നിങ്ങനെ നീളുന്നു ഇറച്ചി വിൽപനക്കാരുടെ നിര. നെതർലൻഡ്സിലെ വിൽപനക്കാരുടെ കൈവശം ഇറച്ചിയും മൂല്യ വർധിത ഉൽപന്നങ്ങളും ചേർന്ന് 11000 ഇനങ്ങളുണ്ട്.
∙ വയനാട്ടിലെ ബീക്രാഫ്റ്റ് ഹണി
കേരളത്തിന്റെ സ്റ്റാളിൽ വയനാട്ടിലെ ബീക്രാഫ്റ്റ് ഹണിയുടെ സ്റ്റാളും ഡബിൾ ഹോഴ്സ്, പവിഴം തുടങ്ങിയവയുമുണ്ട്. രാജ്യത്തെ ആദ്യ തേനീച്ച മ്യൂസിയമാണ് വയനാട്ടിലെ ബീക്രാഫ്റ്റ്. ഇന്ത്യയിലെ ഏറ്റവും മികച്ച തേൻ ഇനങ്ങൾ വാങ്ങാം എന്നതിനൊപ്പം, തേൻ, തേനീച്ച എന്നിവയെ അടുത്തറിയാനുള്ള അവസരമാണ് ബീക്രാഫ് ഹണി ഒരുക്കുന്നതെന്ന് ഉടമ എം. ഉസ്മാൻ പറഞ്ഞു.
∙ ദിവസവും കഴിക്കാം ചിക്കൻ പ്രോട്ടീൻ സ്നാക്
യുക്രെയ്നിൽ നിന്നുള്ള ക്വാളിക്കോ കമ്പനി അവതരിപ്പിച്ചത് ചിക്കൻ പ്രോട്ടീൻ സ്നാക് ആണ്. ഒരു നേരത്തെ ഭക്ഷണത്തിനു തൂല്യമാണ് ഇവരുടെ 30 ഗ്രാം ചിക്കൻ പ്രോട്ടീൻ സ്നാക്. എണ്ണയോ മറ്റ് പ്രിസർവേറ്റീവുകളോ ചേർക്കാതെ ചിക്കന്റെ നെഞ്ചു ഭാഗം സംസ്കരിച്ചെടുക്കുന്നതാണ് ഇവരുടെ പാചക രീതി. മൂന്ന് ഫ്ലേവറുകളിൽ ലഭ്യമാണ്. ശരീരത്തിന് ദോഷകരമായ ഒരു ചേരുവയും ഇല്ലെന്നാണ് കമ്പനിയുടെ അവകാശം. ഭക്ഷണ ക്രമീകരണം നടത്തുന്നവർക്ക് ഈ സ്നാക് പ്രതിദിന ഡയറ്റിന്റെ ഭാഗമാക്കാമെന്നും കമ്പനി പറഞ്ഞു.