'അബദ്ധത്തിൽ കൈതട്ടി മരണം’; 16 വര്‍ഷമായ് വധശിക്ഷ കാത്ത് റിയാദ് ജയിലിൽ കഴിയുന്ന മലയാളിയുടെ മോചനത്തിന് വഴിയൊരുങ്ങുമോ?
Mail This Article
റിയാദ് ∙ കൊലക്കേസിൽപ്പെട്ട് 16 വര്‍ഷമായ് റിയാദ് ജയിലില്‍ കഴിയുന്ന മലയാളിയുടെ മോചനത്തിന് വഴിയൊരുങ്ങുന്നതായി സൂചന. 15 ദശലക്ഷം റിയാല്‍ (33 കോടി രൂപ) ദയാധനം ലഭിച്ചാല്‍ വധശിക്ഷ കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശിക്ക് മാപ്പ് നല്‍കാമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം സമ്മതിച്ചതായി സൗദി വിദേശകാര്യമന്ത്രാലയം റിയാദ് ഇന്ത്യന്‍ എംബസിയെ അറിയിച്ചു. ഇന്ത്യന്‍ എംബസി ഇക്കാര്യം റഹീമിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. രണ്ടു മാസത്തിനകം തുക കൈമാറണമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നതെന്ന് റഹീം സഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു.
സൗദി പൗരന്റെ മകന് അനസ് അല്‍ശഹ്രി കൊല്ലപ്പെട്ട കേസില്‍ കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ പരേതനായ മുല്ല മുഹമ്മദ് കുട്ടിയുടെ മകന് അബ്ദുറഹീമിനെയാണ് സൗദി കോടതി വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്. 2006 നവംബര്‍ 28 ന് 26-ാം വയസ്സിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വീസയില്‍ റിയാദിലെത്തിയത്. സ്പോണ്സര് ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന് അല്‍ശഹ്രിയുടെ മകന് ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. തലക്ക് താഴെ യാതൊരു ചലനശേഷിയുമില്ലാത്ത അവസ്ഥയിലായിരുന്നു അനസ്. ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത് കഴുത്തില്‍ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.
2006 ഡിസംബര്‍ 24 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അനസിനെയും കൂട്ടി റഹീം വാനില്‍ റിയാദ് ശിഫയിലെ വീട്ടില്‍ നിന്ന് അസീസിയിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകവേ സുവൈദിയിലെ ട്രാഫിക് സിഗ്നലില്‍ പ്രകോപനമൊന്നുമില്ലാതെ അനസ് വഴക്കിട്ടു. ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്തു പോകാന്‍ അനസ് ബഹളം വെച്ചു. നിയമലംഘനം നടത്താന്‍ ആവില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ അബ്ദുറഹീം വാഹനവുമായി അടുത്ത സിഗ്നലില്‍ എത്തിയപ്പോള്‍ അനസ് വീണ്ടും ബഹളം വെക്കാന്‍ തുടങ്ങി.
പിന്‍സീറ്റിലായിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ പിന്നോട്ട് തിരിഞ്ഞപ്പോള്‍ റഹീമിന്റെ മുഖത്തേക്ക് അനസ് പലതവണ തുപ്പി. തടയാനായി ശ്രമിച്ച അബ്ദുറഹീമിന്റെ കൈ അബദ്ധത്തില്‍ അനസിന്റെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടി. ഭക്ഷണവും വെള്ളവും നല്‍കാനായി ഘടിപ്പിച്ചിരുന്ന ഉപകരണത്തിലാണ് കൈ പതിച്ചത്. പിന്നീട് കുട്ടി ബോധരഹിതനാവുകയായിരുന്നു. പിന്നീട് യാത്ര തുടര്‍ന്ന റഹീം അനസിന്റെ ബഹളമൊന്നും കേള്‍ക്കാതെയായപ്പോള്‍ പന്തികേട് തോന്നി പരിശോധിച്ചപ്പോഴാണ് ചലനമറ്റ് കിടക്കുന്നതായി ബോധ്യപ്പെട്ടത്.
ഉടന്‍ മാതൃ സഹോദര പുത്രന് കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തി. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയ ഇരുവരും പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി റഹീമിനെയും നസീറിനെയും കസ്റ്റഡിയിലെടുത്തു. നസീര്‍ പത്ത് വര്‍ഷത്തിന് ശേഷം ജാമ്യത്തിലിറങ്ങി. റഹീം വധശിക്ഷ കാത്ത് അല്ഹായിര് ജയിലിലാണ് കഴിയുന്നത്. വിവിധ ഘട്ടങ്ങളിലായി മൂന്നു പ്രാവശ്യം കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. ആ വിധി ഇപ്പോഴും നിലനില്‍ക്കുകയാണ്. റിയാദിലെ വിവിധ സാമൂഹിക സംഘടന പ്രതിനിധികള്‍ ഉള്‍പ്പെട്ട നിയമസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.
ഇക്കാലയളവിനുള്ളില്‍ മൂന്നു സൗദി അഭിഭാഷകരെയാണ് സമിതി നിയോഗിച്ചത്. അലി മിസ്ഫര്‍, അബൂ ഫൈസല്‍ എന്നിവരെയായിരുന്നു ആദ്യം ചുമതലപ്പെടുത്തിയത്. ഇപ്പോള്‍ അലി ഖഹ്താനിയാണ് അഭിഭാഷകന്. സൗദി ഭരണാധികാരിക്ക് ദയാഹരജിയും നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായ യൂസുഫ് കാക്കഞ്ചേരിയും സഹായ സമിതി അംഗങ്ങളും നടത്തിയ നിരന്തര ഇടപെടലുകള്‍ കാരണമാണ് കുടുംബം മാപ്പിന് തയ്യാറായത്.