വാഹനങ്ങളുടെ ഒച്ചപ്പാടിന് ശിക്ഷ കടുപ്പിച്ച് അബുദാബി പൊലീസ്
Mail This Article
അബുദാബി ∙ പൊതു സുരക്ഷയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുംവിധം താമസ കേന്ദ്രങ്ങളിലെയും മറ്റും റോഡുകളിൽ ശബ്ദ മലിനീകരണമുണ്ടാക്കുന്ന വാഹന ഉടമകൾക്ക് കടുത്ത ശിക്ഷയുമായി അബുദാബി പൊലീസ്. യുവാക്കൾക്കിടയിൽ ഇത്തരം പ്രവണത വർധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇത്തരം ശബ്ദമലിനീകരണം താമസക്കാർക്കും മറ്റു വാഹനമോടിക്കുന്നവർക്കും പ്രത്യേകിച്ച് കുട്ടികൾ, രോഗികൾ, വയോധികർ എന്നിവർക്ക് അസ്വസ്ഥത ഉണ്ടാക്കുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
നഗരത്തിലെ തിരക്കിൽനിന്ന് മാറി മരുഭൂമിയിൽ സ്വസ്ഥമായി തമ്പടിക്കുന്നവർക്ക് സമീപവും ശബ്ദമലിനീകരണം ഉണ്ടാക്കരുതെന്നും ഓർമിപ്പിച്ചു. ശല്യപ്പെടുത്തുന്നവർക്കെതിരെ 999 നമ്പറിൽ പരാതിപ്പെടാം.
13,000 ദിർഹം പിഴ; 24 ബ്ലാക്ക് പോയിന്റ്
നിയമലംഘനത്തിനു 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. കൂടാതെ അനുമതിയില്ലാതെ വാഹനത്തിന്റെ എൻജിനിൽ മാറ്റം വരുത്തിയതിന് 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുമുണ്ട്. വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടും. ഇതു തിരിച്ചെടുക്കാൻ 10,000 ദിർഹം വേറെയും നൽകണം. 3 മാസത്തിനകം വാഹനം തിരിച്ചെടുത്തില്ലെങ്കിൽ ലേലത്തിൽ വിൽക്കും. ഒരു നിയമലംഘനത്തിന് മൊത്തം 13,000 ദിർഹം പിഴ നൽകണം.