ADVERTISEMENT

ദുബായ് ∙ സാഹിത്യത്തോടുള്ള സമീപനത്തിൽ മനുഷ്യന് മാറ്റങ്ങളുണ്ട‌ായിട്ടുണ്ടെന്നും അത് ദുഃഖിപ്പിക്കുന്ന കാര്യമാണെന്നും കേരള മുൻ ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ പറഞ്ഞു. വളരെ അലസതയോടെയാണ് ഇന്ന് പലരും വായിക്കുന്നത്. എന്നാൽ, വളരെ അഗാധമായി വായിക്കുന്ന  ചെറിയൊരു ശതമാനം ആൾക്കാരുമുണ്ട്. കവിതയെയും കവിയെയും കൊണ്ട് സമൂഹത്തിന് ചില ഗുണങ്ങളുണ്ടെന്നത് യാഥാർഥ്യമാണ്. മികച്ച ജോലിയുള്ള ഒരു കവി ശമ്പളവും വാങ്ങി സമാധാനത്തോടെ വീട്ടിലിരുന്നാൽ തന്നോട് തന്നെ നീതി പുലർത്തില്ല എന്ന തോന്നലുണ്ടാകുന്നതുകൊണ്ടാണ് കവിത എഴുതുന്നത്. അയാളെ സംബന്ധിച്ചിടത്തോളം താനനുഭവിച്ച ജീവിതാനുഭവങ്ങൾ, സമൂഹത്തിലെ മാറ്റങ്ങൾ തുടങ്ങിയവയൊക്കെ കണ്ടില്ല എന്ന് നടിക്കാനാവില്ല. ഇത്തരമൊരുപ്രഖ്യാപനം കൂടിയാണ് അയാൾ കവിതയിലൂടെ ചെയ്യുന്നതെന്നും ജയകുമാർ പറഞ്ഞു.

കവിതാ സമാഹാരത്തിന്റെ പ്രകാശന ചടങ്ങിൽ നിന്നും.
കവിതാ സമാഹാരത്തിന്റെ പ്രകാശന ചടങ്ങിൽ നിന്നും.

ഒരു ആപ്പ് കൈകാര്യം ചെയ്യുന്നതുപോലെ എളുപ്പത്തിലല്ല യഥാർഥത്തിൽ സാഹിത്യവും കവിതയും സംഭവിക്കുന്നത്. ആപ്പ് കൈകാര്യം ചെയ്യുന്നത് പോലെയുള്ള മനോഭാവത്തിലേക്ക് കവിതയെയും സാഹിത്യത്തെയും കൊണ്ടുപോകരുത്. ഒരു കവിത എഴുതുന്നതിന് മുൻപ് കവി അയാളുടേതായ ഉരുകലിലൂടെ കടന്നുപോയി വിശദമായ വാങ്മയങ്ങൾ കണ്ടുപിടിച്ച് അയാള്‍ക്ക് തൃപ്തിയാകുന്നതുവരെ മറിച്ചും തിരിച്ചും വെട്ടിയും ഹരിച്ചുമൊക്കെയാണ് കവിത രൂപപ്പെടുത്തുന്നത്. ഒരു കവിക്ക് പ്രായപൂർത്തിയായോ എന്നറിയണമെങ്കിൽ അയാളുടെ കവിതകളിലൂടെ സഞ്ചരിച്ചാൽ മതി. എന്നാൽ 40 വയസ്സു കഴിഞ്ഞവരും ഇന്ന് പ്രണയകവിതകളിൽ കുരുങ്ങിക്കിടക്കുകയാണ്. എന്താണ് ഇൗ കവിതയിലൂടെ കവി പറഞ്ഞുവച്ചിരിക്കുന്നത് എന്ന് മനസിലാക്കാനും ചിന്തിക്കാനുമുള്ള സമയം വായനക്കാരൻ കണ്ടെത്തണമെന്നും ദുബായിൽ കെ. ഗോപിനാഥന്റെ “കവിത പടിവാതിലില്ലാത്ത ഒരു വീടാണ്” എന്ന പുതിയ കവിതാ സമാഹാരത്തിന്റെ പ്രകാശനം നിർവഹിച്ച് അദ്ദേഹം പറഞ്ഞു.  കവി കമറുദ്ദീൻ ആമയത്തിനു ആദ്യപ്രതി നൽകിയായിരുന്നു പ്രകാശനം.

സദസ്സ്.
സദസ്സ്.

അതുല്യ രാജിന്റെ ഗാനാലാപനത്തോടെയാണ്  ചടങ്ങുകൾ ആരംഭിച്ചത്. ദീപ ചിറയിൽ, രാജേഷ്‌ചിത്തിര, രഘുനന്ദനൻ, നവാസ്, സോണി വേളൂക്കാരൻ എന്നിവർ കെ. ഗോപിനാഥന്റെ കവിതകളെ കുറിച്ചു  വിശകലനങ്ങൾ നടത്തി. ബാബുരാജ് ഉറവ, പി.അനീഷ, അവനീന്ദ്ര ഷിനോജ് എന്നിവർ കവിതകൾ ചൊല്ലി. ഗിരിജ വാര്യർ, മുരളിമംഗലത്ത്, ഇസ്മയിൽ മേലടി, സാദിഖ് കാവിൽ, ഷാജി ഹനീഫ്, രമേഷ് പെരുമ്പിലാവ്, ബഷീർ മുളിവയൽ, പ്രീതി രഞ്ജിത്, കെ.പി.റസീന, പ്രവീൺ പാലക്കീൽ  എന്നിവർ പ്രസംഗിച്ചു. കെ. ഗോപിനാഥൻ മറുപടി പറഞ്ഞു. ഹമീദ്‌ ചങ്ങരംകുളം അവതാരകനായ ചടങ്ങ് കാഫ് ദുബായ് ആണ് സംഘടിപ്പിച്ചത്.

English Summary:

Book Release "Kavitha Padivaathilillatha Oru Veedaanu"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com