'ചില മരണങ്ങൾ ഒരുപാട് ജീവിതങ്ങളെ കൊത്തി വലിക്കും'; ഭാര്യയും മക്കളും നാട്ടിൽ നിന്നു വന്ന ദിവസം പ്രവാസിക്ക് ദാരുണാന്ത്യം
Mail This Article
ഭാര്യയും മക്കളും നാട്ടിൽ നിന്നും എത്തിയ ദിവസം തന്നെ ലോകത്തോട് വിടപറഞ്ഞ പ്രവാസിയുടെ മരണം ഉള്ളുലയ്ക്കുന്നതായിരുന്നെന്ന് അഷ്റഫ് താമരശേരി. കഴിഞ്ഞ ദിവസമാണ് പ്രവാസിയുടെ ഭാര്യയും മക്കളും നാട്ടിൽ നിന്നും വന്നത്. ഇവർ എത്തിയ ദിവസം എല്ലാവരും ഒരുമിച്ചിരുന്ന് സന്തോഷത്തോടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് താമരശേരി പ്രവാസിയുടെ മരണം സംബന്ധിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു.
അഷ്റഫ് താമരശേരി പങ്കുവച്ച പോസ്റ്റിന്റെ പൂർണരൂപം:
പ്രവാസ ലോകത്ത് കഴിഞ്ഞ ദിവസം മരണപ്പെട്ട സഹോദരന്മാരിൽ ഒരാളുടെ അവസ്ഥ പറയാം. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും നാട്ടിൽ നിന്നും വന്നത്. ഏറെ സന്തോഷകരമായ നിമിഷങ്ങൾ കടന്ന് പോകവേ. ദുഖത്തിന്റെ ദൂതുമായി മരണത്തിന്റെ മാലാഖയെത്തി. കുടുംബം നാട്ടിൽ നിന്നും എത്തിയ അതേ ദിവസം എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ നെഞ്ച് വേദനയോടെ ഹൃദയഘാതത്തിന്റെ രൂപത്തിൽ ഇദ്ദേഹത്തെ മരണം പിടികൂടുകയായിരുന്നു. മരണം വാതിൽക്കലെത്തിയാൽ പിന്നെ കൂടെ പോവുകയല്ലാതെ മറ്റൊരു വഴിയും ഇല്ല. ഭാര്യയും മക്കളും നാട്ടിൽ നിന്നെത്തിയ സന്തോഷ നിമിഷങ്ങൾ എത്ര പെട്ടന്നാണ് ദുഖത്തിലേക്ക് വഴിമാറിയത്. ചില മരണങ്ങൾ ഇങ്ങനെയാണ് ഒരുപാട് ജീവിതങ്ങളെ കൊത്തി വലിക്കും. വല്ലാത്ത വേദനകൾ സമ്മാനിക്കും. സങ്കടക്കടൽ തീർക്കും.
നമ്മിൽ നിന്നും മരണപ്പെട്ട് പിരിഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ദൈവംതമ്പുരാൻ നന്മകൾ ചൊരിയുമാറാകട്ടെ. അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ.......