സ്നേഹവും സൗഹൃദവും പുതുക്കി ഗ്ലോബൽ നവോദയൻസ് യുഎഇ ചാപ്റ്റർ സംഗമം
Mail This Article
ദുബായ് ∙ നവോദയ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ ഗ്ലോബൽ നവോദയൻസ് യുഎഇ ചാപ്റ്ററിന്റെ സംഗമം ഷാർജയിൽ അരങ്ങേറി. കശ്മീർ മുതൽ തിരുവനന്തപുരം വരെയുള്ള ജവഹർ നവോദയ വിദ്യാലയങ്ങളിൽ പല വർഷങ്ങളിൽ പഠിച്ചിറങ്ങിയ 150 പേരും അവരുടെ കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു. പഠിച്ചിറങ്ങിയ ശേഷം കാണാൻ സാധിക്കാതിരുന്ന സഹപാഠികളെ തിരക്കി എത്തിയവരും ഏറെ. വിവിധ വർഷങ്ങളിലായി പഠിച്ചവരും പരസ്പരം പരിചയപ്പെടുത്തി പരിപാടിയിൽ അണിചേർന്നു.
ഗ്രാമീണമേഖലയിലെ മിടുക്കരായ വിദ്യാർഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ 1986ലാണ് ജില്ല തോറും ജവഹർ നവോദയ വിദ്യാലയങ്ങൾ ആരംഭിച്ചത്. നവോദയ വിദ്യാലയ സമിതി ജോയിന്റ് കമ്മിഷണർ (അക്കാദമിക്സ്) ഗ്യാനേന്ദ്ര, സീനിയർ ജഡ്‌ജിയും രാജസ്ഥാൻ നവോദയ പൂർവ വിദ്യാർഥിയുമായ ബ്രിജ്‌പാൽ സിങ് ചരൺ എന്നിവർ മുഖ്യാതിഥികളായി. സിജു കുര്യൻ പത്തനംതിട്ട, ഷേഖ് ലിയാഖത് അലി (ഒഡീഷ), മനോജ് (ഉത്തർപ്രദേശ്) എന്നിവർ പ്രസംഗിച്ചു.