ADVERTISEMENT

റിയാദ് ∙ വധശിക്ഷ കാത്ത് കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിന്‍റെ മോചനത്തിനായി രംഗത്തിറങ്ങാന്‍ റിയാദിലെ പ്രവാസി സമൂഹം.  ബത്ഹയിലെ അപ്പോളോ ഡി പാലസില്‍ ചേര്‍ന്ന ജനകീയ സമിതി യോഗത്തില്‍ സമിതി ചെയര്‍മാന്‍ സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നജാത്തി നിയമ വിഷയങ്ങളിലുള്ള സംശയങ്ങള്‍ക്ക് ഉത്തരം നല്‍കി. അഷ്‌റഫ് വേങ്ങാട്ട്  കേസിന്‍റെയും നിയമ നടപടികളുടെയും വിശദാംശങ്ങള്‍ നല്‍കി. എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ്, ലോക കേരള സഭ അംഗങ്ങളായ കെ പി എം സാദിക്ക് വാഴക്കാട്, ഇബ്രാഹിം സുബ്ഹാന്‍ എന്നിവരും സമിതി അംഗങ്ങളായ  സിദ്ദീഖ് തുവ്വൂര്‍, നവാസ് വെള്ളിമാട്കുന്ന്, അര്‍ഷാദ് ഫറോക്ക്, മൊഹിയുദീന്‍,  കുഞ്ഞോയി കോടമ്പുഴ കൂടാതെ വിവിധ റിയാദിലെ മലയാളി സമൂഹത്തിനിടയില്‍ വിവിധ തലങ്ങളില്‍ പെട്ട നേതാക്കളും സംഘടനാ പ്രതിനിധികളും സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും വൈസ് ചെയര്‍മാന്‍ മുനീബ് പാഴൂര്‍ നന്ദിയും പറഞ്ഞു.

ദയാധനം നല്‍കി മോചിപ്പിക്കാനുള്ള കുടുംബത്തിന്‍റെയും നാട്ടിലെ സര്‍വകക്ഷിയുടെയും ശ്രമത്തിന് കരുത്ത് പകരാന്‍ റിയാദിലെ റഹീം നിയമ സഹായ സമിതിയുടെ യോഗത്തില്‍ തീരുമാനമായി. ദയാധനം നല്‍കിയാല്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി മോചനം നല്‍കാമെന്ന് സൗദി പൗരന്‍റെ കുടുംബം ഇന്ത്യന്‍ എംബസിയെ രേഖാമൂലം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഫണ്ട് സമാഹരണത്തിന് റഹീമിന്‍റെ കുടുംബത്തിന് പിന്തുണ നല്‍കാന്‍  സര്‍വകക്ഷി യോഗം തീരുമാനിച്ചത്.

പതിനഞ്ച് മില്യൻ റിയാലാണ്  (മുപ്പത്തിമൂന്ന് കോടിയിലധികം രൂപ) ദയാധനമായി നല്‍കേണ്ടത്. നേരത്തെ കേസില്‍ കോടതി വിധിയില്‍ മാത്രം ഉറച്ചുനിന്നിരുന്ന സൗദി കുടുംബം ഇന്ത്യന്‍ എംബസിയുടെയും നാട്ടിലും റിയാദിലും  പ്രവര്‍ത്തിക്കുന്ന റഹീം നിയമസഹായ സമിതിയുടെയും നിരന്തരമായ സമ്മര്‍ദത്തിന്‍റെ ഫലമായാണ് വന്‍ തുക ആവശ്യപ്പെട്ടാണെങ്കിലും മാപ്പ് നല്‍കാന്‍ മുന്നോട്ട് വന്നത്.  

നാട്ടില്‍ നിയമ സഹായ സമിതിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. ആവശ്യമെങ്കില്‍ കൂടുതല്‍ വിവിധ ബാങ്കുകളില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. റിയാദില്‍ സൗദി കുടുംബത്തിന്‍റെ പേരില്‍ കോടതിയുടെ അനുമതിയോടെ അക്കൗണ്ട് ഉടന്‍ ആരംഭിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. വിവിധ ഭാഗങ്ങളില്‍ നാട്ടിലെ സമിതിയുടെ കീഴില്‍ പ്രത്യേക കോ ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കും. നാട്ടില്‍ റഹീം നിയമ സഹായ സമിതിയുടെ പേരില്‍ ഫണ്ട് സമാഹരണത്തിനായി പബ്ലിക്  ട്രസ്റ്റ് രൂപീകരിച്ചു. സമിതി ഭാരവാഹികളായ കെ സുരേഷ് കുമാര്‍, കെ കെ ആലിക്കുട്ടി, എം ഗിരീഷ്, ശമീം മുക്കം എന്നിവരാണ് ട്രസ്റ്റികള്‍. 

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മുഖ്യ രക്ഷാധികാരികളായിട്ടുള്ള നാട്ടിലെ ജനകീയ സമിതിയില്‍ എം.പിമാരായ എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി. അബ്ദുല്‍ സമദ് സമദാനി, എളമരം കരീം, പി.വി. അബ്ദുല്‍ വഹാബ്,  പി.കെ. കുഞ്ഞാലികുട്ടി എംഎൽഎ, ഡോ. എം.കെ. മുനീര്‍ എംഎൽഎ, മുനവ്വറലി ശിഹാബ് തങ്ങള്‍, എം.സി. മായിന്‍ ഹാജി, ഉമര്‍ പാണ്ടികശാല, വി.കെ.സി. മമ്മദ് കോയ, ബുഷ്‌റ റഫീഖ്, അഡ്വ. പി.എം. നിയാസ്, ശശി നാരങ്ങായില്‍, ഹുസൈന്‍ മടവൂര്‍, പി.സി. അഹമ്മദ്കുട്ടി ഹാജി, അഷ്‌റഫ് വേങ്ങാട്ട്  എന്നിവര്‍ രക്ഷാധികാരികളാണ്. കെ. സുരേഷ് ചെയര്‍മാനും കെ.കെ. ആലിക്കുട്ടി ജനറല്‍ കണ്‍വീനറും എം. ഗിരീഷ് ട്രഷററുമാണ്.

സൗദി പൗരന്‍റെ മകന്‍ അനസ് അല്‍ശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുറഹീമിനെ സൗദി കോടതി വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്. 2006 നവംബര്‍ 28ന് 26–ാം വയസ്സിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വീസയില്‍ റിയാദിലെത്തിയത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ശഹ്‌രിയുടെ മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. തലയ്ക്ക് താഴെ യാതൊരു ചലനശേഷിയുമില്ലാത്ത അവസ്ഥയിലായിരുന്നു  അനസ്. ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത് കഴുത്തില്‍ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. തന്‍റെ കഴിവിന്‍റെ പരമാവധി റഹീം അനസിനെ പരിചരിച്ചു.

2006 ഡിസംബര്‍ 24നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അനസിനെയും കൂട്ടി റഹീം വാനില്‍ റിയാദ് ശിഫയിലെ വീട്ടില്‍ നിന്ന് അസീസിയിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകവേ സുവൈദിയിലെ ട്രാഫിക് സിഗ്‌നലില്‍ പ്രകോപനമൊന്നുമില്ലാതെ അനസ് വഴക്കിട്ടു. ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്തു പോകാന്‍ അനസ് ബഹളം വെച്ചു. നിയമലംഘനം നടത്താനാവില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ അബ്ദുറഹീം വാഹനവുമായി അടുത്ത സിഗ്‌നലില്‍ എത്തിയപ്പോള്‍ അനസ് വീണ്ടും ബഹളം വെക്കാന്‍ തുടങ്ങി.

പിന്‍സീറ്റിലായിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ പിന്നോട്ട് തിരിഞ്ഞപ്പോള്‍ റഹീമിന്‍റെ മുഖത്തേക്ക് അനസ് പലതവണ തുപ്പി. തടയാനായി ശ്രമിച്ച അബ്ദുറഹീമിന്‍റെ കൈ അബദ്ധത്തില്‍ അനസിന്‍റെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടി. ഭക്ഷണവും വെള്ളവും നല്‍കാനായി ഘടിപ്പിച്ചിരുന്ന ഉപകരണത്തിലാണ് കൈ പതിച്ചത്. പിന്നീട് കുട്ടി ബോധരഹിതനാവുകയായിരുന്നു. പിന്നീട് യാത്ര തുടര്‍ന്ന റഹീം അനസിന്‍റെ ബഹളമൊന്നും കേള്‍ക്കാതെയായപ്പോള്‍ പന്തികേട് തോന്നി പരിശോധിച്ചപ്പോഴാണ് ചലനമറ്റ് കിടക്കുന്നതായി ബോധ്യപ്പെട്ടത്.

ഉടന്‍ മാതൃ സഹോദര പുത്രന്‍ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തി. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയ ഇരുവരും പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി റഹീമിനെയും നസീറിനെയും കസ്റ്റഡിയിലെടുത്തു. നസീര്‍ പത്ത് വര്‍ഷത്തിന് ശേഷം ജാമ്യത്തിലിറങ്ങി. റഹീം വധശിക്ഷ കാത്ത് അല്‍ഹായിര്‍ ജയിലിലാണ് കഴിയുന്നത്. വിവിധ ഘട്ടങ്ങളിലായി മൂന്നു പ്രാവശ്യം കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. ആ വിധി ഇപ്പോഴും നിലനില്‍ക്കുകയാണ്.

English Summary:

Expatriate in Riyadh to step up for AbduRaheem's release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com