ദോഹ മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു
Mail This Article
ദോഹ∙ പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പിന്‍റെ ഖത്തറിലെ 23-ാമത്തെ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. അബു ഹമൂറ ദോഹ മാളിൽ നടന്ന ചടങ്ങിൽ പ്രമുഖ ഖത്തർ വ്യവസായി അബ്ദുൽ അസീസ് മുഹമ്മദ് അൽ റബ്ബാൻ, ഷെയ്ഖ് അബ്ദുല്ല ബിൻ ഹസ്സൻ അൽ ഥാനി എന്നിവർ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ, പോളണ്ട്, ഇന്തോനീഷ്യ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാനപതിമാർ, കൊമേഴ്സ്യൽ ബാങ്ക് ഓഫ് ഖത്തർ സിഇഒ ജോസഫ് ഏബ്രഹാം, ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്, ലുലു ഖത്തർ റീജനൽ ഡയറക്ടർ എം.ഒ ഷൈജൻ എന്നിവരും സംബന്ധിച്ചു.
ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള ലുലു ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്താക്കൾക്കായി ഏറ്റവും മികച്ച ഷോപ്പിങ് അനുഭവമാണ് ലുലു ഒരുക്കിയിട്ടുള്ളത്. ഖത്തറിൽ രണ്ട് പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി തുറക്കുമെന്ന് യൂസഫലി പറഞ്ഞു. ഖത്തറിലെ പ്രവർത്തനങ്ങൽക്ക് ഭരണാധികാരികൾ നൽകുന്ന പിന്തുണക്ക് നന്ദി പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഖത്തറിലെ ഉപഭോക്താക്കൾക്കായി ലുലു ഒരുക്കുന്ന ലോയൽറ്റി പദ്ധതിക്കും തുടക്കം കുറിച്ചു. പദ്ധതിയിൽ പങ്കാളികളാകുന്ന ഉപഭോക്തക്കൾക്ക് ആകർഷകമായ വിലക്കിഴിവുകളും പോയന്‍റുകളും ഖത്തറിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ലഭിക്കും. സാധനങ്ങൾ വാങ്ങിക്കുമ്പോൾ ലഭിക്കുന്ന പോയന്‍റുകൾ ഉപയോഗിച്ച് ഷോപ്പിങ് ചെയ്യാനും സാധിക്കും. റമസാനോടനുബന്ധിച്ച് ആകർഷകങ്ങളായ പ്രത്യേക റമസാൻ കിറ്റുകളും മറ്റും ലുലു ഒരുക്കുന്നുണ്ട്.