പ്രവാസികൾക്ക് തിരിച്ചടി; ഇ – സ്കൂട്ടറിനു ദുബായ് മെട്രോയിലും ട്രാമിലും വിലക്ക്; ചെറിയ യാത്രകൾക്ക് ചെലവേറും
Mail This Article
ദുബായ് ∙ പ്രവാസികളുടെ സന്തത സഹചാരി ഇ – സ്കൂട്ടറിനു മെട്രോയിലും ട്രാമിലും വിലക്ക്. ട്രോളി ബാഗുപോലെ കൂടെ കൂടിയിരുന്ന ഇലക്ട്രിക് സ്കൂട്ടറുകളെ മെട്രോ സ്റ്റേഷനുകളിൽ പൂട്ടിവച്ചാണ് ഇന്നലെ പലരും ഓഫിസുകളിലേക്കു പോയത്.
രാത്രി വൈകി വന്ന തീരുമാനം ജനം അറിഞ്ഞത് രാവിലെ മെട്രോ സ്റ്റേഷനുകളിൽ എത്തിയപ്പോഴാണ്. ചിലർ സ്കൂട്ടറുമായി തിരികെ വീടുകളിലേക്കു മടങ്ങി. ഉപയോഗം കഴിഞ്ഞാൽ ഒടിച്ചുമടക്കി കൂടെ കൊണ്ടു നടക്കാമെന്നതിനാൽ എവിടെ പോയാലും പ്രവാസികൾക്കൊപ്പം ഇ– സ്കൂട്ടറും കാണും. മെട്രോ സ്റ്റേഷനിൽ നിന്ന് കുറഞ്ഞ ദൂരത്തേക്ക് ഇ സ്കൂട്ടറിനോടാണ് ടാക്സികളേക്കാൾ പ്രവാസികൾക്ക് പ്രിയം. സ്റ്റേഷനിൽനിന്ന് ദൂരെയുള്ള ഓഫിസിലേക്ക് എത്താൻ ടാക്സി വിളിക്കുകയോ നടക്കുകയോ വേണം. ഈ രണ്ടു സാഹചര്യങ്ങളെ ഒഴിവാക്കാൻ ഇ – സ്കൂട്ടറാണ് പ്രവാസികൾക്ക് കൂട്ടായിരുന്നത്. 1000 – 2000 ദിർഹത്തിന് ലഭിക്കുമെന്നതിനാൽ, സ്വന്തം വാഹനമില്ലാത്തവർ ഇ – സ്കൂട്ടറിനെയാണ് ആശ്രയിച്ചിരുന്നത്.
ആദ്യ ദിവസം മെട്രോ ജീവനക്കാർ ഇ– സ്കൂട്ടർ യാത്രക്കാരെ ബോധവത്കരിക്കുന്ന തിരക്കിലായിരുന്നു. സ്കൂട്ടർ നിരോധനം സംബന്ധിച്ച അറിയിപ്പ് കൃത്യമായ ഇടവേളകളിൽ സ്റ്റേഷനുകളിലെ ഉച്ചഭാഷിണിയിലൂടെയും എത്തുന്നുണ്ടായിരുന്നു.
യാത്രയ്ക്ക് കണ്ടെത്തണം അധിക തുക
ഫിലിപ്പീൻ സ്വദേശികളാണ് ഇ – സ്കൂട്ടർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്. കിഴക്കൻ ആഫ്രിക്കക്കാരാണ് രണ്ടാം സ്ഥാനത്ത്. മലയാളികളും ഉപയോഗിക്കുന്നുണ്ടെങ്കിലും ആദ്യ സ്ഥാനങ്ങളിലില്ല. പുതിയ തീരുമാനത്തോടെ പ്രവാസികളുടെ യാത്രാ ചെലവ് വർധിക്കും. വീട്ടിൽ നിന്ന് സ്റ്റേഷനിലേക്കും സ്റ്റേഷനിൽ നിന്ന് ഓഫിസിലേക്കുമുള്ള യാത്രയ്ക്ക് ഇ സ്കൂട്ടർ വഴി പണം ലാഭിച്ചവർക്ക് ഇനി അതിനും പണം കണ്ടെത്തണം.
ഇ –സ്കൂട്ടറുമായി വരുന്ന എല്ലാവർക്കും സ്റ്റേഷനുകളിൽ പാർക്കിങ് സൗകര്യം ഇല്ലാത്തതിനാൽ, വീട്ടിൽ തന്നെ വയ്ക്കേണ്ടി വരും. ഒരു തവണ ചാർജ് ചെയ്താൽ 40 –50 കിലോമീറ്റർ ദൂരം ഓടിക്കാം എന്നതിനാൽ, ചെറിയ യാത്രകളുടെ ചെലവ് ഇ സ്കൂട്ടറുകൾ കുറച്ചിരുന്നു. ഇനി, ഇതിനെല്ലാം പ്രവാസികൾ പണം കരുതണം. ഇ സ്കൂട്ടർ – മെട്രോ കോംബോ ഉപയോഗിക്കുന്ന ശരാശരി പ്രവാസിക്ക് പ്രതിമാസം 350 – 400 ദിർഹത്തിൽ യാത്രാ ചെലവ് പിടിച്ചു നിർത്താമായിരുന്നു. ഇനി അത് നടക്കില്ല. ടാക്സിക്ക് മിനിമം നിരക്ക് 15 ദിർഹം നൽകണം. അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയ്ക്ക് ദിവസവും 60 ദിർഹമെങ്കിലും ടാക്സിക്കു നൽകണം. അങ്ങനെ വന്നാൽ, ടാക്സി ചാർജ് മാസം 1500 ദിർഹത്തിന് മുകളിലാകും.