ചരിത്രം സൃഷ്ടിച്ച ബഹിരാകാശ ദൗത്യത്തിന് ഒന്നാം വാർഷികം
Mail This Article
ദുബായ് ∙ യുഎഇയുടെ ചരിത്രതാളുകളിൽ പുതിയ അധ്യായം എഴുതി ചേർത്ത ബഹിരാകാശ ദൗത്യത്തിന് ഒന്നാം വാർഷികം. യുഎഇ ബഹിരാകാശ സഞ്ചാരിയും മന്ത്രിയുമായ ഡോ. സുൽത്താൻ അൽ നെയാദി മൈക്രോ ഗ്രാവിറ്റിയിലെ തന്‍റെ അനുഭവം വാർഷികാഘോഷ വേളയിൽ അനുസ്മരിച്ചു. യുവജനകാര്യ സഹമന്ത്രിയായ ഡോ. അൽ നെയാദി ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം നടത്തിയാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിന് (ഐഎസ്എസ്) പുറത്ത് ബഹിരാകാശ നടത്തം നടത്തുന്ന ആദ്യ അറബിയായത്. ചരിത്രപരമായ ദൗത്യത്തിന്‍റെ തുടക്കത്തെ അനുസ്മരിക്കാൻ അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചു.
2023 മാർച്ച് 2 ന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററിൽ നിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിക്കുകയും അടുത്ത ദിവസം ബഹിരാകാശ നിലയത്തിലേക്ക് ഡോക്ക് ചെയ്യുകയും ചെയ്ത നാസയുടെ സ്‌പേസ് എക്‌സ് ക്രൂ-6 ദൗത്യത്തിന്‍റെ ഭാഗമായിരുന്നു ഡോ. അൽ നെയാദി. തന്‍റെ ആറ് മാസം നീണ്ടുനിന്ന ബഹിരാകാശ യാത്രയുടെ തുടക്കം അദ്ദേഹം ആഘോഷിച്ചപ്പോൾ രണ്ട് പുതിയ ബഹിരാകാശയാത്രികർ ഏതാനും ദിവസങ്ങൾക്കുള്ളിൽ ബിരുദം നേടാനൊരുങ്ങിയതോടെ ബഹിരാകാശത്തെ പര്യവേക്ഷണത്തിന്‍റെയും കണ്ടെത്തലിന്‍റെയും രാജ്യം നടന്നുകൊണ്ടിരിക്കുന്ന യാത്രയെ ഡോ.അൽ നെയാദി പ്രത്യേകം പരാമർശിച്ചു.
അതേസമയം, നാസയുടെ ബഹിരാകാശയാത്രികൻ കാൻഡിഡേറ്റ് ക്ലാസിൽ നിന്ന് നോറയും അൽ മുല്ലയും ബിരുദം നേടാൻ രണ്ട് ദിവസം മാത്രമാണ് അവേശഷിക്കുന്നത്. മാർച്ച് അഞ്ചിന് ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററിൽ നിന്ന് ബിരുദം നേടാനിരിക്കുന്ന എമിറാത്തി ബഹിരാകാശ സഞ്ചാരികളായ നോറ അൽ മത്രൂഷിയുടെയും മുഹമ്മദ് അൽ മുല്ലയുടെയും രണ്ടാം ബാച്ചിനെ പരാമർശിക്കുകയായിരുന്നു അദ്ദേഹം. റോക്കറ്റും ബഹിരാകാശത്തേക്ക് കുതിച്ച ബഹിരാകാശ പേടകവും എക്‌സ്‌പെഡിഷൻ 68 ക്രൂവിന്‍റെ ചിത്രവും, യുഎഇ ബഹിരാകാശയാത്രികരായ ഹസ്സ അൽ മൻസൂരി, അൽ മത്രൂഷി, അൽ മുല്ല എന്നിവരോടൊപ്പം ഒരു ഗ്രൂപ്പ് ഫോട്ടോയും അദ്ദേഹം പങ്കിട്ടു.