റമസാനിൽ യുഎഇയിലെ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരുടെയും പ്രതിദിന ജോലി സമയം കുറച്ചു
Mail This Article
അബുദാബി∙ റമസാനിൽ യുഎഇയിലെ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും പ്രതിദിനം രണ്ട് മണിക്കൂർ ജോലി സമയം കുറച്ചതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ജോലിയുടെ ആവശ്യകതകൾക്കും സ്വഭാവത്തിനും അനുസൃതമായി കമ്പനികൾക്ക് റമസാനിലെ ദൈനംദിന പ്രവൃത്തി സമയത്തിന്‍റെ പരിധിക്കുള്ളിൽ ഫ്ലെക്സിബിൾ അല്ലെങ്കിൽ റിമോട്ട് വർക്ക് (വിദൂര ജോലി) രീതികൾ പ്രയോഗിക്കാവുന്നതാണെന്ന് അധികൃതർ എക്സിലൂടെ അറിയിച്ചു. ഇന്ന് രാവിലെയാണ് യുഎഇ സർക്കാർ പൊതുമേഖലാ ജീവനക്കാർക്കുള്ള റമസാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചത്.
റമസാനിൽ ഫെഡറൽ ഗവൺമെന്‍റ് ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കും.
വെള്ളിയാഴ്ചകളിൽ വിദൂര ജോലിക്കും (റിമോട്ട് വർക്ക്) അനുമതി നൽകിയിട്ടുണ്ടെങ്കിലും ഒരേസമയം സ്ഥാപനത്തിലെ 70% പേർക്കു മാത്രമേ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താനാകൂവെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. ശേഷിച്ചവർ അടിയന്തര സേവനങ്ങൾക്കായി ഓഫിസിൽ എത്തേണ്ടിവരുമെന്നും സൂചിപ്പിച്ചു. രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും റമസാൻ ആശംസ നേരുകയും ചെയ്തു.