ജീവകാരുണ്യത്തിന് അമ്മയുടെ പേരിൽ സംഭാവന നൽകാം; അമ്മമാരെ ആദരിക്കുന്നതിനായി വേറിട്ട പദ്ധതിയുമായി യുഎഇ
Mail This Article
ദുബായ്∙ യുഎഇയിലെ അമ്മമാരെ ആദരിക്കുന്നതിനായി ഒരു ബില്യൻ ദിർഹത്തിന്‍റെ സുസ്ഥിര സഹായ ഫണ്ട് ശേഖരണം ലക്ഷ്യമിടുന്ന മദേഴ്‌സ് എൻഡോവ്‌മെന്‍റ് ക്യാംപെയ്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കം കുറിച്ചു. ലോകത്തെങ്ങുമുള്ള ദശലക്ഷക്കണക്കിന് വ്യക്തികളുടെ വിദ്യാഭ്യാസത്തിനും ഫണ്ട് സഹായം നൽകും.റമസാനോട് അനുബന്ധിച്ചാണ് ക്യാംപെയ്ൻ നടക്കുക. അമ്മമാരാണ് അവരുടെ കുട്ടികളുടെ ആദ്യ അധ്യാപകരെന്ന അടിസ്ഥാന വസ്തുതയിൽ നിന്നാണ് അവരെ ആദരിക്കുന്നത്.
∙ അമ്മമാരുടെ പേരിൽ സംഭാവന നൽകുക
യുഎഇയിലെ എല്ലാ അമ്മമാരുടെയും പേരിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു ജീവകാരുണ്യ പ്രവർത്തനത്തെയാണ് ഫണ്ട് പ്രതിനിധീകരിക്കുന്നത്. വ്യക്തികളോട് അവരുടെ അമ്മയുടെ പേരിൽ സംഭാവനകൾ നൽകാനാണ് ആവശ്യപ്പെടുക. വിദ്യാഭ്യാസപരവും തൊഴിലധിഷ്ഠിതവുമായ സംവിധാനങ്ങളെ പിന്തുണയ്‌ക്കുന്നതിലൂടെ അധഃസ്ഥിത സമൂഹങ്ങളിലെ വ്യക്തികളുടെ വിദ്യാഭ്യാസവും യോഗ്യതയും പിന്തുണയ്‌ക്കുക, ജീവിത നിലവാരം ഉയർത്തുന്നതിനുള്ള സുസ്ഥിര മാർഗങ്ങൾ വാഗ്ദാനം ചെയ്യുക, തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നതിന് അവരെ ശാക്തീകരിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. ഇത് അവരുടെ സമൂഹത്തിൽ സ്ഥിരത വർധിപ്പിക്കുന്നതിനും വികസനം നയിക്കുന്നതിനും സഹായിക്കുന്നു.
മാതാപിതാക്കളെ ബഹുമാനിക്കുക, ദയ, സമൂഹത്തിലെ ഐക്യദാർഢ്യം എന്നിവയുടെ മൂല്യങ്ങൾ ക്യാംപെയ്ൻ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ അവരുടെ കുടുംബങ്ങളെ പോഷിപ്പിക്കുകയും കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന യുഎഇ അമ്മമാരുടെ പങ്ക് എടുത്തുകാണിക്കുന്നു. ലോകത്തെങ്ങുമുള്ള നിരാലംബരായ ജനങ്ങൾക്ക് വിദ്യാഭ്യാസവും ശാക്തീകരണ അവസരങ്ങളും സൃഷ്ടിക്കുന്ന ഒരു സുസ്ഥിരമായ എൻഡോവ്‌മെന്‍റ് സ്ഥാപിക്കുന്നതിലൂടെ ജീവകാരുണ്യ, മാനുഷിക പ്രവർത്തന മേഖലകളിൽ യുഎഇയുടെ നിലപാട് കൂടുതൽ ഉറപ്പിക്കുന്നു.
∙ അമ്മ സ്വർഗത്തിന്‍റെ പര്യായമാണ്: ഷെയ്ഖ് മുഹമ്മദ്
‘‘എന്‍റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, വിശുദ്ധ റമസാൻ അടുക്കുന്നു. എല്ലാ വർഷവും യുഎഇയിലെ ജനങ്ങളിൽ നിന്ന് ലോകത്തെങ്ങുമുള്ള മനുഷ്യർക്കായി ക്യാംപെയ്ൻ ആരംഭിക്കുന്ന പാരമ്പര്യം പോലെ പുതിയൊരു ക്യാംപെയ്ൻ ഇന്ന് ഞങ്ങൾ ആരംഭിക്കുന്നു. മദേഴ്‌സ് എൻഡോവ്‌മെന്‍റ്; 1 ബില്യൻ ദിർഹം മൂല്യമുള്ള വിദ്യാഭ്യാസ എൻഡോവ്‌മെന്‍റ് ഫണ്ട്. ഇത് യുഎഇയിലെ എല്ലാ അമ്മമാരുടെയും പേരിൽ നടക്കുന്ന ഒരു ജീവകാരുണ്യ പ്രവർത്തനമാകുന്നു. അമ്മ സ്വർഗത്തിന്‍റെ പര്യായമാണ്, അവരുടെ സംതൃപ്തിയാണ് സ്വർഗത്തിലേയ്ക്കുള്ള പാത. ഈ എൻഡോവ്‌മെന്‍റിന്‍റെ ഭാഗമാകാൻ ഞങ്ങൾ എല്ലാവരോടും– ചെറുപ്പക്കാർ, പ്രായമായവർ, പുരുഷന്മാര്‍, സ്ത്രീകൾ എന്നിവരോടെല്ലാം- അഭ്യർത്ഥിക്കുന്നു. നമുക്ക് നമ്മുടെ അമ്മമാരെ സന്തോഷിപ്പിക്കാം, നമ്മുടെ സ്രഷ്ടാവിനെ പ്രസാദിപ്പിക്കാം, അനുഗ്രഹങ്ങൾക്കും സ്നേഹത്തിനും ദയക്കും ഇടയിൽ ഈ റമസാൻ വ്രതം അനുഷ്ഠിക്കാം. അമ്മമാരെ ദൈവം സംരക്ഷിക്കട്ടെ.
എല്ലായിടത്തും ആളുകൾക്ക് വിദ്യാഭ്യാസവും പ്രതീക്ഷയും ജീവിതവും ഉണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുക എന്നതാണ് യുഎഇയിലെ നമ്മുടെ പങ്ക്. ലോകത്തെങ്ങും ഒരു നല്ല ഭാവി സൃഷ്ടിക്കുന്നതിന് നാം സംഭാവന നൽകണം. വിദ്യാഭ്യാസ പിന്തുണയ്‌ക്കായുള്ള മദേഴ്‌സ് എൻഡോവ്‌മെന്‍റ് ക്യാംപെയ്ൻ എമിറാത്തി സമൂഹത്തിൽ ആഴത്തിൽ പകർന്നുനൽകിയ ഐക്യദാർഢ്യത്തിന്‍റെ മഹത്തായ മൂല്യം ഉൾക്കൊള്ളുന്നു. ഇത് യുഎഇയുടെ ദാന സംസ്‌കാരത്തിന്‍റെ പ്രായോഗിക പ്രയോഗവുമാണ്. ’’ – ക്യാംപെയ്ന് തുടക്കമിട്ട് എക്‌സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിൽ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു:
വിദ്യാഭ്യാസ പിന്തുണയ്‌ക്കായുള്ള മദേഴ്‌സ് എൻഡോവ്‌മെന്‍റ് ക്യാംപെയ്ൻ സുസ്ഥിരമായ ദാനത്തിനും ഔദാര്യത്തിനും വേണ്ടിയുള്ള ഷെയ്ഖ് മുഹമ്മദിന്‍റെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതായി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് (എംബിആർജിഐ) സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി പറഞ്ഞു. ഫണ്ട് ശേഖരണത്തിന്‍റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തും.
∙ മുൻ റമസാനുകളിലെ സദുദ്യമങ്ങൾ
കഴിഞ്ഞ നാല് വർഷമായി ഷെയ്ഖ് മുഹമ്മദിന്‍റെ നിർദ്ദേശപ്രകാരം ആരംഭിച്ച മുൻ റമസാൻ ക്യാംപെയ്നുകളുടെ വിജയത്തെ അടിസ്ഥാനമാക്കിയാണ് ഇപ്രാവശ്യത്തെ ക്യാംപെയ്ൻ ആസൂത്രണം ചെയ്തിട്ടുള്ളത്. 2020 ലെ '10 മില്യൻ മീൽസ്' ക്യാംപെയ്ൻ കോവിഡ് കാലത്ത് വലിയ ആശ്വാസമായിരുന്നു. 2021-ലെ '100 മില്യൻ മീൽസ്' ക്യാംപെയ്നും ആഫ്രിക്കയിലും ഏഷ്യയിലും ഉടനീളമുള്ള 20 രാജ്യങ്ങളിലേയ്ക്കു വ്യാപിപ്പിച്ചു, കൂടാതെ 2022 ലെ '1 ബില്യൻ മീൽസ്' ക്യാംപെയ്നും ലോകത്തെങ്ങുമുള്ള 50 രാജ്യങ്ങളിൽ ഭക്ഷണം വിതരണം ചെയ്തു. 2023 റമസാനിൽ '1 ബില്യൻ മീൽസ് എൻഡോവ്‌മെന്‍റ്' സംരംഭം ആരംഭിച്ചു. ഇത് ഏറ്റവും വലിയ സുസ്ഥിര ഭക്ഷ്യ സഹായ എൻഡോവ്‌മെന്‍റ് ഫണ്ട് സ്ഥാപിക്കാൻ സഹായകമായി.