ആഡംബര കാറിലേക്ക് നടക്കുന്നതിനിടെ പിടിയിലായ യാചക; ഡിജിറ്റലാകുന്ന ഭിക്ഷാടനം
Mail This Article
ഷാർജ∙ യുഎഇയിൽ ഭിക്ഷാടന മാഫിയകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭിക്ഷാടനത്തിനായി പ്രതിമാസ വേതനം വാഗ്ദാനം ചെയ്ത് ആളുകളെ എത്തിക്കുന്ന സംഘങ്ങൾ യുഎഇയിൽ പ്രവർത്തിക്കുന്നതായി ഷാർജ പൊലീസ് അറിയിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടെ 1701 യാചകരെയാണ് ദുബായ് പൊലീസ് പിടികൂടിയത്. 2023ൽ മാത്രം ഏകദേശം 500 ഭിക്ഷാടകർ അറസ്റ്റിലായി.
അബുദാബിയിൽ പള്ളിക്കു മുന്നിൽ ഭിക്ഷ യാചിക്കുന്ന ഒരു സ്ത്രീ ആയിരക്കണക്കിനു ദിർഹമാണ് സമ്പാദിച്ചിരുന്നത്. ഇവരെ പൊലീസ് പിടികൂടിയത് സ്വന്തം 'ആഡംബര കാറിലേക്ക്' നടക്കുന്നതിനിടയിലാണ്. ഭിക്ഷാടനത്തിലൂടെ മാത്രം 60,000 ദിർഹവും 30,000 ദിർഹവും വീതം സമ്പാദിച്ച രണ്ട് സ്ത്രീകളെ സമീപകാലത്താണ് ദുബായ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പിടിയിലായ ഭിക്ഷാടകരിൽ 99 ശതമാനവും ഭിക്ഷാടനം ഒരു 'പ്രഫഷനായി' കണക്കാക്കുന്നതായി ദുബായ് പൊലീസ് പറഞ്ഞു. വിശുദ്ധ റമസാൻ മാസത്തിന് മുന്നോടിയായി പൊലീസ് ഭിക്ഷാടന വിരുദ്ധ ക്യാംപെയ്ൻ ആരംഭിച്ച സാഹചര്യത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പുണ്യമാസത്തിൽ യാചകർ പള്ളികളിലും മാർക്കറ്റുകളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും പതിവായി ഭിക്ഷ തേടാറുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റുചിലർ അപ്പാർട്ട്മെന്‍റുകളിലും വില്ലകളിലും ഭിക്ഷാടനം നടത്താറുണ്ട്. പക്ഷേ ഭിക്ഷാടനത്തിന് ഒരു 'ആധുനിക' സ്വഭാവം ഇപ്പോഴുണ്ടെന്ന് പൊലീസ് അറിയിച്ചു. യുദ്ധങ്ങളും അശാന്തിയും അനുഭവിക്കുന്ന രാജ്യങ്ങളിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെയും പരുക്കേറ്റവരെയും സഹായിക്കാൻ പണം സംഭാവന ചെയ്യാൻ സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടാണ് ‘ഡിജിറ്റൽ ഭിക്ഷാടനം’. ഈ സന്ദേശങ്ങളിൽ പലപ്പോഴും ബാങ്ക് അക്കൗണ്ട് നമ്പറുകളും വ്യാജ സംഭാവനാ പേജുകളിലേക്കുള്ള ലിങ്കുകളും ഉൾപ്പെടുന്നു. വ്യക്തികളെ കബളിപ്പിച്ച് പണം കൈക്കലാക്കുക ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് പൊലീസ് അറിയിച്ചു
യുഎഇയിൽ ഭിക്ഷാടനം നടത്തുന്നത് 5,000 ദിർഹം പിഴയും മൂന്ന് മാസത്തെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ഭിക്ഷാടന സംഘമുണ്ടാക്കുകയോ അതിനായി രാജ്യത്തിനു പുറത്ത് നിന്ന് ആളുകളെ എത്തിക്കുകയോ ചെയ്യുന്നവർക്ക് ആറു മാസം തടവും 100,000 ദിർഹം പിഴയും ലഭിക്കും. അനുമതിയില്ലാതെ ഫണ്ട് സ്വരൂപിക്കുന്നത് 500,000 ദിർഹം വരെ പിഴ ചുമത്തും.
സംശയാസ്പദമായ പ്രവർത്തനങ്ങളെയും വ്യക്തികളെയും പറ്റി പൊലീസിനെ അറിയിക്കണമെന്നും അധികൃതർ അറിയിക്കുന്നു. യുഎഇ സർക്കാരിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, എമിറേറ്റുകളിൽ ഉടനീളം വിളിക്കാവുന്ന നമ്പരുകൾ ഇവയാണ്:
അബുദാബി: 999 അല്ലെങ്കിൽ 8002626
ദുബായ്: 901, 800243 അല്ലെങ്കിൽ 8004888
ഷാർജ: 901, 06-5632222 അല്ലെങ്കിൽ 06-5631111
റാസൽഖൈമ: 07-2053372
അജ്മാൻ: 06-7034310
ഉമ്മുൽ ഖുവൈൻ: 999
ഫുജൈറ: 09-2051100 അല്ലെങ്കിൽ 09-2224411