യുഎഇയിൽ കനത്ത മഴ തുടരുന്നു; ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെയുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടു
Mail This Article
ദുബായ്∙ കനത്ത മഴ കാരണം ദുബായ്ക്കും ഷാർജയ്ക്കും ഇടയിലുള്ള ഇന്‍റർസിറ്റി ബസ് സർവീസ് (റൂട്ട് ഇ–315) ഇന്ന് രാവിലെ നിർത്തിവച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. അതേസമയം, മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഷാർജയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെയുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടതായും അറിയിച്ചു. ട്രിപൊളി സ്ട്രീറ്റ് വഴി എമിറേറ്റ്സ് റോഡിലൂടെ പോകാനാണ് ഡ്രൈവർമാരോട് നിർദേശിക്കുന്നത്. മഴയും വെള്ളപ്പൊക്കവും ഇടിമിന്നലും യുഎഇയിൽ തുടരുന്നു. വരാനിരിക്കുന്ന കഠിനമായ കാലാവസ്ഥയിൽ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അബുദാബിയിലും ദുബായിലും ഇടയ്ക്ക് ശക്തമായ മഴ പെയ്യുമ്പോൾ മറ്റു പല എമിറേറ്റുകളിലും മുഴുസമയം കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ദുബായിൽ മൂടിക്കെട്ടിയ ആകാശം കാണപ്പെടുന്നു. ഷാർജ, അജ്മാൻ, എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുന്നതായി അധികൃതർ അറിയിച്ചു. റാസൽ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ ചില പ്രദേശങ്ങളിൽ ഇടിയും മിന്നലുമുണ്ട്. മിക്കയിടത്തും ഗതാഗതം സ്തംഭിച്ച അവസ്ഥയിലുമാണ്.
വാരാന്ത്യ അവധി ദിനമായതിനാൽ ആളുകളും വാഹനങ്ങളും വളരെ കുറച്ച് മാത്രമേ നിരത്തിലിറങ്ങുന്നുള്ളൂ. അധികൃതരുടെ നിർദേശപ്രകാരം സ്വകാര്യ കമ്പനി ജീവനക്കാരിൽ നല്ലൊരു ശതമാനവും താമസ സ്ഥലങ്ങളിലിരുന്നാണ് ജോലി ചെയ്യുന്നത്.