ദോഹയിലെ താരനിശ റദ്ദാക്കിയതിന് കാരണം പണമിടപാട് തർക്കം; വാടക കൊടുത്തില്ല, ഗേറ്റ് തുറക്കാതെ സ്റ്റേഡിയം അധികൃതർ
Mail This Article
ദോഹ ∙ മലയാള സിനിമാ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ദോഹയിൽ നടക്കേണ്ടിയിരുന്ന താരനിശ അവസാന നിമിഷം റദ്ദാക്കി. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ നൂറോളം നടീനടന്മാർ വ്യാഴാഴ്ച എത്തി റിഹേഴ്സൽ പൂർത്തിയാക്കി സ്റ്റേഡിയത്തിലേക്കു തിരിക്കുന്നതിനു തൊട്ടുമുൻപാണ് അറിയിപ്പ് എത്തിയത്. സ്റ്റേജ്, ശബ്ദ സംവിധാനം എന്നിവ ഒരുക്കിയെങ്കിലും സ്റ്റേഡിയത്തിന്റെ വാടക പൂർണമായി കൊടുക്കാത്തതിനാൽ ഗേറ്റ് തുറന്നു കൊടുത്തില്ല.
പൊലീസ് എത്തിയാണ് കാണികളെ പിരിച്ചുവിട്ടത്. പണമിടപാട് തർക്കങ്ങളാണ് ചടങ്ങ് മുടങ്ങാൻ കാരണമായത്. സാങ്കേതിക കാരണങ്ങളാൽ ചടങ്ങ് റദ്ദാക്കിയെന്നും ടിക്കറ്റ് എടുത്തവർക്ക് പണം തിരിച്ചു നൽകുമെന്നും ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ‘91’ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. നാദിർഷ, ഇടവേള ബാബു, രഞ്ജിത് എന്നിവരായിരുന്നു ഷോ ഡയറക്ടർമാർ. അപ്രതീക്ഷിത സാഹചര്യത്തിലാണ് ഷോ ഉപേക്ഷിച്ചതെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോ. പ്രസിഡന്റ് ആന്റോ ജോസഫ് പറഞ്ഞു.
മോളിവുഡ് മാജിക് എന്ന പേരിലുള്ള പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുൻപാണ് റദ്ദാക്കിയത്. തുടക്കം മുതലേ സ്റ്റേജ് ഷോയ്ക്ക് പ്രതിസന്ധികള്‍ ഉണ്ടായിരുന്നുവെന്നാണ് ഷോയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഖത്തറിലെ ഫിഫ ലോക കപ്പ് ഫുട്‌ബോളിന്‍റെ വേദികളില്‍ ഒന്നായിരുന്ന, സ്റ്റേഡിയം 974 ൽ ആയിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. നേരത്തെ, 2023 നവംബര്‍ 17 ന് ദോഹയില്‍ ഷോ നടത്തുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ അന്നും ഷോ മാറ്റിവയ്ക്കുകയായിരുന്നു.
മമ്മൂട്ടിയേയും മോഹൻലാലിനെയും കൂടാതെ, പൃഥ്വിരാജ്, ദിലീപ്, ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അർജുൻ അശോകൻ, ഇന്ദ്രജിത്, നിഖില വിമൽ, ഹണി റോസ്, മല്ലിക സുകുമാരൻ, ശ്വേതാ മേനോൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, ധര്‍മജൻ ബോൾഗാട്ടി, സ്വാസിക തുടങ്ങിയ വൻ താര നിര പരിപാടിയുടെ റിഹേഴ്സലിനായി ദിവസങ്ങൾ ചെലവഴിച്ചിരുന്നു. നാദിർഷ, ഇടവേള ബാബു, രഞ്ജിത് എന്നിവരായിരുന്നു ഷോ അണിയിച്ചൊരുക്കിയത്.