അൽഐനിൽ മഴ, പാർക്കിങ്ങിനായി നെട്ടോട്ടം; ബിഎപിഎസ് ക്ഷേത്രത്തിൽ പ്രവേശനമില്ല
Mail This Article
ദുബായ് ∙ കനത്ത മഴ നേരിടാനുള്ള മുന്നൊരുക്കത്തിലായിരുന്നു ഇന്നലെ രാജ്യം. കാലാവസ്ഥ പ്രവചനം പോലെ രാത്രിയോടെ അൽ ഐനിൽ മഴ പെയ്തു തുടങ്ങി. മഴയ്ക്കു മുന്നോടിയായി, പ്രദേശവാസികളെയും വാഹനങ്ങളെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ബേസ്മെന്റ് പാർക്കിങ്ങുകൾക്കായി ഇന്നലെ പലരും നെട്ടോട്ടമോടി. വാഹനങ്ങൾ പാർക്ക് ചെയ്യാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിവന്നു.
അൽഐനിലാണ് ആളുകൾ ഏറ്റവും കൂടുതൽ മുൻകരുതൽ എടുത്തത്. കഴിഞ്ഞ മാസം ആലിപ്പഴം വീണ് നൂറു കണക്കിനു വാഹനങ്ങൾക്ക് കേടായിരുന്നു. മഴ പെയ്തു തുടങ്ങിയെങ്കിലും ഇതുവരെ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. സർക്കാർ തലത്തിൽ വൻ ഒരുക്കങ്ങളാണ് നടത്തിയത്. അസ്ഥിര കാലവാസ്ഥാ മുന്നറിയിപ്പ് ഇന്നലെ എല്ലാ മുസ്‌ലിം ദേവാലയങ്ങളിലും മുഴങ്ങി. ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശ പ്രകാരമാണ് പള്ളികളിൽ കാലാവസ്ഥ മുന്നറിയിപ്പ് വായിച്ചത്. താഴ്‌വാരങ്ങൾ, മലനിരകൾ, മരുഭൂമി എന്നിവിടങ്ങളിലേക്കുള്ള സവാരിക്കു നിയന്ത്രണം ഏർപ്പെടുത്തി. വിനോദ സഞ്ചാര കമ്പനികളുടെ ഇന്നത്തെ ഡെസെർട്ട് സഫാരികളെല്ലാം റദ്ദാക്കി.
രാത്രി യാത്ര ഒഴിവാക്കണമെന്നു ജനങ്ങൾക്കു പ്രത്യേക നിർദേശമുണ്ട്. അടിയന്തര സാഹചര്യമല്ലെങ്കിൽ വാഹന യാത്ര ഒഴിവാക്കണം. മൂടൽ മഞ്ഞും കാറ്റും കാഴ്ച മറയ്ക്കും. ഇന്ന് അർധരാത്രിയോടെ സ്ഥിതിഗതികളിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. നാളെ ഉച്ചയോടെ അന്തരീക്ഷം തെളിയുമെന്നു കാലാവസ്ഥ നിരീക്ഷണം കേന്ദ്രം അറിയിച്ചു.
∙ ബീച്ചുകളും പാർക്കുകളും മാർക്കറ്റുകളും അടയ്ക്കും
ദുബായ് ∙ അസ്ഥിര കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് ദുബായിലെ എല്ലാ ബീച്ചുകളും പാർക്കുകളും മാർക്കറ്റുകളും അടയ്ക്കും. ബീച്ചുകളിൽ ഇന്നലെ രാത്രി മുതൽ നിയന്ത്രണം നിലവിൽ വന്നു. പാർക്കുകളും മാർക്കറ്റുകളും ഇന്ന് അടയ്ക്കും. അബുദാബിയിലും ഷാർജയിലും സമാന നിയന്ത്രണമുണ്ട്. ഇവിടെയും പാർക്കുകളും ബീച്ചുകളും അടയ്ക്കും.
∙ബിഎപിഎസ് ക്ഷേത്രത്തിൽ പ്രവേശനമില്ല
അസ്ഥിര കാലാവസ്ഥ മാറുന്നതുവരെ ഭക്തരോട് വീടുകളിൽ തന്നെ തുടരാൻ അഭ്യർഥിച്ച് ബിഎപിഎസ് ഹിന്ദു ക്ഷേത്ര കമ്മിറ്റി. വാരാന്ത്യ അവധിയായതിനാൽ ഇന്നും നാളെയും കൂടുതൽ ആളുകൾ ക്ഷേത്രത്തിൽ വരാനുള്ള സാഹചര്യം കണക്കിലെടുത്താണ് പ്രത്യേക മുന്നറിയിപ്പ് ഇറക്കിയത്. അടുത്ത ഏതാനും ദിവസങ്ങളിൽ ഈ നിയന്ത്രണം തുടരും. ഭക്തർ വീടുകളിൽ തന്നെ കഴിയണമെന്നും പ്രാർഥിക്കണമെന്നും അഭ്യർഥിച്ചു.