മഴ; ദുബായിൽ ജല ഗതാഗതം നിർത്തിവച്ചു, വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
Mail This Article
ദുബായ് ∙ മഴയിൽ യുഎഇയുടെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷം. വിമാന, ബസ്, ജലഗതാഗത സർവീസുകളെ മഴ തകിടം മറിച്ചു. വാഹനാപകടങ്ങൾ ഉണ്ടായെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ വിമാനങ്ങൾ റദ്ദാക്കുകയോ സമീപ വിമാനത്താളത്തിലേക്ക് തിരിച്ചുവിടുകയോ ചെയ്തു
∙വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
കനത്ത മഴ പെയ്ത് ദൂരക്കാഴ്ച കുറഞ്ഞതോടെ ദുബായിൽ രാവിലെ ഇറങ്ങേണ്ട ഏതാനും വിമാനങ്ങൾ അബുദാബി, മസ്കത്ത്, ഖത്തർ വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു. ഈ സമയത്ത് പുറപ്പെടേണ്ട വിമാനങ്ങൾ മണിക്കൂറുകളോളം വൈകി. അബുദാബിയിൽനിന്ന് പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന വിമാന സർവീസുകളെയും മഴ തടസ്സപ്പെടുത്തി.
∙ദുബായിൽ ജല ഗതാഗതം നിർത്തിവച്ചു
സുരക്ഷ കണക്കിലെടുത്ത് ദുബായിൽ ജല ഗതാഗതം താൽക്കാലികമായി നിർത്തിവച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. അബുദാബി, ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിൽ പാർക്കുകളും ഗ്ലോബൽ വില്ലേജ് ഉൾപ്പെടെ ഔട്ഡോർ വിനോദ കേന്ദ്രങ്ങളും അടച്ചിരുന്നു.
∙മഴ ആസ്വദിച്ച് ജനങ്ങൾ
നനഞ്ഞും വെള്ളത്തിൽ കളിച്ചും അപൂർവമായി കിട്ടുന്ന മഴ നിമിഷം ആഘോഷിച്ച് ജനങ്ങൾ. മുതിർന്നവർ കരയ്ക്ക് മാറിനിന്ന് ആസ്വദിച്ചപ്പോൾ കുട്ടികൾ മഴയത്തിറങ്ങി. വെള്ളത്തിൽ ഓടിച്ചാടി കളിച്ചും സൈക്കിൾ ഓടിച്ചും ബക്കറ്റിൽ വെള്ളം പിടിച്ച് തലയിലൂടെ ഒഴിച്ചുമാണ് കുട്ടികൾ മഴ ആഘോഷമാക്കിയത്.
∙വാഹനങ്ങൾ പണി മുടക്കി
റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങിയ ഒട്ടേറെ വാഹനങ്ങൾ പ്രവർത്തനരഹിതമായി. മണിക്കൂറുകൾ കാത്തിരുന്ന് റിക്കവറി വാഹനമെത്തിയാണ് ഇവ റോഡിൽനിന്ന് നീക്കിയത്. റോഡിൽ കുടുങ്ങിയ വാഹനങ്ങൾ മുതിർന്നവരും കുട്ടികളും ചേർന്ന് തള്ളി നീക്കുന്നതും കാണാമായിരുന്നു.
∙പുതപ്പിട്ടു മൂടി വാഹനങ്ങൾ
കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ പലരും കമ്പിളിയും കിടക്കയും പുതപ്പുമെല്ലാം വിരിച്ച് വാഹനങ്ങൾ മൂടി. ഫെബ്രുവരിയിൽ ആലിപ്പഴ വർഷത്തിൽ അൽഐനിൽ നൂറുകണക്കിന് വാഹനങ്ങൾ തകർന്ന പശ്ചാത്തലത്തിലായിരുന്നു ഈ മുൻകരുതൽ.
∙പരക്കെ കനത്ത മഴ
ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, ജബൽ അലി ഗ്രീൻസ്, അൽഫുർജാൻ, ദുബായ് സ്പോർട്സ് സിറ്റി, ഇന്റർനാഷനൽ സിറ്റി, ജുമൈറ, അൽഖുദ്റ, ബർദുബായ്, കരാമ, ജദ്ദാഫ്, അൽഖൈൽ റോഡ് എന്നീ പ്രദേശങ്ങളിലാണ് കനത്ത മഴ പെയ്തത്. ഷാർജയിലെ വാദി ഷീസ്, മലീഹ, അൽമജാസ്, അൽനഹ്ദ എന്നിവിടങ്ങളും കനത്ത മഴ പെയ്തു.
അബുദാബി നഗരത്തിനു പുറമെ മുസഫ, മുഹമ്മദ് ബിൻ സായിദ് സിറ്റി, ഖലീഫ സിറ്റി, മുഷ്റിഫ്, ബനിയാസ്, ഗയാത്തി, അൽദഫ്ര, അൽഐൻ എന്നിവിടങ്ങളിലും മഴ പെയ്തു.
∙കർമനിരതരായി ഉദ്യോഗസ്ഥർ
റോഡിലെ വെള്ളക്കെട്ട് പമ്പ് ചെയ്ത് നീക്കുന്ന ജോലി രാത്രി വൈകിയും തുടരുകയാണ്. കനത്ത കാറ്റിലും മഴയിലും കടപുഴകിയ മരങ്ങളും മറ്റും നഗരസഭാ അധികൃതർ നീക്കി.
∙ജാഗ്രതയോടെ ദുരന്ത നിവാരണ സേന
ഏതു അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ ദുരന്ത നിവാരണ സമിതിയും സജ്ജമായിരുന്നു. ഓരോ പ്രദേശങ്ങളിലും പൊലീസിനെയും ആംബുലൻസിനെയും വിന്യസിച്ചിരുന്നു. മലവെള്ളം കുത്തിയൊലിച്ച് റോഡിലൂടെ ഒഴുകുന്ന പ്രദേശങ്ങളിൽ റോഡിന് ഇരുവശത്തും ഗതാഗതം തടഞ്ഞാണ് സുരക്ഷ ഉറപ്പാക്കിയത്. റോഡിൽ കുടുങ്ങിയവരെ ലക്ഷ്യത്തിൽ എത്തിക്കാൻ ദുരന്ത നിവാരണ സേനയും പൊലീസും അഗ്നിശമന സേനയും സഹായിച്ചു. അനാവശ്യമായി റോഡിൽ ചുറ്റിക്കറങ്ങിയവരെ പൊലീസ് വീടുകളിലേക്ക് അയച്ചു.