ADVERTISEMENT

അബുദാബി/ദുബായ് ∙ ശക്തമായ കാറ്റിന്റെയും മിന്നലിന്റെയും അകമ്പടിയോടെ പെയ്ത മഴയിൽ യുഎഇയുടെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷം. വിമാന, ബസ്, ജലഗതാഗത സർവീസുകളെയും മഴ തകിടം മറിച്ചു. വാഹന ഗതാഗതവും മന്ദഗതിയിലാക്കി. മിക്ക റോഡുകളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഒട്ടേറെ വാഹനാപകടങ്ങൾ ഉണ്ടായെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ 13 വിമാനങ്ങൾ റദ്ദാക്കുകയോ സമീപ വിമാനത്താളത്തിലേക്ക് തിരിച്ചുവിടുകയോ ചെയ്തു. പുലർച്ചെ അബുദാബിയിൽനിന്ന് പുറപ്പെടേണ്ട വിമാനങ്ങളും വൈകിയാണ് സർവീസ് നടത്തിയത്.

വെള്ളിയാഴ്ച വൈകിട്ട് തുടങ്ങിയ മഴ ഇന്നലെ പകൽ മുഴുവൻ നിന്നു പെയ്തു. രാത്രിയോടെ ശക്തി കുറഞ്ഞ മഴ ഇന്ന് ഉച്ചയോടെ പൂർണമായും മാറുമെന്നാണ് പ്രതീക്ഷ. അതിനിടെ, അതി തീവ്ര മഴയുടെയും കാറ്റിന്റെയും പശ്ചാത്തലത്തിൽ രാജ്യമെമ്പാടും ഇന്നു വൈകിട്ട് നാലു വരെ യെല്ലോ, ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. രാപകൽ തുടർന്ന മഴയിൽ ദുബായിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. ഓഫിസുകളിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു.

ഇന്റർ സിറ്റി ബസ് റൂട്ടുകൾ ഓടിയില്ല. ഷാർജയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെയുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ, അബുദാബി എന്നീ എമിറേറ്റുകളിലും അതി തീവ്രമഴയാണ് പെയ്തത്. റാസൽഖൈമയിലും ഫുജൈറയിലും ഇടിമിന്നലുമുണ്ടായി. വാരാന്ത്യ അവധിയായതിനാൽ ഇന്നലെ ഭൂരിഭാഗം ജനങ്ങളും വീടുകളിൽ തന്നെ കഴിഞ്ഞു.

അൽഐനിലെ മുതാരിദ് ഡിസ്ട്രിക്ടിൽ പെയ്ത മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിൽ കുടുങ്ങിയ വാഹനങ്ങൾ.
അൽഐനിലെ മുതാരിദ് ഡിസ്ട്രിക്ടിൽ പെയ്ത മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിൽ കുടുങ്ങിയ വാഹനങ്ങൾ.

മഴ ആസ്വദിക്കാൻ ഫ്ലാറ്റുകളുടെ താഴെ ഇറങ്ങിയതോഴിച്ചാൽ, റോഡുകളിൽ ജനത്തിരക്ക് കുറവായിരുന്നു. റാസൽഖൈമയിൽ അണക്കെട്ട് നിറഞ്ഞൊഴുകിയതിനെ തുടർന്ന് വാദി ഷൗഖയിലേക്കുള്ള റോഡ് പൂർണമായും അടച്ചു. എമിറേറ്റ്സ് റോഡിലേക്കു പ്രവേശിക്കുന്ന ഇന്റർചേഞ്ചിൽ റോഡ് ഇടിഞ്ഞതിനാൽ ഈ പ്രദേശത്തേക്കുള്ള ഗതാഗതം താൽക്കാലികമായി തടഞ്ഞു.

കടൽത്തീരമല്ല, റോഡാണ്
കനത്ത‌ മഴയിൽ മുഹൈസിന വ്യവസായ മേഖലയിലെ പ്രധാന റോഡിലേക്കു വെള്ളം കയറിയപ്പോൾ. 
ചിത്രം: സാദിഖ് കാവിൽ
കനത്ത‌ മഴയിൽ മുഹൈസിന വ്യവസായ മേഖലയിലെ പ്രധാന റോഡിലേക്കു വെള്ളം കയറിയപ്പോൾ. ചിത്രം: സാദിഖ് കാവിൽ

മുൻകരുതൽ ഫലിച്ചു; അപകടങ്ങൾ കുറഞ്ഞു
കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് എല്ലാ എമിറേറ്റുകളിലും ജാഗ്രതാ നിർദേശം നൽകിയിരുന്നു. സുരക്ഷാ മുൻകരുതൽ സ്വീകരിച്ചത് അപകടം കുറച്ചു. അത്യാവശ്യത്തിനു മാത്രമാണ് ജനം പുറത്തിറങ്ങിയത്. വാഹനവുമായി റോഡിൽ ഇറങ്ങിയവർക്ക് മണിക്കൂറുകൾ എടുത്താണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്താനായത്.

English Summary:

Heavy Rain in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com