വിനോദകേന്ദ്രങ്ങളിൽ 40% ഇളവുമായി അബുദാബി പാസ്
Mail This Article
അബുദാബി ∙ വിനോദകേന്ദ്രങ്ങളിൽ 40% ഇളവ് ലഭിക്കുന്ന അബുദാബി പാസിന് തുടക്കം കുറിച്ചു. പാസ് ഉടമകൾക്ക് എമിറേറ്റിലെ തീം പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദ കേന്ദ്രങ്ങളിൽ കുറഞ്ഞ നിരക്കിൽ സന്ദർശിക്കാം. ഹോട്ടൽ താമസം, യാത്ര, സിംകാർഡ് തുടങ്ങി വിനോദസഞ്ചാരികൾക്ക് ആവശ്യമായ ഒട്ടുമിക്ക സേവനങ്ങൾക്കും ഇളവുണ്ട്. അബുദാബിയെ അറിയുക എന്ന പ്രമേയത്തിലുള്ള പദ്ധതി എലൈക്കുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. സ്മാർട്ട്, ക്ലാസിക്, എക്‌സ്‌പ്ലോറർ എന്നിങ്ങനെ 3 ഇനം പാക്കേജുകളിലായാണ് അബുദാബി പാസ് അനുവദിക്കുന്നത്.
ലോകപ്രശസ്ത മ്യൂസിയമായ ലൂവ്റ് അബുദാബി, ഖസർ അൽഹൊസൻ, സർക്യൂട്ട് എക്‌സിലെ ബിഎംഎക്‌സ് പാർക്, ഡെസെർട്ട് സഫാരി, യാസ് തീം പാർക്കുകൾ, സീ വേൾഡ് തുടങ്ങി കുറഞ്ഞ ചെലവിൽ വിവിധ കലാസാംസ്കാരിക, വിനോദ കേന്ദ്രങ്ങൾ അടുത്തറിയാൻ ഇവയിലൂടെ സാധിക്കും.
പാക്കേജ് 3 തരം
∙ 114 ദിർഹത്തിന്റെ സ്മാർട്ട് പാക്കേജ് പാസ് ഉപയോഗിച്ച് 7 കേന്ദ്രങ്ങളിൽ 30% ഇളവോടെ 3 തവണ വരെ സന്ദർശിക്കാം. ഹോട്ടൽ ബുക്കിങ്ങിന് 5% ആണ് ഇളവ്.
∙ 371 ദിർഹത്തിന്റെ ക്ലാസിക് പാക്കേജിൽ 16 കേന്ദ്രങ്ങളിൽ 35% ഇളവോടെ 6 തവണ വരെ സന്ദർശിക്കാം. ഹോട്ടൽ ബുക്കിങ്ങിന് 7% നിരക്കിളവ്.
∙ 488 ദിർഹത്തിന്റെ എക്‌സ്‌പ്ലോറർ പാക്കേജിൽ 19 കേന്ദ്രങ്ങളിൽ 40% ഇളവോടെ 10 തവണ വരെ സന്ദർശിക്കാം. ഇതിന് കാലയളവുണ്ട്. ഹോട്ടൽ ബുക്കിങ്ങിന് 10% ഇളവുണ്ട്.