ADVERTISEMENT

അബുദാബി/ദുബായ് ∙ മഴ കലിതുള്ളി പെയ്തൊഴിഞ്ഞതോടെ ജീവിതം സാധാരണനിലയിലേക്ക്. ജാഗ്രതാ നിർദേശം അവസാനിച്ചതായി ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. 

സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരും. ആവശ്യമായ നടപടികൾ ഉചിത സമയത്ത് എടുക്കുമെന്നും അറിയിച്ചു. ഇന്നലെ പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. റോഡുകളിലെ വെള്ളം നീങ്ങി. നാലു ദിവസംകൊണ്ട് യുഎഇയ്ക്ക് ലഭിച്ചത് 6 മാസത്തെ മഴ.  ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ഞായറാഴ്ച അബുദാബി ഖതം അൽ ഷഖ്‍ലയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്, 78 മില്ലിമീറ്റർ. ഫുജൈറയിലെ അൽ ഫാർഫറിൽ 77.4 മി.മീ, ദുബായിൽ 60 മി.മീ, അൽഐനിൽ 25.4 മി.മീ എന്നിങ്ങനെയാണ് മഴ പെയ്തത്.

Image Credit- Dubai Media Office
Image Credit- Dubai Media Office

യുഎഇയിൽ  വർഷത്തിൽ ശരാശരി 100 ​​മില്ലിമീറ്ററിൽ താഴെയാണ് മഴ ലഭിക്കാറുള്ളത്. ദുരന്ത നിവാരണ സേനയും അതതു എമിറേറ്റിലെ നഗരസഭകളുടെയും കഠിനശ്രമത്തിൽ പ്രധാന സ്ഥലങ്ങളിലെ വെള്ളക്കെട്ട് നീക്കം ചെയ്തിരുന്നു. ചില താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടെങ്കിലും ഗതാഗതത്തിനു തടസ്സമില്ല. കനത്ത മഴയും കാറ്റും ഇടിമിന്നലും ആലിപ്പഴ വർഷവുമുണ്ടാകുമെന്നും ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്നും നേരത്തെ നിർദേശം നൽകിയത് അപകടം കുറച്ചു. 

അൽഐനിലെ മുതാരിദ് ഡിസ്ട്രിക്ടിൽ പെയ്ത മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിൽ കുടുങ്ങിയ വാഹനങ്ങൾ.
അൽഐനിലെ മുതാരിദ് ഡിസ്ട്രിക്ടിൽ പെയ്ത മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിൽ കുടുങ്ങിയ വാഹനങ്ങൾ.

വിവിധ ആഘോഷ പരിപാടികളും റദ്ദാക്കിയിരുന്നു. ജാഗ്രതാ നിർദേശം അവസാനിച്ചതോടെ ശനിയാഴ്ച റദ്ദാക്കിയ വിമാന, ബസ്, ജല ഗതാഗത സേവനങ്ങളെല്ലാം പുനഃസ്ഥാപിച്ചു. ഇന്നലെ പതിവുപോലെ സർവീസ് നടത്തി. മലവെള്ളം കുത്തിയൊലിച്ചു കേടായ റോഡുകളിൽ അറ്റകുറ്റപ്പണി നടക്കുകയാണ്. 

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദുബായിൽ 2300 പേരടങ്ങുന്ന ദുരന്ത നിവാരണ സമിതി 24 മണിക്കൂറും പ്രവർത്തിച്ചു. ഗതാഗതം നിയന്ത്രിക്കുന്നതിനും സഹായം എത്തിക്കുന്നതിനും കൂടുതൽ ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയത് കെടുതി കുറച്ചു. 

uae-rain

മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്താണ് റോഡിലെ വെള്ളം നീക്കിയത്. ഷാർജയിൽ നൂറോളം പേരടങ്ങുന്ന ദുരന്ത നിവാരണ സമിതി 200 ടാങ്കറുകളിൽ വെള്ളം പമ്പ് ചെയ്താണ് വെള്ളക്കെട്ട് നീക്കിയത്.  എൻജിനിൽ വെള്ളം കയറി റോഡിൽ കുടുങ്ങിയ വാഹനങ്ങൾ നീക്കുന്നതിനും 20 വാഹനങ്ങൾ ഇടതടവില്ലാതെ പ്രവർത്തിച്ചു. 

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഒഴിപ്പിച്ച കുടുംബങ്ങൾ വെള്ളമൊഴിഞ്ഞതോടെ ഇന്നലെ വൈകിട്ട് വീടുകളിൽ തിരിച്ചെത്തി. ഇന്നു രാവിലെ മൂടൽ മഞ്ഞിന് സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇന്നു ദ്വീപുകളിലും തീരപ്രദേശങ്ങളിലും ആകാശം മേഘാവൃതമായിരിക്കും. ഇന്നു മുതൽ താപനിലയും ഉയരും.

ദുബായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ഓൺലൈൻ ക്ലാസ് 
മഴക്കെടുതികൾ നീക്കുന്നതിന്റെയും മുൻകരുതലിന്റെയും ഭാഗമായി ഇന്ന് ദുബായിലെ സ്വകാര്യ സ്കൂൾ, നഴ്സറി, കോളജ് എന്നിവയ്ക്ക് ഓൺലൈൻ ക്ലാസ് അനുവദിച്ചു. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) അറിയിച്ചതാണിത്. കനത്ത മഴയിൽ യുഎഇയുടെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉൾപ്പെടെ തടസ്സമുണ്ടായ സാഹചര്യത്തിലാണ് തീരുമാനം.

English Summary:

UAE Rain : Heavy rain in the UAE has ended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com