റമസാന്റെ സുകൃതത്തിൽ ഗൾഫിൽ ആദ്യ സമൂഹ നോമ്പുതുറ
Mail This Article
ദുബായ്/മക്ക/കുവൈത്ത് സിറ്റി/മനാമ/ ദോഹ/മസ്കത്ത് ∙ റമസാനിലെ ആദ്യ നോമ്പ് സ്നേഹമസൃണവും ഭക്തിസാന്ദ്രവുമായ നിമിഷങ്ങളിലൂടെ ഗൾഫിലെ വിശ്വാസികൾ പൂർത്തിയാക്കി.
യുഎഇയിലെയും സൗദിയിലെ മക്ക, മദീന എന്നിവിടങ്ങളിലെയും പള്ളികളില്‍ വൻ തിരക്കനുഭവപ്പെട്ടു. ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലെയും സമൂഹനോമ്പുതുറ ടെന്റുകളും നിറഞ്ഞുകവിഞ്ഞു.
വിവിധയിടങ്ങളിൽ സമൂഹനോമ്പുതുറയിൽ ഒട്ടേറെ പേർ പങ്കെടുത്തു. മിക്കയിടത്തും ഇഫ്താർ ടെന്റുകളും നിർമിച്ചിരുന്നു. കുടുംബങ്ങൾ ഒന്നിച്ച് നോമ്പു തുറന്നപ്പോൾ, ബാച് ലർമാരിൽ ചിലർ തങ്ങളുടെ താമസ സ്ഥലത്തും നോമ്പുതുറ ഗംഭീരമാക്കി.
പള്ളികളിലെ നോമ്പുതുറയ്ക്ക് പതിവുപോലെ അറബിക്, ഹൈദരബാദി ബിരിയാണി, ഹരീസ, ജ്യൂസ്, ഈന്തപ്പഴം, ലബൻ(മോര്), പഴം, ഓറഞ്ച്, ആപ്പിൾ തുടങ്ങിയ സഹിതം വിഭവസമൃദ്ധമായിരുന്നു. ഗ്രാമ പ്രദേശങ്ങളിൽ സ്വദേശി ഭവനങ്ങളിൽ നിന്നും വൈവിധ്യമാർന്ന ഭക്ഷണമെത്തി. ചില പള്ളിക്കാർ കാറ്ററിങ് സർവീസിനെയാണ് ആശ്രയിക്കുന്നത്.
ബാചിലർമാർ ഭൂരിഭാഗവും റമസാൻ മുഴുവൻ ഇത്തരത്തിലാണ് നോമ്പു തുറക്കാറ്. തുച്ഛ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സമൂഹ നോമ്പുതുറ നൽകുന്ന സഹായം കുറച്ചൊന്നുമല്ല. ഇഫ്താറിന് ശേഷം എല്ലാവരും ഒന്നിച്ച് മഗ് രിബ് പ്രാർഥന നടത്തി.