വിജ്ഞാന സൂചികയിൽ അറബ് രാജ്യങ്ങൾക്ക് നേട്ടം; ഒന്നാം സ്ഥാനത്ത് യുഎഇ
Mail This Article
അബുദാബി ∙ 2023ലെ ആഗോള വിജ്ഞാന സൂചികയിൽ അറബ് രാജ്യങ്ങളിൽ ഒന്നാമത് യുഎഇ. ഖത്തർ, സൗദി എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ‘വിജ്ഞാന നഗരങ്ങളും അഞ്ചാം വ്യാവസായിക വിപ്ലവവും’ എന്ന പ്രമേയത്തിൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന നോളജ് ഉച്ചകോടിയിലായിരുന്നു പ്രഖ്യാപനം.
യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാമുമായി (യുഎൻഡിപി) സഹകരിച്ച് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നോളജ് ഫൗണ്ടേഷൻ (എംബിആർഎഫ്) ആണ് സൂചിക പുറത്തുവിട്ടത്. 12 അറബ് രാജ്യങ്ങൾ ഉൾപ്പെടെ 133 രാജ്യങ്ങളെയാണ് പഠനവിധേയമാക്കിയത്. കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങൾ യഥാക്രമം 4, 5, 6 സ്ഥാനങ്ങൾ നേടി. തുനീസിയ, പലസ്തീൻ, ഈജിപ്ത്, മൊറോക്കോ എന്നീ രാജ്യങ്ങൾ 7 മുതൽ 10 വരെ സ്ഥാനത്തെത്തി.
നൂതന വിദ്യാഭ്യാസം, സംരംഭങ്ങൾ, മാനവവിഭവശേഷി, പരിശീലനം, മൊബൈൽ ബ്രോഡ്ബാൻഡ് സബ്സ്ക്രിപ്ഷൻ, അപ്‌ലോഡ്–ഡൗൺലോഡ് വേഗം തുടങ്ങിയ മേഖലകളിലെ മികവ് യുഎഇക്ക് മുതൽക്കൂട്ടായി. പ്രീ-യൂണിവേഴ്സിറ്റി, സാങ്കേതിക വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത പരിശീലനം, ഉന്നതവിദ്യാഭ്യാസം, ഐടി, ഗവേഷണം, വികസനം, ഇന്നവേഷൻ, സമ്പദ്‌വ്യവസ്ഥ എന്നിവയും പഠനവിധേയമാക്കി.