ADVERTISEMENT

ദുബായ് ∙ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ചരിത്രമെഴുതി ദുബായ്. ജനുവരിയിൽ മാത്രം ദുബായ് സന്ദർശിച്ചു മടങ്ങിയത് 17.7 ലക്ഷം സഞ്ചാരികൾ. മുൻവർഷത്തേക്കാൾ 21% വർധന. 2023 ജനുവരിയിൽ സന്ദർശകരുടെ എണ്ണം 14.7 ലക്ഷം ആയിരുന്നു. പടിഞ്ഞാറൻ യൂറോപ്പിൽ നിന്നാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയതെന്ന് സാമ്പത്തിക, വിനോദ സഞ്ചാര വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇവിടെ നിന്നു മാത്രം 3.27 ലക്ഷം പേർ ദുബായ് സന്ദർശിച്ചു. ആകെ സന്ദർശകരുടെ 18% വരുമിത്. ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരാണ് രണ്ടാം സ്ഥാനത്ത്. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് 3.11 ലക്ഷം സന്ദർശകരെത്തി. ഇന്ത്യൻ ഉൾപ്പെടുന്ന സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മൂന്നാം സ്ഥാനത്ത്– 2.94 ലക്ഷം പേർ. 

ആകെ സന്ദർശകരുടെ 17%. റഷ്യ ഉൾപ്പെടുന്ന കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ്, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് 2.62 ലക്ഷം പേരും മധ്യപൂർവ മേഖല, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് 2.11 ലക്ഷം പേരും എത്തി. വടക്കൻ, തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് 1.49 ലക്ഷം പേരും അമേരിക്കയിൽ നിന്ന് 1.15 ലക്ഷം പേരും ആഫ്രിക്കയിൽ നിന്ന് 71,000 പേരും ഓസ്ട്രേലിയയിൽ നിന്ന് 33,000 സന്ദർശകരുമെത്തി.

ഈ വർഷം ജനുവരിയോടെ ദുബായിലെ  823 ഹോട്ടലുകളിലായി ഒന്നര ലക്ഷത്തിലധികം ഹോട്ടൽ മുറികളും സജ്ജമായിരുന്നു. 2023 ജനുവരിയിൽ ഇത് 1.47 ലക്ഷവും ഹോട്ടലുകളുടെ എണ്ണം 809 ആയിരുന്നു. ഹോട്ടൽ മുറികളിൽ 83% സന്ദർശകരാൽ നിറഞ്ഞ മാസം കൂടിയായിരുന്നു ജനുവരി. വിനോദ സഞ്ചാരത്തിന്റെ മൂർധന്യത്തിൽ ദുബായിലെ ഹോട്ടൽ മുറികളുടെ ശരാശരി വാടക 643 ദിർഹമായിരുന്നു. മുൻ വർഷത്തേക്കാൾ 7% വർധന.

English Summary:

Dubai sees 21 percent jump in international tourists in January 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com