ADVERTISEMENT

കുവൈത്ത് സിറ്റി ∙ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ  രാജ്യാന്തര സമൂഹത്തിന്‍റെ  ശ്രമങ്ങൾ തുടരാനും ഇതിനായുള്ള നടപടികൾ ശക്തമാക്കാൻ അംഗരാജ്യങ്ങളോട്  നിർദേശിക്കാനും ഐക്യരാഷ്ട്രസഭയിൽ  ആവർത്തിച്ച് ആവശ്യം ഉന്നയിച്ച് കുവൈത്ത്.  ഐക്യരാഷ്ട്രസഭയിലെ  കുവൈത്തിന്‍റെ  സ്ഥിരം പ്രതിനിധി തലാൽ അൽ ഫസ്സം നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. യുഎൻ കമ്മീഷൻ ഓൺ നാർക്കോട്ടിക് ഡ്രഗ്‌സിന്‍റെ 67-ാമത് സെഷന്‍റെ ഉന്നതതല യോഗങ്ങൾക്ക് മുൻപായി നടത്തിയ പ്രസംഗത്തിലാണ് അദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിനുള്ള നിയമനിർമാണങ്ങളും, തന്ത്രങ്ങളും വർധിപ്പിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. ഈ യോഗത്തിൽ അംഗീകരിക്കുന്ന മന്ത്രിതല രേഖയ്ക്കും കർമപദ്ധതിക്കും കുവൈത്തിന്‍റെ  പിന്തുണ അദേഹം ഉറപ്പുനൽകി.

ലഹരിക്കെതിരെ പോരാടുന്നതിന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള മൂന്ന് രാജ്യാന്തര കരാറുകൾ പൂർണമായി പാലിക്കേണ്ടതിന്‍റെ  ആവശ്യകത അൽ-ഫസ്സം ഊന്നിപ്പറഞ്ഞു. മനുഷ്യാവകാശങ്ങളുടെ തത്വങ്ങൾക്ക് പുറമേ അംഗരാജ്യങ്ങളുടെ സാമൂഹിക, നിയമ, നീതിന്യായ വ്യവസ്ഥകൾ പരിഗണിക്കണമെന്നും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും അദേഹം പറഞ്ഞു. 2022-ൽ കുവൈത്ത്  ലഹരിമരുന്ന് പ്രതിരോധത്തിനായി ഒരു ഉന്നത കമ്മിറ്റി രൂപീകരിച്ചതായും ലഹരിക്ക്  അടിമകൾ ആകുന്നവരെ  ചികിത്സിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതായും അൽ-ഫസ്സം അറിയിച്ചു. ലഹരിമരുന്നിന്‍റെ  അപകടസാധ്യതകളെക്കുറിച്ചും അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കാനും അവയെ ചെറുക്കാനുമാണ് സമിതി ലക്ഷ്യമിടുന്നത്.

English Summary:

Kuwait Calls for Unifying Efforts to Combat Drugs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com